Friday 23 July 2010

ലീലാമ്മ

ഞങ്ങടെ നടുമുറ്റത്തെപ്പോഴും തുമ്പികള്‍ പാറി നടക്കുന്നുണ്ടാവും ..


മുറ്റത്തെ വടക്കേ കോണിലെ മൊസാന്തയില്‍ എപ്പോഴും എറുമ്പിന്‍ കൂട്ടം ..ആ പൂക്കളുടെ കൂട്ടുകാരായിരിക്കാം ആ ഉറുമ്പുകള്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ..അതുകൊണ്ടല്ലേ അവ ആ പൂക്കളിറുക്കാന്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കുത്തി നോവിപ്പിച്ചിരുന്നത് ..

കിണറ്റിനകത്തെ രണ്ടാമത്തെ പടിയില്‍ എത്ര വെട്ടിയാലും ആലുകള്‍ മുളച്ചു വന്നു കൊണ്ടിരുന്നു .ആ ആലുകളും കിണറിന്റെ കൂട്ടാളി ആയിരിക്കാം...

കിണറ്റിന്‍ കരയിലെ തുണി നനക്കുന്ന കരിങ്കല്ലിനു താഴെ എപ്പോഴും ഒരു മാക്രി കണ്ണുകള്‍ വെട്ടിച്ചു കൊണ്ടിരുന്നു ..അവ ആകാശത്ത് മേഘങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതാവും ....

സന്ധ്യകളില്‍ ലോഡ് ഷെഡഡിങ്ങിന്റെ നേരത്ത് ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്നെ ശല്യപ്പെടുത്തിയപ്പോഴൊക്കെ ജനലിന്റെ കീഴത്തെ പാളി തുറന്നു ഞാന്‍ മിന്നാമിന്നികളെ എണ്ണിക്കൊണ്ടിരുന്നു ..

അങ്ങനെയൊക്കെ ഒരു കൂട്ടം ഓര്‍മ്മകള്‍ ..


അങ്ങനെ മനസ്സില്‍ ജീവനുള്ള കുറെ ഓര്‍മ്മകള്‍ക്ക് കാരണമായ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കെ ഒരു മീന്‍കാരി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ..എന്നു വച്ചാല്‍ പകലും രാത്രിയും അവരെ കുറിച്ച് മാത്രം ചിന്തിച്ച കുറെ ദിവസങ്ങള്‍ ...


കറുത്ത് മെലിഞ്ഞു മൂക്കുത്തിയിട്ട ഒരു മീന്‍കാരി ..ലീലാമ്മ ...ഞങ്ങളുടെ വീട്ടില്‍ എന്നും രാവിലെ എത്തുന്ന അതിഥി ..എന്റെ ഓര്‍മ്മ തെളിയുമ്പോള്‍ മുതല്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ മീനും കൊണ്ട് വരുന്നുണ്ട് .. മീനിന്റെ ചെതുമ്പല്‍ കണക്കെ അവരുടെ കൈയൊക്കെ വരണ്ട് അടര്‍ന്നിരുന്നു. കറുത്ത ഒരു ചരട് കഴുത്തില്‍ കെട്ടിയിട്ടുണ്ട് ..മിക്കവാറും ഞങ്ങടെ വീട്ടിലെ പുളിയന്‍ മാങ്ങയും അമ്പഴങ്ങയുമെല്ലാം അവരുടെ മീന്‍പാത്രത്തില്‍ സ്ഥാനം പിടിച്ചു ..



അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ കുസൃതിത്തരങ്ങല്‍ക്കൊടുവില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു ..ലീലാമ്മയുടെ മകളാണത്രേ ഞാന്‍ ..എന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലണയ്ക്ക് വിറ്റിട്ട് പോയവരാണ് ലീലാമ്മ ..ഒരു തെല്ലു സംശയം ഉണ്ടായെങ്കിലും ഞാനത് പാടെ അവഗണിച്ചു ..

പിന്നെ ഓരോ ദിവസവും അവര്‍ വരുമ്പോഴൊക്കെ അപ്പുവണ്ണന്‍ അവരെക്കുറിച്ച് വിശദവിവരണങ്ങള്‍ നിരത്തും ..അപ്പോള്‍ എനിക്കും ഒരു സംശയം .ഇനി അവരാണോ എന്റെ അമ്മ ..എന്റെ മനസ്സില്‍ സംശയത്തിന്റെ വേരുകള്‍ മുളച്ചു തുടങ്ങി ..എന്റെ അമ്മയുടെ നേരിയ ഛായ പോലും എനിക്കില്ല ..പക്ഷെ ലീലാമ്മയുടെ ഛായയും എനിക്കുള്ളതായി തോന്നിയില്ല .. എന്റെ സംശയത്തിന്റെ വേരുകളുറപ്പിക്കാനായി അപ്പുവണ്ണന്‍ നിരത്തിയ വാദങ്ങള്‍ സത്യമാണെന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ..അതിനു വ്യക്തമായ ചില കാരണങ്ങളും ഉണ്ടായിരുന്നു ..ലീലാമ്മയുടെ വലത്തേ കൈയിലുണ്ടായിരുന്ന കാക്കപ്പുള്ളി എന്റെ കൈയിലും അതെയിടത്ത് സ്ഥാനം പിടിച്ചിരിക്കുന്നു ..ഇതിനുമേല്‍ വ്യക്തമായ ഒരു തെളിവിനി എനിക്കാവശ്യമുണ്ടായിരുന്നില്ല ..


ഞാന്‍ ലീലാമ്മയെ ശ്രദ്ധിച്ചു തുടങ്ങി ..എന്തായാലും എന്റെ അമ്മയാണല്ലോ ..എന്റെയും ലീലാമ്മയുടെയും ശരീരത്ത് കൂടി ഒഴുകുന്ന രക്തം ഒന്നാണെന്ന് ഞാന്‍ വിശ്വസിച്ചു ..അവരുടെ ഓരോ ചേഷ്ടകളും ഞാന്‍ നോക്കിക്കണ്ടു..അതിനിടെ വീട്ടിലാരെങ്കിലും മീന്‍കാരിയായ ലീലാമ്മയെ "മരക്കാത്തി" എന്നെങ്ങാനും വിളിച്ചെന്ന് കേട്ടാല്‍ ഞാന്‍ നിരാഹാരസത്യാഗ്രഹവും നടത്തിപ്പോന്നു ..അമ്മയുടെ ലാളനയെക്കാള്‍ ഞാന്‍ ലീലാമ്മയുടെ എന്നിലേക്കുള്ള നോട്ടത്തെ ശ്രദ്ധിച്ചു ..അവരുടെ പുത്രി ആയതു കൊണ്ടായിരിക്കാം അവരെന്നെ നോക്കുന്നത് എന്നായി എന്റെ ഭാവന..


ഞാന്‍ എന്റെ അമ്മ പറയുന്നതൊന്നും അനുസരിക്കാതെയായി ..ഞാന്‍ ആ വീട്ടില്‍ അനാഥയാണെന്ന ബോധം എന്റെ മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്നു ..പല രാത്രികളിലും ഞാന്‍ ലീലാമ്മയെ ഓര്‍ത്തു കരഞ്ഞു ..എന്തുകൊണ്ടെന്നെ ലീലാമ്മ ഉപേക്ഷിച്ചു ..കാലണയ്ക്ക് വേണ്ടിയോ ?  എന്നൊക്കെയുള്ള ഒരനവധി ചോദ്യങ്ങള്‍ ..എന്റെ അനുസരണക്കേടുകള്‍ അമ്മയെ വിഷമിപ്പിക്കാന്‍ തുടങ്ങി അപ്പോഴേക്കും ..


ലീലാമ്മയെ മരക്കാത്തിയെന്നു വിളിക്കുമ്പോള്‍ എന്റെ അനുസരണക്കേടുകള്‍ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലകയും താണ്ടി പ്പോയി ..സഹികെട്ടപ്പോഴൊക്കെ എന്റെ അമ്മ ഓലക്കാലിലെ ഈര്‍ക്കില്‍ മാറ്റിയിട്ട് ഓലത്തോല് കൊണ്ടെന്നെ അടിച്ചു .. പാവം !


അങ്ങനെ ഇടയിലൊരു ദിവസം ലീലാമ്മയെ കാത്തിരുന്ന എനിക്ക് നിരാശപ്പെടേണ്ടി വന്നു .അവര്‍ അന്ന് വന്നില്ല .

ഉച്ചവരെ ഞാന്‍ ലീലാമ്മയെ പ്രതീക്ഷിച്ചു ..പക്ഷെ അവര്‍ വന്നില്ല ..മീന്‍ കിട്ടാഞ്ഞതിനാല്‍ “മരക്കാത്തിക്കിന്നെന്തു പറ്റിയോ എന്തോ ” എന്ന അമ്മയുടെ കാര്യം പറച്ചില്‍ അടുക്കളയില്‍ നിന്നും ഞാന്‍ കേട്ടു ..എനിക്ക് ലീലാമ്മയെ കാണാത്തതിലുള്ള സങ്കടവും അമ്മയോടുള്ള ദേഷ്യവും ഒക്കെക്കൊണ്ട് കണ്ണുകള്‍ കലങ്ങി ..ഞാനാരോടും ഒന്നും മിണ്ടിയില്ല ..കട്ടിലില്‍ പോയി ഒരേ കിടപ്പ് ..

ഉച്ചക്ക് ഊണ് കാലമായപ്പോള്‍ അമ്മ വന്നെന്നെ വിളിച്ചു .ഞാന്‍ കേട്ട ഭാവം പോലും നടിച്ചില്ല ..പിന്നെയും പിന്നെയും അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം ഉയരുന്നത് ഞാന്‍ കേട്ടു ..എന്നിട്ടും ഞാന്‍ അനങ്ങിയില്ല ..അമ്മയോടുള്ള പക ആയിരുന്നു മനസ്സില്‍ ..കുറെ കഴിഞ്ഞ് അമ്മ പാത്രത്തില്‍  ചോറുമായി ഉരുളയുരുട്ടി എന്നെ ഊട്ടനായി വന്നു ..സങ്കടവും ദേഷ്യവും ഉച്ചസ്ഥായിയിലെത്തിയപോള്‍ ഞാന്‍ അമ്മ വച്ച് നീട്ടിയ പാത്രത്തില്‍ ഒരൊറ്റത്തട്ട് ..ചോറും കറികളും നാലു പാടും തെറിച്ചു പോയി ..ഞാന്‍ തട്ടി മാറ്റിയ സ്റ്റീല്‍ പാത്രത്തിന്റെ മുഴക്കം ഞങ്ങളുടെ വീട്ടിലും ആ പരിസരത്തുള്ള വീടുകളിലും മുഴങ്ങി കേട്ടു . അമ്മ ഒന്നു ഞെട്ടി .. ദേഷ്യപ്പെട്ടു .. അതിനൊക്കെയുള്ള ഉത്തരമായി ഞാന്‍ പറഞ്ഞു ..”ഞാന്‍ അമ്മയുടെ മകളല്ല ,അമ്മ എന്റെ അമ്മയല്ല ..ഞാനെല്ലാം അറിഞ്ഞു ” കരച്ചിലിന്റെ വക്കില്‍ എന്റെ പാതി വാക്കുകള്‍ മുറിഞ്ഞിരുന്നു .അമ്മക്കൊന്നും മനസ്സിലായില്ല ..”എന്താ നീ ഈ പറയുന്നേ ,ഈ കള്ളത്തരങ്ങളൊക്കെ നിന്നോടാരാ പറഞ്ഞെ ?” എന്ന് അമ്മ അതിശയത്തോടെ ചോദിച്ചു .. അതിനു മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല ..ഞാന്‍ തേങ്ങിത്തേങ്ങി കരഞ്ഞു ..


അമ്മ എന്നെ കെട്ടിപ്പിടിച്ചു കുറെ ചുടുചുംബനങ്ങള്‍ കവിളത്തു തന്നു ..എന്റെ കണ്ണുനീര്‍ അമ്മയുടെ ചുണ്ടുകളില്‍ പറ്റി ..അമ്മയ്ക്ക് ഉപ്പുരസം രുചിച്ചിരിക്കണം ആ ചുംബനങ്ങള്‍ക്കിടയില്‍ ..അതിനു മുന്‍പൊരിക്കലും അമ്മ കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല ..അപ്പുവണ്ണന്‍ എന്നെ പറ്റിക്കാനായി പറഞ്ഞതാണെന്ന് അമ്മ എന്നോട് വ്യക്തമാക്കി .. അമ്മയുടെ വാക്കുകളില്‍ എന്നോടുള്ള വാത്സല്യം ഒഴുകുന്നുണ്ടായിരുന്നു ..ആ വാത്സല്യമായിരുന്നു എന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയും ..



എന്റെ മനസ്സില്‍ മുഴച്ചു നിന്നിരുന്ന ഒരേയൊരു ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല ..”ലീലാമ്മയുടെ കൈയിലെ കാക്കപ്പുള്ളി എന്റെ കൈയിലെങ്ങനെ വന്നു ?”

6 comments:

  1. ഓർമ്മകളിൽ കണ്ണുനീരിന്റെ ഉപ്പു രസമുണ്ടെങ്കിലും ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ തന്നെ ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടല്ലേ.. എന്തായാലും ഒരു ഡി എൻ എ ടെസ്റ്റ് റിസൾട്ട് ഇല്ലാതെ തന്നെ സത്യം ബോദ്ധ്യപ്പെട്ടല്ലോ.... നന്നായി...

    ReplyDelete
  2. ആ കാക്കപുള്ളിയില്‍ ആണ് നിന്റെ സൗന്ദര്യം ആ കാക്കപുള്ളിയെ സ്നേഹിക്കുക

    ReplyDelete
  3. ഉള്ളിൽ തട്ടിയ എഴുത്ത്!
    ആശംസകൾ!

    (ഹു ആം ഐ എന്ന തലക്കെട്ട് ഇപ്പോൾ എന്നെ കൂടുതൽ ചിന്തിപ്പിക്കുന്നു!)

    ReplyDelete
  4. thanq for reading..inium vayich abhipraayam parayanee

    ReplyDelete
  5. കുട്ടികളേ കളിയാക്കാന്‍ (വേദനിപ്പികാന്‍ ?) പലരും പറയാറുണ്ട് , നിനെ തവിട് കൊടുത്തു വാങ്ങിയതാണ്, തമിഴാന്റെയ് കയില്‍ നിന്നും വാങ്ങിയതാണ് എന്നും മറ്റും... പക്ഷേ പലപോഴും അത് കുട്ടികളില്‍ ഒരുപാടു വേദന ഉണ്ടാകുനുണ്ട് എന്നത് പലരും ശ്രധികാറില്ല ... ഇത് വായിച്ചപോള്‍ എന്റെ കുട്ടികാലം ഓര്മ വരുന്നു ...

    ബ്ലോഗ്‌ നന്നായിടുണ്ട് ... ഇനിയും ഒരുപാടു എഴുതുക. ...ആശംസകള്‍...

    ReplyDelete
  6. valare nannayit und.................

    ReplyDelete