Tuesday 13 July 2010

കീഴടങ്ങല്‍

ഇതില്‍ പ്രതിപാദിക്കുന്നത് എന്റെ  കുട്ടിക്കാലമാണ്..സന്തോഷം നിറഞ്ഞ സംഭവബഹുലമായ ഒരു കുട്ടിക്കാലം ആയിരുന്നില്ല എന്റെത്.അന്ന് ഞാന്‍ വാശിയുടേയും ചട്ടമ്പിത്തരങ്ങളുടേയും മൂര്‍ത്തിമദ്ഭാവം ആയിരുന്നു.എനിക്ക് എന്നെത്തന്നെ ഇഷ്ട്മല്ലാതിരുന്ന കാലം.ഒറ്റപ്പെടലുകളെ കുറിച്ചാണ് പറയാനുള്ളതില്‍ ഏറെയും.എന്റെ അഭംഗി കാരണം എന്നെ പലരും അവഗണിക്കുന്നതായി തോന്നി. കൂടുതല്‍ സുന്ദരിയാവാന്‍ ഞാന്‍ നടത്തിയ പല പരീക്ഷണങ്ങളും വിഫലമായി.

പല കാര്യങ്ങള്‍ കൊണ്ടും ഞാന്‍ എന്നെ വെറുത്തു ..ആളുകളെ ആകര്‍ഷിക്കത്തക്ക രീതിയില്‍ ഒരു സൗന്ദര്യവും ഞാന്‍ എന്നില്‍ കണ്ടെത്തിയില്ല ..കറുപ്പ് നിറം ,ചപ്പിയ മൂക്ക് ..കേശവ ദേവിന്റെ സൃഷ്ടി ,ദീനാമ്മയെ പോലെ ..ആ വിശ്വാസങ്ങള്‍ക്ക് ഉറപ്പു നല്കാന്‍ അപ്പു അണ്ണന്റെ വാദപ്രതിവാദങ്ങളും .."എന്താ മോളെ നിന്റെ മൂക്കിത്ര ചപ്പി ഇരിക്കുന്നെ " എന്ന ചോദ്യം ആണ് , എന്റെ വല്യമ്മേടെ മകനായ  അപ്പുഅണ്ണന്‍ എന്നെ കാണുമ്പോഴൊക്കെ ആദ്യം ചോദിക്കുക ..ആയിടക്കാണ്‌ ഞാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി എന്ന വാക്ക് കേള്‍വിപ്പെട്ടത്..പ്രശസ്തനായ പാട്ടുകാരന്‍ മൈക്കില്‍ ജാക്ക്സനെ ഒന്ന് കാണാന്‍ കൊതിച്ചതും അപ്പോള്‍ തന്നെയാണ് ..അന്നു മനസില്‍ പ്രതീക്ഷയുടെ വെള്ളി വെട്ടം വീശി തന്നത് മൈക്കില്‍ ജാക്ക്സന്‍ ആയിരുന്നു .

ആയിടെ അച്ഛന്റെ ഒരു കത്ത് വന്നു ..അടുത്ത മാസം അച്ഛന്‍ നാട്ടിലേക്കു പറക്കുകയാന്നെന്നയിരുന്നു ആ കത്തിലെ ഉള്ളടക്കം ..  കൂടാതെ എനിക്ക് ആവശ്യമുള്ളതെന്തും ആവശ്യപ്പെടാം ..വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായിരുന്നു ഞാന്‍ സാധാരണയായി ആവശ്യപ്പെട്ടിരുന്നത് ..പതിവില്‍ നിന്നും വിപരീധമായി ഞാന്‍ ആവശ്യപ്പെട്ടത് മൈക്കില്‍ ജാക്ക്സന്റെ കാസ്സറ്റ്‌ ആയിരുന്നു ..

അതിനകം പത്രത്തില്‍ വന്ന മൈക്കില്‍ ജാക്ക്സന്‍  ചിത്രം ഞാന്‍ കാണുകയുണ്ടായി .പക്ഷെ ആ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍ ആ മഹത് വ്യക്തിയുടെ മുഖം എനിക്ക് വ്യക്ത്തമായി കാണാന്‍ കഴിഞ്ഞില്ല ..അങ്ങനെ ഒരു  മാസം കാത്തിരിപ്പിന്റെതായിരുന്നു.. ദിവസങ്ങള്‍ പതുക്കെ പതുക്കെ ചലിച്ചു കൊണ്ടിരുന്നു .

1 വര്‍ഷത്തെ അമ്മയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു    അച്ഛന്‍ പറന്നെത്തി . എനിക്ക് അച്ഛനെ കാണുന്നതിനെക്കാള്‍ സന്തോഷം അച്ഛന്‍ കൊണ്ട് വന്ന പെട്ടിയില്‍ നിന്ന് ആ കാസ്സറ്റ്‌ കാണുന്നതായിരുന്നു ..പറഞ്ഞ പ്രകാരം അച്ഛന്‍, ഞാന്‍ മനസ്സില്‍ ആരാധിക്കുന്ന ആ മഹത് വ്യക്തിയുടെ കാസ്സറ്റ്‌ കൊണ്ട് വന്നിരിക്കുന്നു .

കുറെ നാളിന് ശേഷം കണ്ടതായത് കൊണ്ട് അച്ഛന് എന്നോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്നറിയാത്തത് പോലെ എനിക്ക് തോന്നി ..അച്ഛനും അമ്മയും മാറി മാറി എന്നില്‍ വാത്സല്ല്യം ചൊരിഞ്ഞു . പക്ഷെ എന്റെ മനസ് ആ കാസ്സറ്റില്‍ കൊളുത്തി ഇരിക്കുകയായിരുന്നു ..അച്ഛനെ വേറൊന്നിനും സമ്മതിക്കാതെ , കാസ്സറ്റ്‌  പ്രവര്‍ത്തിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍  നിര്‍ബന്ധം പിടിച്ചു ..അങ്ങനെ ആ കാസ്സറ്റ്‌ അച്ഛന്‍ പ്ലേ ചെയ്തു തന്നു ..

അതാ  റ്റിവി യില്‍ കാണുന്ന രൂപം പ്ലാസ്റ്റിക്‌ സര്‍ജറിയിലൂദെ സുന്ദരക്കുട്ടപ്പനായ മൈക്കില്‍ ജാക്ക്സന്‍റ്റെതാണ്‌..ഞാന്‍  പല തവണ അദ്‌ദേഹതിന്റെ രൂപം സ്കാന്‍ ചെയ്തു.. ഒരു കറുത്ത  വംശജനായ അദ്ദേഹം  പ്ലാസ്റിക്  സര്‍ജറിയിലൂടെ   ആണ്  തന്റെ  ദേഹം  വെളുപ്പിച്ചതെന്നു  അപ്പുഅണ്ണന്‍  പറയുകയുണ്ടായി .

കൂടാതെ  ചപ്പിയിരുന്ന  മൂക്കില്‍  രൂപവ്യത്യാസം  വരുത്തുകയും  ചെയ്തു  അത്രെ ..ഞാന്‍  കറുത്ത  വംശജയാണെന്നും    ആദിവാസികളോടാണ്‌   എന്റെ  മുഖത്തിന്‌  സാമ്യമുള്ളതെന്നും    അപ്പുഅണ്ണന്‍  ഉരുവിട്ട്  കൊണ്ടിരുന്നു .. ഞാന്‍ ചിരിക്കുകയായിരുന്നെങ്കിലും   മനസ്   കണ്ണുനീര്‍  വാര്‍ക്കുകയായിരുന്നു  . .അപ്പുഅണ്ണന്‍  പറയുന്നതൊക്കെ  ഞാന്‍  പൂര്‍ണ്ണമായി  വിശ്വസിച്ചു .. എനിക്ക്  ഈ വൈരൂപ്യം  ഉണ്ടാവാന്‍   കാരണക്കാരനായ   അച്ഛനോടും  എനിക്ക് ദേഷ്യം  തോന്നി ..

എന്തായാലും  എനിക്ക്  പ്രതീക്ഷയുടെ  തിരിനാളം  ആണ്  ആ  കാസ്സറ്റിലൂടെ ലഭിച്ചത് .മൈക്കില്‍ ജാക്ക്സനു തന്റെ  ശരീരം  മുഴുവന്‍  രൂപവ്യത്യാസം  വരുത്താമെങ്കില്‍   എന്റെ  മൂക്കിനു  മാത്രം  വ്യത്യാസം  വരുത്താന്‍  കഴിയില്ലേ  എന്ന്  ഞാന്‍  സ്വയം  ചിന്തിച്ചു .

മൂക്കിനു  പ്ലാസ്റ്റിക്‌  സര്‍ജറി  ചെയ്യാമെന്ന്  തന്നെ  ഞാന്‍  തീരുമാനിച്ചു ..തുടയില്‍  നിന്നും  തോലെടുത്താണ്   ആ  സര്‍ജറി ചെയ്യുന്നതെന്നൊക്കെ  കേട്ടുകേള്‍വി  ഉണ്ടായി ..വേദന  താങ്ങാന്‍  സഹനശക്തി നന്നേ  കുറവായിരുന്ന  ഞാന്‍   എന്ത്  വേദന  സഹിച്ചും  മൂക്ക്  നീട്ടി  എടുക്കണമെന്ന്    വിചാരിച്ചു . .  എന്ത്  വില കൊടുത്തും മൂക്ക്    നീട്ടിയെടുക്കണമെന്നതായി  എന്റെ  ചിന്ത .

ശേഷം  അച്ഛനോടും  അമ്മയോടും   അതിനെ  പറ്റി ഗൗരവമായി   സംസാരിച്ചു ..എന്റെ  ഗൗരവഭാവം  അവരില്‍  ചിരി  ആണ്  ജനിപ്പിച്ചത് ..അവര്‍ക്ക്  എന്റെ  വേദന  മനസിലായില്ല ..”എന്റെ  മോള്‍  സുന്ദരിയല്ലേ  “എന്ന ഒരു  സർട്ടിഫിക്കറ്റും   അച്ഛന്‍ വച്ച് നീട്ടി .ഒരു  രക്ഷയുമില്ല  എന്ന്  മനസിലായി ..എന്റെ  പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന്   തിരിച്ചറിഞ്ഞു ..കൂടാതെ  ഇടയ്ക്കിടെ  മൂക്ക്  കൈ കൊണ്ട് വലിച്ചു  നീട്ടാനുള്ള   ഉപദേശവും  അമ്മ  തന്നു .

അങ്ങനെ  ആകെയുള്ള  പോംവഴി  അതാണെന്നുറച്ച്   ആ പ്രക്രിയ  ചെയ്യാന്‍  ആരംഭിച്ചു ..ആഴ്ചകളും  മാസങ്ങളും  കടന്നു  പോയി ..ദിവസവും  ഞാന്‍  കണ്ണാടിയുടെ  മുന്‍പില്‍  എന്റെ  നീണ്ട  മൂക്ക്  പ്രതീക്ഷിച്ചു .. പക്ഷെ  ഓരോ  തവണയും  ഞാന്‍  നിരാശയായി   കൊണ്ടിരുന്നു.. അങ്ങനെ  ആ  ശ്രമം  കാലാന്തരത്തില്‍  ഞാന്‍  ഉപേക്ഷിച്ചു ..

സൗന്ദര്യം  കൂടാതെ,  ഞാന്‍  സ്നേഹിക്കുന്നവരെ   എന്നിലേക്ക്‌   ആകര്‍ഷിക്കാന്‍   മറ്റൊരു  മാര്‍ഗം  കൂടിയുണ്ടെന്ന്  ഞാന്‍  മനസിലാക്കി .. എനിക്കറിയുന്ന   പലരും   എന്നേക്കാള്‍   വിരൂപരായിരുന്നിട്ടും  അവര്‍  എത്രയോ  പേരുടെ സ്നേഹത്തിനു  പാത്രമാണ്  ..അതിന്റെ  പിന്നിലെ   രഹസ്യം   ഞാന്‍  വളരെ  വൈകിയാണ്‌ മനസിലാക്കുന്നത് :വാചാലത ..

എല്ലാവരെയും  എളുപ്പത്തില്‍  കൈയിലെടൂക്കാൻ   കഴിയുന്ന  തന്ത്രമാണ്  വാചാലത ..പക്ഷെ  ആ  കണ്ടെത്തല്‍  എന്നെ  കൂടുതല്‍  നിരാശപ്പെടുത്തിയതെ   ഉള്ളു ..സരസ്വതീ  ദേവി  തീരെ  കടാക്ഷിക്കാത്തവരില്‍   ഒരാള്‍  ആയിരുന്നു   ഞാന്‍  .ആകെ  വായാടിത്തരം      കാട്ടുന്നത്  അമ്മയോട്  മാത്രം  ..ഞാനിഷ്ടപ്പെടുന്ന   സ്കൂളില്‍  ഒന്നാംതരം പഠിക്കാന്‍   പറ്റാത്തതിനു   കാരണം  ഇതേ  സരസ്വതീ  ദേവി  തന്നെ  ആയിരുന്നു  ..ഒന്നാം തരത്തിൽ  നടത്തുന്ന  അഭിമുഖത്തില്‍   പങ്കെടുക്കാന്‍  എത്തിയപ്പോള്‍   , തടിച്ചു  കൊഴുത്ത  റ്റീച്ചറമ്മയെ കണ്ട്   എന്റെ  നാക്ക്‌  അന്നനാളത്തിലൂടെ   താഴേക്ക്  ഇറങ്ങിപ്പോയി .അന്ന്  വേറൊരു  സ്കൂളില്‍  പ്രവേശനം  ലഭിച്ചതിനാല്‍  ഞാന്‍  അതത്ര   കാര്യമാക്കിയില്ല ..പക്ഷെ  എന്നേക്കാള്‍  മണ്ടിയായ   കാത്തുവിനു    ഞാന്‍  ഇഷ്ടപ്പെടുന്ന   സ്കൂളില്‍  പ്രവേശനം  ലഭിച്ചപ്പോളായിരുന്നു   ലജ്ജ  കൊണ്ട്  ഞാൻ എരിഞ്ഞു   പോയത് .

പിന്നീട്  പലപ്പോഴും   പലരും  വാചാലത  കൊണ്ട്  ലോകത്തെ  കൈക്കുമ്പിളിൽ ഒതുക്കുംപോലെ  എനിക്ക്  അനുഭവപ്പെട്ടു ..ഞാന്‍  പലവട്ടം  ശ്രമിച്ചു  നോക്കി .. ശ്രമം  നടത്തുമ്പോളൊക്കെ   എന്റെ  നാക്ക്‌  വീണ്ടും  വീണ്ടും   അന്നനാളത്തിലൂടെ  താഴെക്കിറങ്ങിപ്പോയ്ക്കൊണ്ടിരുന്നു  ..അങ്ങനെ  കുറെ  വിഫലശ്രമങ്ങള്‍ ..ആ  വിഫല  ശ്രമങ്ങൾ‍ക്കൊടുവില്‍   നിറയുന്ന  കണ്ണുകള്‍  മറക്കാന്‍  ഞാന്‍  നന്നേ  ബുദ്ധിമുട്ടിയിട്ടുണ്ട് .. വാചാലതയും  സൗന്ദര്യവും  എനിക്ക്  മുന്‍പിലെ  രണ്ടു  കടക്കാന്‍ പറ്റാത്ത കടമ്പകളായിരുന്നു . ഇവ രണ്ടും  എന്നെ  തകര്‍ക്കാന്‍ പരസ്പരം  പോരാടി  കൊണ്ടിരുന്നു .

എനിക്ക്  അമ്മയുടെ  അരികില്‍  മാത്രമേ   വാചാലത   പ്രത്യക്ഷപെട്ടുള്ളൂ ..ഞാനും  അമ്മയും  മാത്രം  വീട്ടിലുള്ളപ്പോള്‍  ഞാന്‍ 
 ഈ ഭൂലോകത്തെപ്പറ്റി  വാതോരാതെ  സംസാരിച്ചു  കൊണ്ടിരുന്നു ..
സ്കൂളില്‍  ഞാന്‍അവാര്‍ഡ്‌  ചിത്രത്തിലെ  കഥാപാത്രത്തെപ്പോലെ   ആയിരുന്നു .. അപ്പോഴെല്ലാം   വാചാലതയെന്ന  വാതിലിനപ്പുറം  ആരോ   കതകുമുട്ടി  കൊണ്ടിരുന്നു ..കുറെ  കാലം  കേള്‍വിക്കാരെ  അന്വേഷിച്ചു  നടന്നു ..എന്റെ 
 മനസിലുള്ളതെല്ലാം  ക്ഷമയോടെ  കേള്‍ക്കാന്‍  മാതാപിതാക്കള്‍  മാത്രമേ  ഉണ്ടായിരുന്നുള്ളു ..
അല്ല  അവരോടു  മാത്രമേ  ആ  ഉൾക്കിടിലത്തിന്റെ അഭാവത്താല്‍  എന്റെ  ഹൃദയം  തുറന്നു  കാണിക്കാന്‍  കഴിഞ്ഞുള്ളൂ  ..

അങ്ങനെ  കടന്നു  പോയ  ഓരോ  ദിനങ്ങളിലും  സൗന്ദര്യവും  വാചാലതയും  എന്നെ  തോല്‍പ്പിച്ച്  കൊണ്ടേയിരുന്നു ..ഈ  രണ്ടിന്റെയും   അഭാവത്താല്‍  ഞാന്‍  എന്ന  വ്യക്തി  ഓരോ ദിവസവും  മരിച്ചു   കൊണ്ടേയിരുന്നു ..അങ്ങനെ  എത്ര  മരണങ്ങള്‍  കഴിഞ്ഞു ..

മരിക്കുമ്പോള്‍  ഉണ്ടാകുന്ന  അജ്ഞമായ  വേദനയെ  പേടിയില്ലായിരുന്നുവെങ്കില്‍  
ഞാന്‍  എന്നേ  മരിച്ചേനെ ..പല  രാത്രികളിലും   തലയണയില്‍   മുഖം  അമര്‍ത്തി  കരഞ്ഞപ്പോളെല്ലാം   പല  ചോദ്യങ്ങള്‍ക്കും   ഉത്തരമായി  മുന്‍പില്‍  തെളിഞ്ഞത്  മരണം   ആയിരുന്നു ..ആ  ഉത്തരം  കണ്ടുപിടിച്ച  സംതൃപ്തിയോടെ  പല  രാത്രിയുടെയും   അവസാനത്തെ  യാമത്തില്‍  ഞാന്‍  കരഞ്ഞു   തളര്‍ന്നു   ഉറങ്ങിയിട്ടുന്ദ് ..വിഷമം  എന്റെ സ്ഥായിയായ   ഭാവം     ആയിരുന്നു ..

അങ്ങനെ  വിഷാദത്തിന്റെ  നാളുകള്‍  കടന്നു  പോകുമ്പോള്‍   ആണ്  എന്റെ  വല്യമ്മേടെ  മകള്‍   പ്രസംഗമത്സരത്തില്‍   സമ്മാനങ്ങള്‍  വാരിക്കൂട്ടുന്നത് ..മറ്റുള്ളവരുടെ  ശ്രദ്ധ  പിടിച്ചുപറ്റും  വിധം  പല  സംഭവങ്ങളും  വിവരിക്കുന്നതില്‍  ചേച്ചി   മിടുക്കി   ആയിരുന്നു .. എന്റെ  വിഷാദജന്മത്തിന്റെ   ഉത്തരം  തേടിക്കൊണ്ടിരുന്ന       കാലം   ആയിരുന്നു  അത് . അപ്പോഴാണ്   സ്കൂളിലെ   യുവജനോത്സവം  അരങ്ങേറുന്നത് .

ഇത്തവണ  പ്രസംഗത്തില്‍  ഒരു  കൈനോക്കാമെന്ന്  തന്നെ  ഞാന്‍  ഉറപ്പിച്ചു .ആ  തീരുമാനത്തിന്  മുന്‍പേ  പല വാദപ്രതിവാദങ്ങളും   എന്റെ  മനസ്  എന്നോട്   നടത്തി  കൊണ്ടിരുന്നു . എന്റെ  വിരൂപത്തെ  സൗന്ദര്യമാക്കി   മാറ്റാനുള്ള  ഒരേ  ഒരു  പോംവഴി   പ്ലാസ്റ്റിക്‌  സര്‍ജറി  ആണ് . അത്  നടക്കണമെങ്കില്‍  എനിക്ക്  സ്വയം  തീരുമാനങ്ങള്‍    എടുത്തു  നടപ്പിലാക്കാന്‍   കഴിയുന്ന  ഒരു  കാലം  വരണം .അതിനു  പല  വര്‍ഷങ്ങള്‍   പിന്നിടേണ്ടതുണ്ട്  .. അപ്പോള്‍  അടുത്ത മാര്‍ഗ്ഗം    വാചാലതയെ വളർത്തിയെടുക്കുക   എന്നതാണ് . അതില്‍   പയറ്റി  തെളിയുക  എന്നെ  സംബന്‌ധിച്ചിടത്തോളം   കഠിനമാണെങ്കിലും  ഒരു  നേരിയ  പ്രതീക്ഷ ..പലവട്ടം  പരീക്ഷിച്ചു  പരാജയപ്പെട്ടതാനെന്നുള്ള   സത്യം  മനസ്സിനെ  അലട്ടി  കൊണ്ടിരുന്നു .എങ്കിലും  ഒരു  അറ്റകൈ  എന്ന  രീതിയില്‍  ആ  മത്സരത്തില്‍  പങ്കെടുക്കാന്‍   ഞാന്‍  തീരുമാനിച്ചു .. എന്റെ  ചേച്ചി  എഴുതിയ   ഉപന്യാസത്തില്‍  നിന്ന്  മോഷ്ടിച്ച്   ഞാന്‍  നടത്താന്‍  പോകുന്ന  പ്രസംഗത്തിന്റെ  ആദ്യവരി  മനസ്സില്‍  കുറിച്ചു.”ആധുനിക  യുഗത്തിന്  ചാലക  ശക്തി  ആകേണ്ടുന്ന    ഇന്നത്തെ  യുവജനത ....”എന്ന്  തുടങ്ങുന്ന  ആ  വാചകം  ഞാന്‍  മനസ്സില്‍  പല  പ്രാവശ്യം  ഉരുവിട്ട്   നോക്കി ..പക്ഷെ  മത്സരത്തിനു  10 മിനുട്ടിന് മുൻപ് മാത്രമേ പ്രസംഗം  നടത്തേണ്ടതിന്റെ  വിഷയം  അറിയാന്‍  പറ്റു ..അങ്ങനെ  ഞാന്‍  പ്രസംഗ വിഷയം  അറിയാന്‍ വേണ്ടി കാത്തിരുന്നു .ഒടുക്കം മത്സരത്തിന്റെ  10 മിനിറ്റ്  മുന്‍പുള്ള  ആ  സമയം  എത്തി .ദൈവം എന്റെ ശത്രുവാണെന്ന്‌  തോന്നിയ നിമിഷം ആയിരുന്നു അത് .. ആണവ  പരീക്ഷണവും   അന്തരീക്ഷ  മലിനീകരണവും  പോലുള്ള  പാടുള്ള  വിഷയങ്ങള്‍  പ്രതീക്ഷിച്ച  ഞാന്‍  അന്‌ധാളിച്ചു ..സ്നേഹം  എന്നതായിരുന്നു  ആ  പ്രസംഗ  മത്സരത്തിന്റെ  വിഷയം ..സ്നേഹം  എനിക്ക്   ഒത്തിരി   ഇഷ്ടമുള്ള    വിഷയം  ആണ് .. ഏറ്റവും   ഇഷ്ടമുള്ള  വാചകം . അതേ  സ്നേഹം  സമ്പാദിക്കാനും   മറ്റുള്ളവരുടെ  സ്നേഹം  എനിക്ക്  കിട്ടാനും  വേണ്ടി   തന്നെയാണ്   ഞാന്‍  ആ  പ്രസംഗ  മത്സരത്തിനു  പങ്കെടുക്കാന്‍  വരെ  തീരുമാനിച്ചത് ..എന്റെ  ഊഴം  അടുക്കുംതോറും   വയറ്റില്‍  നിന്ന്എന്തോ   ഒന്ന്  റോക്കറ്റ്  പോലെ   പൊന്തി    വരുന്നതായി  തോന്നി .

അങ്ങനെ  എന്റെ  ഊഴം  എത്തി .ഞാന്‍  സ്റ്റേജില്‍   കയറാനായി  മുൻപോട്ട്  നീങ്ങി .സ്റ്റേജ്  എന്ന്  പറഞ്ഞാല്‍  ക്ലാസുകള്‍  തമ്മില്‍  വേര്‍തിരിച്ചിട്ടുള്ള  സ്ക്രീന്‍  ഒക്കെ  മാറ്റി  അത്  വലിയ  ഒരു  ഹാള്‍  ആക്കി   ബെഞ്ചുകള്‍  നിരത്തിയിട്ടിരിക്കുന്നു ..അതാണ്  ഇവിടത്തെ   സ്റ്റേജ് ..മുന്‍പിലത്തെ  നിരയില്‍  ടീച്ചര്‍മാര്‍  നിരന്നിരിക്കുന്നു .
അതില്‍  ഞാന്‍  കൂടുതല്‍  മാര്‍ക്കു  വാങ്ങിക്കുന്നതും  കുറവ്  മാര്‍ക്ക്‌  വാങ്ങുന്നതുമായ  വിഷയങ്ങള്‍  പഠിപ്പിക്കുന്ന  ടീച്ചര്‍മാര്‍   ഉണ്ടായിരുന്നു .സ്റ്റേജിന്റെ   നടുവില്‍  ഞാന്‍  എത്തി ..മുന്‍പില്‍  നിരന്നിരിക്കുന്ന  ഒരു  ആള്‍ക്കൂട്ടം  എനിക്ക്  ദ്ര്രിശ്യമായി .. മുന്‍നിരയില്‍  ഇരിക്കുന്ന  ചില  ടീച്ചര്‍മാര്‍  എന്റെ  വായില്‍  നിന്ന്  വരാന്‍ പോകുന്ന  വാചകം  കേള്‍ക്കാന്‍   കാതോർത്തിരിക്കുന്നതായി   തോന്നി .ചിലര്‍  ഈ  കുട്ടിയോ   എന്ന  ഭാവത്തില്‍  അമ്പരന്നു   നോക്കുന്നു .. ചിലവര്‍  അടുത്തിരിക്കുന്നവരോട്    സംസാരിക്കുന്നുമുണ്ട് . അങ്ങനെ  ഞാന്‍  സ്നേഹത്തിനെ  കുറിച്ചു  വാചാലയാവാന്‍   ശ്രമിച്ചു .

1.ആധുനിക യുഗത്തിന് ചാലകശക്തി ആകേണ്ടുന്ന   യുവജനത ..
2ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..
3.ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..

അടുത്ത  വാചകം  അന്നനാളത്തില്‍  കുടുങ്ങി  പോയി ..ഞാന്‍  അവിടെ  നിന്ന്  വിറച്ചു .കൈകാലുകള്‍   തണുത്തു  മരവിച്ചു . പക്ഷെ  ദേഹമാസകലം   ചൂടോടു  കൂടിയ  ആവി .കണ്ണുകളില്‍  ഇരുട്ട്  കയറുന്നു . എന്ത്  ചെയ്യണം ? ബോധം  കെട്ട് ഞാന്‍  അവിടെ  വീഴുമോയെന്ന്   ഞാന്‍  ശങ്കിച്ചു.പക്ഷെ  വീണില്ല .. വീണിരുന്നെങ്കില്‍!  എന്ന്  ഞാനപ്പോള്‍ ‍  ആഗ്രഹിച്ചിരുന്നിരിക്കണം .. എങ്കില്‍  എന്റെ  സ്വബോധമനസിന്‌  ഇതിനുമേല്‍  അഭിമാനക്ഷതം   സംഭവിക്കുന്ന  ഒരു  സാഹചര്യം   അഭിമുഖീകരിക്കേണ്ടി   വരില്ലായിരുന്നു ..ഞാന്‍  അവിടെ  നിന്നും  പുറത്തേക്കിറങ്ങി   വന്നു .എനിക്ക്  കരച്ചില്‍  വന്നു .എല്ലാവരും  എന്നെ  അവജ്ജ്ഞയോടെ  നോക്കുന്നു ..ആളുകളുടെ  ശ്രദ്ധ  ആകര്‍ഷിക്കാനായി   ഞാന്‍  തെരഞ്ഞെടുത്ത മാര്‍ഗ്ഗം എന്റെ  അഭിമാനത്തെ  എരിച്ചമർത്തിക്കളഞ്ഞിരിക്കുന്നു   ..എന്റെ  തെറ്റ് .. ഈ  ലോകത്തില്‍  എനിക്ക് ഒരിക്കലും   കയറാന്‍  പറ്റാത്തതും   പലവട്ടം  എനിക്കുമേല്‍   പരാജയത്തിന്റെ  കയ്യ്പ  വച്ച്  നീട്ടിയതുമായ   2 കൊടുമുടികള്‍ :ഒന്ന്  സൗന്ദര്യം , രണ്ടു  വാചാലത ..പലവട്ടം  പയറ്റി  എങ്കിലും  ആദ്യത്തേത്    എന്നെ  ഇത്ര  മേല്‍  മുറിവേല്‍പ്പിച്ചിട്ടില്ല .അത്  എന്നെ  സ്വയം   ചെറുതാക്കിയിട്ടെ  ഉള്ളു .എന്നാല്‍  രണ്ടാമത്തേതു  ആണ്  ഈ  ലോകത്തിനു  മുന്‍പില്‍  എന്നെ  കീഴ്പ്പെടുത്തിയത് .

അന്നാണ്  ഞാന്‍  എനിക്ക്  കീഴടക്കാന്‍  കഴിയാത്ത  രണ്ടു  കൊടുമുടികള്‍ക്ക്  മുന്‍പില്‍  ആദ്യമായി  ആയുധം  വച്ച്  കീഴടങ്ങിയത്..

11 comments:

  1. ഞാന്‍ എഴുതി ഞാന്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ സൃഷ്ടി

    ReplyDelete
  2. മലയാളം സൃഷ്ടി

    ReplyDelete
  3. മലയാളം ബൂലോക ശാഖക്ക് ഒരു പുതിയ വാഗ്ദാനത്തെ കൂടി കണ്ടെത്തി മലയാളത്തിൽ ബ്ലോഗാൻ കൈപിടിച്ചു കയറ്റിയിട്ടുണ്ട്. വാചാലവും സൌന്ദര്യ്‌വും അനുഗ്രഹിച്ചില്ല എന്ന് വേദനിക്കുന്ന ലേഖികയുടെ ഈ വരികൾ എല്ലാം സരസ്വതീ ദേവിയുടെ കടാക്ഷം അല്ലേ... ഇതിനുമപ്പുറം എന്തു സൌന്ദര്യമാണ് വേണ്ടത്.. എന്തായാലും ബൂലോകത്തിൽ ഭാഗ്യ എന്ന പുതിയൊരു അവകാശി കൂടി രംഗപ്രവേശം ചെയ്യുന്നു..കൂട്ടുകാരീ എഴുതുക, അർമ്മാദിക്കുക ഭാവുകങ്ങൾ..

    ReplyDelete
  4. എന്നെ മലയാളത്തില്‍ ബ്ലോഗ്‌ എഴുതാന്‍ സഹായിച്ച അരുണ്‍ ചേട്ടന് നന്ദി..ചേട്ടന്‍ പറഞ്ഞ പ്രകാരം ചേട്ടന്റെ അക്കൗണ്ട്‌ നമ്പറിലേക്ക് പുട്ടടിക്കാനുള്ള പണം ഞാന്‍ ഇന്നലെ രാവിലെ നിക്ഷേപിച്ചു.പുട്ടടിച്ചെന്ന പ്രതീക്ഷയോടെ ചേട്ടന് ആദ്യത്തെ മലയാള സൃഷ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

    ReplyDelete
  5. പുട്ട് കിട്ടിയില്ല. ഇന്നലത്തെ മെനു ദോശ ആയിരുന്നു. ഒരു ബ്ലോഗര്‍ തന്ന കാശുകൊണ്ട് ദോശ തിന്നുന്നത് മോശമല്ലേ. എന്താ ചെയ്യിക....
    കുറച്ചു കഴിഞ്ഞപ്പോള്‍ ബാങ്ക് A /c നിറഞ്ഞിരിക്കുന്നു. ഉടന്‍ അത് മാറിയെ പറ്റൂ എന്ന് പറഞ്ഞ മാനേജര്‍ വിളിച്ചു.
    ഹോ! അത് കാരണം ഞാന്‍ ഇന്നലെ മുഴുവന്‍ വല്ലാത്ത ഒരു Dilemma യില്‍ ആയിരുന്നു.
    തല്ക്കാലം പുട്ടു കിട്ടാന്‍ നിര്‍വാഹം ഇല്ലാത്തതു കൊണ്ടും ബാങ്കിനെ രക്ഷിക്കാനും കുറച്ചെടുത്ത് വേള്‍ഡ് ബാങ്കിന് കൊടുത്തു കേട്ടോ...
    പുട്ടടിക്കാന്‍ പറ്റാത്ത വിഷമത്തോടെ

    ReplyDelete
  6. അല്ല ... ഒന്നും വിചാരിക്കരുത് ... ഇപ്പോളും ആ‍ ചപ്പിയമൂക്ക് അവിടെ ഉണ്ടോ അതോ അത് മാറ്റി ചാമ്പക്ക മൂക്ക് ആക്കിയോ? എന്തായാലും തന്റെ ഗ്ലാമറിനെ കുറിച്ച് ഇത്രത്തോളം പുകഴ്ത്തിയ ദൈര്യം സമ്മതിച്ചു .ഹാ..ഹാ ...ഹാ....

    ReplyDelete
  7. hAI...valare eshtamay...thudarnnum ezhuthuka..

    ReplyDelete
  8. കുറെ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത് ചപ്പിയ മൂക്കിനും ചാമ്പക്ക മൂക്കിനും ഇടക്കുള്ള ഒരു പരുവത്തില്‍ കൊണ്ടെത്തിച്ചു. ഇനി എന്ത് ചെയ്യണമെന്നറിയാതിരിക്കുവാ മാഷേ..

    ReplyDelete
  9. അനുവിനു നന്ദി..തുടര്‍ന്നുള്ള പോസ്റ്റുകളും വായിച്ചു അഭിപ്രായം പറയുക

    ReplyDelete
  10. എല്ലാവരെയും എളുപ്പത്തില്‍ കൈയിലെടൂക്കാൻ കഴിയുന്ന തന്ത്രമാണ് വാചാലത ..പക്ഷെ ആ കണ്ടെത്തല്‍ എന്നെ കൂടുതല്‍ നിരാശപ്പെടുത്തിയതെ ഉള്ളു ..സരസ്വതീ ദേവി തീരെ കടാക്ഷിക്കാത്തവരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ .ആകെ വായാടിത്തരം കാട്ടുന്നത് അമ്മയോട് മാത്രം ..ഞാനിഷ്ടപ്പെടുന്ന സ്കൂളില്‍ ഒന്നാംതരം പഠിക്കാന്‍ പറ്റാത്തതിനു കാരണം ഇതേ സരസ്വതീ ദേവി തന്നെ ആയിരുന്നു ..



    bhavukkangal. saraswathi kadaakshikanjitano bhagye nee ethellam ezhuthi pidipichath?


    orupaadorupaad uyaratte... bhavukangal..

    ReplyDelete
  11. ഈ അഭിപ്രായം വീണ്ടും എഴുതാനുള്ള പ്രചോദനം ആണ്..ഒരുപാട് നന്ദി ..

    ReplyDelete