Friday, 23 July 2010

ലീലാമ്മ

ഞങ്ങടെ നടുമുറ്റത്തെപ്പോഴും തുമ്പികള്‍ പാറി നടക്കുന്നുണ്ടാവും ..


മുറ്റത്തെ വടക്കേ കോണിലെ മൊസാന്തയില്‍ എപ്പോഴും എറുമ്പിന്‍ കൂട്ടം ..ആ പൂക്കളുടെ കൂട്ടുകാരായിരിക്കാം ആ ഉറുമ്പുകള്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ..അതുകൊണ്ടല്ലേ അവ ആ പൂക്കളിറുക്കാന്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കുത്തി നോവിപ്പിച്ചിരുന്നത് ..

കിണറ്റിനകത്തെ രണ്ടാമത്തെ പടിയില്‍ എത്ര വെട്ടിയാലും ആലുകള്‍ മുളച്ചു വന്നു കൊണ്ടിരുന്നു .ആ ആലുകളും കിണറിന്റെ കൂട്ടാളി ആയിരിക്കാം...

കിണറ്റിന്‍ കരയിലെ തുണി നനക്കുന്ന കരിങ്കല്ലിനു താഴെ എപ്പോഴും ഒരു മാക്രി കണ്ണുകള്‍ വെട്ടിച്ചു കൊണ്ടിരുന്നു ..അവ ആകാശത്ത് മേഘങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതാവും ....

സന്ധ്യകളില്‍ ലോഡ് ഷെഡഡിങ്ങിന്റെ നേരത്ത് ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്നെ ശല്യപ്പെടുത്തിയപ്പോഴൊക്കെ ജനലിന്റെ കീഴത്തെ പാളി തുറന്നു ഞാന്‍ മിന്നാമിന്നികളെ എണ്ണിക്കൊണ്ടിരുന്നു ..

അങ്ങനെയൊക്കെ ഒരു കൂട്ടം ഓര്‍മ്മകള്‍ ..


അങ്ങനെ മനസ്സില്‍ ജീവനുള്ള കുറെ ഓര്‍മ്മകള്‍ക്ക് കാരണമായ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കെ ഒരു മീന്‍കാരി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ..എന്നു വച്ചാല്‍ പകലും രാത്രിയും അവരെ കുറിച്ച് മാത്രം ചിന്തിച്ച കുറെ ദിവസങ്ങള്‍ ...


കറുത്ത് മെലിഞ്ഞു മൂക്കുത്തിയിട്ട ഒരു മീന്‍കാരി ..ലീലാമ്മ ...ഞങ്ങളുടെ വീട്ടില്‍ എന്നും രാവിലെ എത്തുന്ന അതിഥി ..എന്റെ ഓര്‍മ്മ തെളിയുമ്പോള്‍ മുതല്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ മീനും കൊണ്ട് വരുന്നുണ്ട് .. മീനിന്റെ ചെതുമ്പല്‍ കണക്കെ അവരുടെ കൈയൊക്കെ വരണ്ട് അടര്‍ന്നിരുന്നു. കറുത്ത ഒരു ചരട് കഴുത്തില്‍ കെട്ടിയിട്ടുണ്ട് ..മിക്കവാറും ഞങ്ങടെ വീട്ടിലെ പുളിയന്‍ മാങ്ങയും അമ്പഴങ്ങയുമെല്ലാം അവരുടെ മീന്‍പാത്രത്തില്‍ സ്ഥാനം പിടിച്ചു ..അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ കുസൃതിത്തരങ്ങല്‍ക്കൊടുവില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു ..ലീലാമ്മയുടെ മകളാണത്രേ ഞാന്‍ ..എന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലണയ്ക്ക് വിറ്റിട്ട് പോയവരാണ് ലീലാമ്മ ..ഒരു തെല്ലു സംശയം ഉണ്ടായെങ്കിലും ഞാനത് പാടെ അവഗണിച്ചു ..

പിന്നെ ഓരോ ദിവസവും അവര്‍ വരുമ്പോഴൊക്കെ അപ്പുവണ്ണന്‍ അവരെക്കുറിച്ച് വിശദവിവരണങ്ങള്‍ നിരത്തും ..അപ്പോള്‍ എനിക്കും ഒരു സംശയം .ഇനി അവരാണോ എന്റെ അമ്മ ..എന്റെ മനസ്സില്‍ സംശയത്തിന്റെ വേരുകള്‍ മുളച്ചു തുടങ്ങി ..എന്റെ അമ്മയുടെ നേരിയ ഛായ പോലും എനിക്കില്ല ..പക്ഷെ ലീലാമ്മയുടെ ഛായയും എനിക്കുള്ളതായി തോന്നിയില്ല .. എന്റെ സംശയത്തിന്റെ വേരുകളുറപ്പിക്കാനായി അപ്പുവണ്ണന്‍ നിരത്തിയ വാദങ്ങള്‍ സത്യമാണെന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ..അതിനു വ്യക്തമായ ചില കാരണങ്ങളും ഉണ്ടായിരുന്നു ..ലീലാമ്മയുടെ വലത്തേ കൈയിലുണ്ടായിരുന്ന കാക്കപ്പുള്ളി എന്റെ കൈയിലും അതെയിടത്ത് സ്ഥാനം പിടിച്ചിരിക്കുന്നു ..ഇതിനുമേല്‍ വ്യക്തമായ ഒരു തെളിവിനി എനിക്കാവശ്യമുണ്ടായിരുന്നില്ല ..


ഞാന്‍ ലീലാമ്മയെ ശ്രദ്ധിച്ചു തുടങ്ങി ..എന്തായാലും എന്റെ അമ്മയാണല്ലോ ..എന്റെയും ലീലാമ്മയുടെയും ശരീരത്ത് കൂടി ഒഴുകുന്ന രക്തം ഒന്നാണെന്ന് ഞാന്‍ വിശ്വസിച്ചു ..അവരുടെ ഓരോ ചേഷ്ടകളും ഞാന്‍ നോക്കിക്കണ്ടു..അതിനിടെ വീട്ടിലാരെങ്കിലും മീന്‍കാരിയായ ലീലാമ്മയെ "മരക്കാത്തി" എന്നെങ്ങാനും വിളിച്ചെന്ന് കേട്ടാല്‍ ഞാന്‍ നിരാഹാരസത്യാഗ്രഹവും നടത്തിപ്പോന്നു ..അമ്മയുടെ ലാളനയെക്കാള്‍ ഞാന്‍ ലീലാമ്മയുടെ എന്നിലേക്കുള്ള നോട്ടത്തെ ശ്രദ്ധിച്ചു ..അവരുടെ പുത്രി ആയതു കൊണ്ടായിരിക്കാം അവരെന്നെ നോക്കുന്നത് എന്നായി എന്റെ ഭാവന..


ഞാന്‍ എന്റെ അമ്മ പറയുന്നതൊന്നും അനുസരിക്കാതെയായി ..ഞാന്‍ ആ വീട്ടില്‍ അനാഥയാണെന്ന ബോധം എന്റെ മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്നു ..പല രാത്രികളിലും ഞാന്‍ ലീലാമ്മയെ ഓര്‍ത്തു കരഞ്ഞു ..എന്തുകൊണ്ടെന്നെ ലീലാമ്മ ഉപേക്ഷിച്ചു ..കാലണയ്ക്ക് വേണ്ടിയോ ?  എന്നൊക്കെയുള്ള ഒരനവധി ചോദ്യങ്ങള്‍ ..എന്റെ അനുസരണക്കേടുകള്‍ അമ്മയെ വിഷമിപ്പിക്കാന്‍ തുടങ്ങി അപ്പോഴേക്കും ..


ലീലാമ്മയെ മരക്കാത്തിയെന്നു വിളിക്കുമ്പോള്‍ എന്റെ അനുസരണക്കേടുകള്‍ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലകയും താണ്ടി പ്പോയി ..സഹികെട്ടപ്പോഴൊക്കെ എന്റെ അമ്മ ഓലക്കാലിലെ ഈര്‍ക്കില്‍ മാറ്റിയിട്ട് ഓലത്തോല് കൊണ്ടെന്നെ അടിച്ചു .. പാവം !


അങ്ങനെ ഇടയിലൊരു ദിവസം ലീലാമ്മയെ കാത്തിരുന്ന എനിക്ക് നിരാശപ്പെടേണ്ടി വന്നു .അവര്‍ അന്ന് വന്നില്ല .

ഉച്ചവരെ ഞാന്‍ ലീലാമ്മയെ പ്രതീക്ഷിച്ചു ..പക്ഷെ അവര്‍ വന്നില്ല ..മീന്‍ കിട്ടാഞ്ഞതിനാല്‍ “മരക്കാത്തിക്കിന്നെന്തു പറ്റിയോ എന്തോ ” എന്ന അമ്മയുടെ കാര്യം പറച്ചില്‍ അടുക്കളയില്‍ നിന്നും ഞാന്‍ കേട്ടു ..എനിക്ക് ലീലാമ്മയെ കാണാത്തതിലുള്ള സങ്കടവും അമ്മയോടുള്ള ദേഷ്യവും ഒക്കെക്കൊണ്ട് കണ്ണുകള്‍ കലങ്ങി ..ഞാനാരോടും ഒന്നും മിണ്ടിയില്ല ..കട്ടിലില്‍ പോയി ഒരേ കിടപ്പ് ..

ഉച്ചക്ക് ഊണ് കാലമായപ്പോള്‍ അമ്മ വന്നെന്നെ വിളിച്ചു .ഞാന്‍ കേട്ട ഭാവം പോലും നടിച്ചില്ല ..പിന്നെയും പിന്നെയും അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം ഉയരുന്നത് ഞാന്‍ കേട്ടു ..എന്നിട്ടും ഞാന്‍ അനങ്ങിയില്ല ..അമ്മയോടുള്ള പക ആയിരുന്നു മനസ്സില്‍ ..കുറെ കഴിഞ്ഞ് അമ്മ പാത്രത്തില്‍  ചോറുമായി ഉരുളയുരുട്ടി എന്നെ ഊട്ടനായി വന്നു ..സങ്കടവും ദേഷ്യവും ഉച്ചസ്ഥായിയിലെത്തിയപോള്‍ ഞാന്‍ അമ്മ വച്ച് നീട്ടിയ പാത്രത്തില്‍ ഒരൊറ്റത്തട്ട് ..ചോറും കറികളും നാലു പാടും തെറിച്ചു പോയി ..ഞാന്‍ തട്ടി മാറ്റിയ സ്റ്റീല്‍ പാത്രത്തിന്റെ മുഴക്കം ഞങ്ങളുടെ വീട്ടിലും ആ പരിസരത്തുള്ള വീടുകളിലും മുഴങ്ങി കേട്ടു . അമ്മ ഒന്നു ഞെട്ടി .. ദേഷ്യപ്പെട്ടു .. അതിനൊക്കെയുള്ള ഉത്തരമായി ഞാന്‍ പറഞ്ഞു ..”ഞാന്‍ അമ്മയുടെ മകളല്ല ,അമ്മ എന്റെ അമ്മയല്ല ..ഞാനെല്ലാം അറിഞ്ഞു ” കരച്ചിലിന്റെ വക്കില്‍ എന്റെ പാതി വാക്കുകള്‍ മുറിഞ്ഞിരുന്നു .അമ്മക്കൊന്നും മനസ്സിലായില്ല ..”എന്താ നീ ഈ പറയുന്നേ ,ഈ കള്ളത്തരങ്ങളൊക്കെ നിന്നോടാരാ പറഞ്ഞെ ?” എന്ന് അമ്മ അതിശയത്തോടെ ചോദിച്ചു .. അതിനു മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല ..ഞാന്‍ തേങ്ങിത്തേങ്ങി കരഞ്ഞു ..


അമ്മ എന്നെ കെട്ടിപ്പിടിച്ചു കുറെ ചുടുചുംബനങ്ങള്‍ കവിളത്തു തന്നു ..എന്റെ കണ്ണുനീര്‍ അമ്മയുടെ ചുണ്ടുകളില്‍ പറ്റി ..അമ്മയ്ക്ക് ഉപ്പുരസം രുചിച്ചിരിക്കണം ആ ചുംബനങ്ങള്‍ക്കിടയില്‍ ..അതിനു മുന്‍പൊരിക്കലും അമ്മ കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല ..അപ്പുവണ്ണന്‍ എന്നെ പറ്റിക്കാനായി പറഞ്ഞതാണെന്ന് അമ്മ എന്നോട് വ്യക്തമാക്കി .. അമ്മയുടെ വാക്കുകളില്‍ എന്നോടുള്ള വാത്സല്യം ഒഴുകുന്നുണ്ടായിരുന്നു ..ആ വാത്സല്യമായിരുന്നു എന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയും ..എന്റെ മനസ്സില്‍ മുഴച്ചു നിന്നിരുന്ന ഒരേയൊരു ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല ..”ലീലാമ്മയുടെ കൈയിലെ കാക്കപ്പുള്ളി എന്റെ കൈയിലെങ്ങനെ വന്നു ?”

Tuesday, 20 July 2010

ഭ്രാന്തം
മരുഭൂമിയായെന്‍ ജീവിതം,
മരുപ്പച്ച തേടിയെന്‍ സ്വപ്‌നങ്ങള്‍,
പ്രണയിക്കുന്ന കരങ്ങളും,
സാന്ത്വനമെന്ന ഗാനവും,
അങ്ങാ മഹാസാഗരത്തിനപ്പുറം..
തെളിനീരിനായി മഞ്ചമെത്താന്‍,
ഒരു നൂറുവത്സരങ്ങളും..
ദാഹിച്ചു വരളുന്നു, പൊള്ളുന്നു,
ദേഹവും ദേഹിയും ..
ചുടലദൈവങ്ങള്‍ കൊഞ്ഞനം
കുത്തിയും ,കോക്രി കാട്ടിയും
കുടിച്ചെന്‍ കണ്ണുനീര്‍ ..
തളരുന്നിളം കാലുകള്‍..
കൈത്താങ്ങെന്ന പ്രതീക്ഷയും
ഒരു സന്ധ്യയായി,
ചക്രവാളത്തിനപ്പുറം...
രാക്ഷസ താണ്ഡവത്തില്‍,
പൊടിഞ്ഞെന്‍ മണ്‍പടവുകള്‍..
കിരാത ബാണവും പേറി,
നെഞ്ചില്‍ ജീവനെന്ന
ആത്മനിശ്വാസവും ..
ജീവിതം രൌദ്രമായ് ,
പരന്നിരുട്ടെന്‍ പരമാണുവില്‍,
അജ്ഞാതമായി ബോധവും..
ശപിച്ചെന്‍ ജാതകം,
ഞാനെന്ന സത്യത്തെ ..
കൊട്ടിയടച്ച കിളിവാതിലില്‍
പിന്നെയും തേടിയലഞ്ഞു ,
പ്രതീക്ഷയെന്ന പറവയെ..
വട്ടമിട്ടു കീറിപ്പറിച്ചു ,
പരുന്തുകള്‍ പ്രതീക്ഷയെ..
കള്ളിമുള്ളൂകള്‍ കുത്തി
നോവിച്ചു എന്നിലെ മാംസത്തെ..
ഘടികാരത്തിന്‍ കാലൊച്ചകള്‍,
പേടിപ്പിച്ചു ഭാവിയെ..
ഭ്രാന്തമായി മാനസം,
ഭ്രാന്തിയായി ഞാനും,
തെളിനീരിനായി ..

Monday, 19 July 2010

മേലുദ്യോഗസ്ഥൻ

അയാള്‍ ചെറുപ്പമാണ്. പ്രായം ഏകദേശം മുപ്പതിനോടടുക്കും. നീളം 4 അടി 7 ഇഞ്ച്‌ ചിലപ്പോള്‍ കാണും. അല്ലെങ്കില്‍ അതിനും താഴെ.എന്തായാലും അതില്‍ കൂടാന്‍ ഇടയില്ല. എന്റെ അഭിപ്രായത്തില്‍ എഴുന്നേറ്റു നടക്കാന്‍ കെല്‍പ്പില്ലത്തവന്‍. പൊടി മീശക്കാരന്‍. പൊടിച്ചു വരുന്ന മീശക്കു ഇളം ചാര നിറം. അതെന്താ അങ്ങനെ ? അറിയില്ല .. കൈയില്‍ പിഞ്ഞാണം കൊണ്ടുണ്ടാക്കിയ രണ്ടു മോതിരം..ഒന്നില്‍ വെള്ളക്കല്ല് പതിപ്പിച്ചിട്ടുണ്ട്.
വായ തുറന്നാല്‍ നാക്കിന്‍ തുമ്പില്‍ ഇന്ത്യമഹാരാജ്യത്തെ നാനാവിധ ഭാഷകള്‍. കൂടാതെ എനിക്കൊട്ടും വഴങ്ങാത്ത അറബിയും. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിക്കും അപാരഭാഷാജ്ഞാനം.. ആ മാന്യ മഹാവ്യക്തിക്ക് ദൈവം ശരീരം കൊടുക്കാതെ, ഇവന്‍ ഭാഷാജ്ഞാനം കൊണ്ട് തൃപ്തിപ്പെട്ടോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവണം ..എപ്പോഴും കംപ്യുട്ടറിന്റെ മുമ്പിലിരുന്നു കാലും ചലിപ്പിച്ചു കൊണ്ട് കീ ബോര്‍ഡുകൊണ്ട് കളം വരച്ചു കൊണ്ടിരിക്കും.. അപ്പോഴൊക്കെ പണ്ട് മുത്തശ്ശി കാലാട്ടാതെ ഇരിക്കാന്‍ എന്നോട് പറയാറുള്ളത്‌ ഞാനോര്‍ക്കും. കൂടാതെ ഏമ്പക്കം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.മണിക്കൂറില്‍ രണ്ടു പ്രാവശ്യം എങ്കിലും അദ്ദേഹം ആ അപശബ്ദം പുറപ്പെടുവിക്കും.ഒരു പക്ഷെ അമ്മയുടെ പൊക്കിള്‍ കൊടിയില്‍ നിന്നും അദ്ദേഹത്തെ വേര്‍പെടുത്തിയപ്പോള്‍ മുതല്‍ തന്നെ  അദ്ദേഹം ഏമ്പക്കം വിട്ടു തുടങ്ങിയിട്ടുണ്ടാവണം.. ഈ ലോകത്തെ അടക്കി ഭരിക്കുന്നത് പുള്ളിയാണെന്നാണ് ആ മാന്യ മഹാദേഹത്തിന്റെ വിചാരം. അല്ല ആ അധികാരം എന്റെത് മാത്രമാണെന്ന് ഞാനും  അഹങ്കരിച്ചു കൊണ്ടിരുന്നു ..
 


അങ്ങനെയിരിക്കെ,  എന്റെ മേലുദ്യോഗസ്ഥന്റെ കാബിനില്‍ ഞാന്‍ പോകാനിടയായി.അദ്ദേഹം കംപ്യുട്ടറില്‍ ഏതോ ഫോട്ടോ നോക്കുകയായിരുന്നു..ഈ ചെറുപ്പക്കാരന്‍ ആരുടെ  ഫോട്ടോ ആയിരിക്കണം ഇത്ര കൌതുകപൂര്‍വ്വം വീക്ഷിക്കുന്നത്? ഞാന്‍ എന്നോട്  ചോദിച്ചു. ഞാന്‍ ഫോട്ടോ കാണുന്നതിനു വേണ്ടി ഒന്നെത്തി നോക്കി ..ജനിച്ചിട്ട് അധിക മാസങ്ങള്‍ ആകാത്ത ഒരു കുഞ്ഞാണ് ഫോട്ടോയില്‍..നല്ല കറുത്ത നിറം..ഏകദേശം എന്റെ കറുപ്പിനോളം.. ആ കുഞ്ഞിനെ കണ്ട് എനിക്ക് ഒരു ഓമനത്തവും തോന്നിയില്ല.   ഞാന്‍ കാണുന്നെന്നു മനസിലായ അദ്ദേഹം കുഞ്ഞിനെ എനിക്ക് പരിചയപ്പെടുത്തി .. അത് അയാളുടെ  കുഞ്ഞാണത്രെ .. സന്തോഷത്തോടെ അല്ല അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു .. ഈ നിവര്‍ന്നു നടക്കാന്‍ കെല്‍പ്പില്ലാത്തവനും  കൊച്ചോ?.. അപ്പോള്‍ ആദ്യം മനസ്സിലോടിയെത്തിയത് ആ ചോദ്യം ആയിരുന്നു..
 


സൌന്ദര്യവും വാചാലതയും ഇല്ലാത്തവരോടെല്ലാം എനിക്ക് എന്നോടുള്ളത് പോലെ പുച്ച്ചം ആയിരുന്നു..പക്ഷെ എന്റെ മേലുദ്യോഗസ്ഥനെ ഞാനൊരിക്കലും പുച്ച്ചിച്ചിരുന്നില്ല..പല ഭാഷകളും നിഷ്‌പ്രയാസം കൈകാര്യം ചെയ്തു അദ്ദേഹം എന്റെ ശ്രദ്ധ പിടിച്ചു പറ്റി.എനിക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ എന്റെ ശ്രദ്ധാ കേന്ദ്രം ആയി.എന്റെ മേലുദ്യോഗസ്ഥന്റെ ഭാഷാജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.
ആയിടെ ആണ് ഫോണോഫോബിയ എന്ന രോഗം എനിക്ക് പിടിപെട്ടത് .ഈ ലോകത്തില്‍ ഞാന്‍ ഏറവും ഭയപ്പെടുന്ന സാധനം ഫോണ്‍ ആയിത്തുടങ്ങി. ഓഫീസിൽ ഫോൺ നിർത്താതെ ബെല്ലടിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉൾക്കിടിലം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല..ഒരു ദിവസം വേറൊരു നിവർത്തിയുമില്ലാതെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.അങ്ങേ തലയ്ക്കൽ കേട്ട ഭാഷ ഏതാണെന്നു പോലും മനസ്സിലാവാതെ ഞാൻ വിക്കി വിക്കി സംസാരിച്ചു.അവസാനം ആരും ഞാൻ സംസാരിക്കുന്നത് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ഫോൺ താഴെ വച്ചു. ശേഷം ഒരു ദീർഘ നിശ്വ്വാസം..ഭാഗ്യം ആരും കണ്ടില്ല..അങ്ങനെ ഓരോ ദിവസവും രസകരങ്ങളും ചിലപ്പൊൾ ഒരു പൊടി പേടിപ്പെടുത്തുന്നതുമായ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.
അങ്ങനെ ഒക്കെ ജീവിതം തള്ളി നീക്കുന്നതിനിടയില്‍ ജോലികള്‍ നന്നേ കുറവായിരുന്ന കുറച്ചു ദിവസങ്ങള്‍ കടന്നു വന്നു.ചെയ്യാന്‍ ഒരു ജോലികളും ഇല്ല..എ സി യുടെ കൊടും തണുപ്പില്‍ സമയം എങ്ങനെ തള്ളി നീക്കണം എന്നറിയാത്ത ദിവസങ്ങള്‍..അപ്പോഴേക്കും ജിമെയിലില്‍ കുറെ‍പ്പേര്‍ ഓണ്‍ലൈന്‍ ആയി.എനിക്കറിയുന്നവരും അറിയാത്തവരുമുണ്ട് അക്കൂട്ടത്തില്‍..എന്തായാലും ചാറ്റ് ചെയ്തു കുറച്ച സമയം ചെലവഴിക്കാമെന്നു തന്നെ വിചാരിച്ചു. അറിയാവുന്നവര്‍ എന്ന് പറഞാല്‍ ആളിനെ അറിയാം.അത്ര തന്നെ..അത്ര അടുപ്പമുല്ലവരല്ല .. അവരോടെങ്ങനെ അങ്ങോട്ട് കയറി ഹായ് പറയും ?അതായി അടുത്ത പ്രശ്നം.. ഒരു ചെറിയ അഭിമാന പ്രശ്നം..അവര്‍ എന്ത് വിചാരിക്കും ..അങ്ങനെ ഒക്കെ ഉള്ള ചിന്തകള്‍ .അപ്പോഴേക്കാണ് അങ്ങേത്തലക്കലില്‍ നിന്ന് ഒരു ഹായ് വന്നു വീണത് ..ഓ ആശ്വാസം ..പക്ഷെ ഒരു അപരിചിതന്‍ ആണ് .മുന്‍പ് സംസാരിച്ചിട്ടുണ്ടെന്നൊക്കെയാണ് പറയുന്നത് .പക്ഷെ എന്റെ ഓര്‍മ്മയുടെ കോണിലൊന്നും അത് തെളിഞ്ഞില്ല..അങ്ങനെ പരിചയപ്പെട്ടു.. തൃശൂര്‍കാരനാണ് ..എന്തായാലും പുള്ളിയെ കത്തി എന്ന് പറഞ്ഞാല്‍ പോര..വെട്ടുകത്തി എന്ന് തന്നെ പറയണം ..കുറെ ലോക കാര്യങ്ങളൊക്കെ സംസാരിച്ചു. അവസാനം മൂര്‍ച്ചയേറിയ ആ കത്തി തുളച്ച് കയറി, എന്റെ കഴുത്തില്‍ നിന്നും രക്തധാരകള്‍ ഒഴുകാന്‍ തുടങ്ങി..എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.
അതിനിടെ എന്റെ മേലുദ്യോഗസ്ഥന്‍, അതായത് എനിക്ക് പണി തരുന്ന ആള്‍, എനിക്ക് പണി തരാനായി എന്റെ സീറ്റിനടുത്തേക്ക്‌ വന്നു...ഞാന്‍ കത്തി തുളച്ചു കയറിയതിന്റെ വേദനയൊന്നും പുറമേ കാട്ടാതെ വിനയാന്വീതയായി അയാള്‍ പറയുന്നതൊക്കെ കേട്ടു. ഉടനെ ജോലി ചെയ്യാനായി തയ്യാറെടുത്തു. പക്ഷെ കത്തി എന്റെ കഴുത്തില്‍ തന്നെ അമര്‍ന്നിരിക്കുകയാണ് .പിടി വിടുന്നില്ല ..അങ്ങനെ പെട്ടെന്ന് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു,സൈന്‍ ഔട്ട്‌ ചെയ്തു .ഇടയ്ക്കു ഹെഡ് ഓഫീസിലേക്ക് ഒരു മെയില്‍ അയക്കേണ്ട ആവശ്യത്തിനായി ജിമെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ കത്തി നേരെ നെഞ്ചത്തേക്ക് പതിച്ചു.പിന്നെ വൈകുന്നേരം ജോലികളൊക്കെ ചെയ്തു കഴിഞ്ഞപ്പോള്‍ ഒന്ന് റിലാക്സ്‌ ചെയ്യാനായി ഞാന്‍ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു .ദേ വീണ്ടും ആ ഭീകരമായ കത്തി എന്നെ തേടി വന്നിരിക്കുന്നു.
           


ലോകവിവരണം കഴിഞ്ഞിനി വീട്ടു വിശേഷത്തിലേക്ക് കടക്കാമെന്ന് കക്ഷി വിചാരിച്ചിട്ടുണ്ടാവണം. അങ്ങനെ വീട്ടുവിശേഷങ്ങള്‍ ഒന്നൊന്നായി ചോദിച്ചു തുടങ്ങി. ആദ്യത്തെ ചോദ്യം വീട്ടിലാരോക്കെയുണ്ടെന്നാണ്. ഞാനും എന്റെ ഹസ്സും ഉണ്ടെന്നു ഞാന്‍ വ്യക്തമാക്കി. അടുത്ത ചോദ്യം "ആര്‍ യു മാരീഡ് " ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചു.അത് പോലെ തന്നെ സംഭവിച്ചു.പിന്നെ അടുത്ത സംശയം കുട്ടികള്‍ ഉണ്ടോ എന്നാണ് .ആ ചോദ്യത്തിന് ഞാന്‍ വിശദവിവരണത്തോടെ ഉത്തരം വ്യക്തമാക്കി. മൂത്തമകന്‍ പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയിരിക്കുന്നെന്നും ഇളയ മകന് ഒരു വയസേ ഉള്ളൂ എന്നും കളങ്കത്തിന്റെ ലാഞ്ചന പോലും ഏല്‍ക്കാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു.. പിന്നീട് ചോദ്യങ്ങള്‍ കുറവായിത്തുടങ്ങി..കത്തിയുടെ മൂര്‍ച്ച നഷ്ടപ്പെട്ടത് പോലെ..ഞാന്‍ അങ്ങോട്ടേക്ക് ഒരു ഹായ് എറിഞ്ഞു കൊടുത്താല്‍ പോലും പ്രതികരണം ഇല്ല. അദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു..എന്തായാലും ഇനി ആശ്വാസത്തോടെ ഓണ്‍ലൈന്‍ ആവാമെന്നായി എനിക്ക്..
പിന്നെയും ജോലിത്തിരക്കുകള്‍ തുടങ്ങി .എന്റെ ജോലികള്‍ ഭംഗിയാക്കുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തി..പലപ്പോഴും ഭാഷ ശല്യം ചെയ്തു കൊണ്ടിരുന്നു..അത് കാരണം അപകര്‍ഷതാബോധം എന്നേക്കാള്‍ ഉയരത്തില്‍ എന്നില്‍ വളര്‍ന്നു നിന്നു. എന്റെ മേലുദ്യോഗസ്ഥനെ കാണുമ്പോളാണ് അത് കൂടുതല്‍ പ്രകടമാകുന്നത്. അദ്ദേഹം എപ്പോഴും ഭാഷകളെ എരിവും പുളിയും ചേര്‍ത്ത് പലര്‍ക്കും വിളമ്പിക്കൊണ്ടിരുന്നു..ആ പാചകം എനിക്ക് ആയാസകരം തന്നെയാണ് .ഞാന്‍ സമ്മതിക്കുന്നു..പക്ഷെ എങ്ങനെയെങ്കിലും ഈ അപകര്‍ഷതാബോധത്തില്‍ നിന്നും കര കയറിയേ പറ്റൂ .അല്ലെങ്കില്‍ അതിനോടൊപ്പം ഞാനും ദഹിച്ച് പോകും...
അങ്ങനെയിരിക്കെ ഒരു ഫാക്സ് വന്നു ഹിന്ദിയില്‍..ഞാന്‍ സുരക്ഷിതമായി അതെടുത്ത് എനിക്ക് പണി തരുന്ന എന്റെ മേലുദ്യോഗസ്ഥനെ കൊണ്ടേല്പിച്ചു . അയാള്‍ അതു കണ്ടിട്ട് എന്നോട് ചോദിച്ചു എനിക്ക് ഹിന്ദി വായിക്കാന്‍ അറിയാമോ എന്ന് .. അറിയാമെന്നു ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.. എങ്കിലും അപകര്‍ഷത എന്ന കറ ആ അഭിമാനബോധത്തില്‍ പറ്റിപ്പിടിച്ചിരുന്നോ എന്നെനിക്ക് സംശയം ഉണ്ട്. അപ്പോഴേക്കും അയാള്‍ ആ പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഒരു നിമിഷം അമ്പരന്നു..അപ്പൊ ഈ മാന്യ മഹാദേഹത്തിനു ഹിന്ദി വായിക്കാന്‍ അറിയില്ല..ഞാന്‍ മനസ്സിലാക്കി..ഞാന്‍ അപകര്‍ഷതയെന്ന കറയ്ക്ക് പകരം കുറച്ച് അഹന്തയില്‍ ചാലിച്ച അഭിമാനത്തോടെ അതു മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു..
എന്റെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞു ..അങ്ങനെ എന്റെ മേലുദ്‌ധ്യോഗസ്ഥന്റെ ഹിന്ദി വായിക്കുന്നതിലെ അജ്ഞത, അപകര്‍ഷതാ ബോധത്തിന്റെ ഇരുണ്ട അറയ്ക്കുള്ളില്‍ നിന്നെന്നെ കൈപിടിച്ചെഴുന്നേല്പിച്ചു.

Friday, 16 July 2010

ആന്റിക്രൈസ്റ്റ്


ഒരു വെളിപ്പാടകലെ , ജീവിതത്തിലെ വലിയ, ഭീകരമായ ഒരു സത്യം വെളിപ്പെട്ടു. "ഭീകരമായ"എന്നതിനെ വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല .പക്ഷെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.അപ്പോഴെനിക്കുണ്ടായ മനോവികാരം നിമിത്തം അങ്ങനെ വിശേഷിപ്പിപ്പിക്കാനെ കഴിയുന്നുള്ളൂ എന്ന് വേണം പറയാന്‍.


ഞാന്‍ എന്ന് ഈ സംഭവത്തില്‍ പറയുന്ന വ്യക്തി സാധാരണയില്‍ സാധാരണക്കാരിയും ആഴ്ചപ്പതിപ്പിലെ "ഡോക്ടറോട് ചോദിക്കാം" എന്ന പംക്‌തിയുടെ സ്ഥിരം വായനക്കാരിയുമാണ്."ഡോക്ടറോട് ചോദിക്കാം" കൂടാതെ കിനാവും കണ്ണീരും, വനിതയിലെ കോത്താ രിയുടെ ചോദ്യത്തര പംക്തികളും വായിച്ചു വരുന്നു..


അപ്പുറത്തെ ബേബി ആന്റി യുടെ വീട്ടില്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാണാനിടയായ റേപ് സീന്‍ കണ്ടപ്പോള്‍ മുതലാണ്‌ എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത് .റേപ് സീന്‍ എന്ന് വച്ചാല്‍ അപ്പോള്‍ ലൈവ് ആയിട്ട് കണ്ടെന്നല്ല, ടിവിയില്‍ കണ്ട രംഗം .അന്നാ രംഗം കണ്ടപ്പോള്‍ കാരണമില്ലാത്ത ഒരു രോമാഞ്ചം..അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബയോളജിയോ കെമിസ്ട്രിയോ എനിക്കന്നു മനസ്സിലായില്ല.


എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.എന്തൊക്കെയോ കാര്യങ്ങള്‍ എനിക്കറിയാതെ ഈ ലോകം എന്നില്‍ നിന്ന് മറക്കുന്നതായി എനിക്ക് തോന്നി തുടങ്ങി . പിന്നീട് തിരച്ചിലിന്റെ നീണ്ട നാളുകള്‍..അങ്ങനെയിരിക്കയാണ് എവിടെ നിന്നോ കിട്ടിയ ആഴ്ചപ്പതിപ്പില്‍ നിന്നും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആ പംക്തി വായിക്കാനിടയായത് .ഞാനത് വായിച്ചു കൊണ്ടിരുന്നത് കണ്ട അമ്മ, ഇത് പോലുള്ള വാരികകള്‍ കുട്ടികള്‍ വായിച്ചുകൂട എന്ന ഒരു ഉപദേശം തന്നു. ഞങ്ങളുടെ പരിസരത്തുള്ള ഒരു ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി.അതിനു കാരണം ,അതായത് ആ ചേച്ചി വഴിതെറ്റി പോകാനുള്ള കാരണം, ഇതേ പോലുള്ള വാരികകള്‍ സ്ഥിരമായി വായിക്കാറുള്ളതാണത്രേ ..ഇങ്ങനെയായിരുന്നു അമ്മയുടെ വാദം.ആ വാദം തെറ്റായിരുന്നാലും ശരിയായിരുന്നാലും ആ ചേച്ചിയോട് മനസ്സില്‍ ദേഷ്യമാണ് തോന്നിയത്.ആ ചേച്ചി കാരണം എന്റെ വായന മുടങ്ങി.


ആ വാരിക പിന്നീട് ഞാന്‍ കണ്ടുമുട്ടിയത് വല്യമ്മേടെ വീട്ടില്‍ വച്ചാണ്.അവിടെ പോകുമ്പോളൊക്കെ വാരിക കൈക്കലാക്കി ഡോക്ടറോട് ചോദിക്കാമും കിനാവും കണ്ണീരും ഒക്കെ ഞാന്‍ വായിച്ചു .വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വല്യച്ചനോ വല്യമ്മയോ വന്നാല്‍ ആ പേജ് മാറ്റുന്നതും എന്റെ പതിവായിരുന്നു. ആ വാരികകളില്‍ നിന്നും എനിക്കൊരു വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല .പല വിശദീകരണങ്ങളും എന്റെ മനസ്സിലെ സംശയങ്ങള്‍ കൂട്ടിയതെ ഉള്ളു .
                                         
 പത്താം തരത്തിലെ പഠന തിരക്കിനിടയില്‍ മഹത്തായ ആ വായനാശീലം എനിക്ക് കൈമോശം വന്നു. ക്ലാസ് മുറിയിലെ പൊട്ടിച്ചിരികളില്‍ മതിമറന്നു മധുരപ്പതിനെഴും കഴിഞ്ഞു. ആ കാലാന്തരത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളൊന്നും തല പൊക്കിയതേയില്ല .


ശേഷം ഞാന്‍ ഹോസ്റ്റല്‍ മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ എത്തപ്പെട്ടു. അവിടെ എന്നെ വരവേറ്റത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറൊരു ലോകം ആയിരുന്നു..അമ്മയില്‍ നിന്നും അതുവരെ വിട്ടു പിരിഞ്ഞു നിന്നിട്ടില്ലാത്ത ഞാന്‍ അതൊക്കെ അമ്പരപ്പോടെ നോക്കിക്കണ്ടു...പിന്നെയും സംശയങ്ങള്‍ തലപൊക്കി തുടങ്ങി .


അവിടത്തെ ഹോസ്റ്റല്‍ മുറികളിലും ബാത്ത് റൂമിലെ ഭിത്തികളിലും കണ്ട കയ്യക്ഷരങ്ങള്‍ ഞാന്‍ കൂട്ടി ച്ചേര്‍ത്ത് വായിച്ചു നോക്കി ..ഞാന്‍ ഇതുവരെ കണ്ടിട്ടില്ല്ലാത്ത വാചകങ്ങള്‍ ..അപരിചിതമായ തലക്കെട്ടുകള്‍. .അവയുടെ ഒക്കെ അര്‍ഥം കൈയിലുണ്ടായിരുന്ന ഡിക്ഷ്ണറിയില്‍ തിരഞ്ഞു നോക്കി..അതില്‍ നിന്ന് കിട്ടിയ വാചകങ്ങള്‍ ഞാന്‍ എവിടൊക്കെയോ കണ്ടിട്ടുണ്ട് .ഓര്‍മ്മയെ പല പ്രാവശ്യം ചികഞ്ഞു നോക്കി. ഓരോ വാചകങ്ങള്‍ കണ്ടെത്തിയപ്പോഴും എന്റെ തലയില്‍ തലച്ചോറിന്റെ ഇടതുവശത്താണെന്നു തോന്നുന്നു ഒരു ട്യൂബ് ലൈറ്റ് മിന്നുകയും അണയുകയും ചെയ്തു കൊണ്ടിരുന്നു. പണ്ട് വായിച്ച വാരികകളില്‍ ഉണ്ടായിരുന്ന ചില പദങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു..പിന്നെയും സംശയങ്ങള്‍ കൂടോടെ തലപൊക്കി ..ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റിന്റെയും സെമെസ്റെര്‍ പരീക്ഷകളുടെയും തിരക്കിനിടയില്‍ കൂടോടെ തലപൊക്കിയ സംശയങ്ങള്‍ കൂടണയാതെ അവശേഷിച്ചു..


പിന്നെ ജോലി ഒന്നും കിട്ടാതെ എനിക്ക് വിഷാദരോഗം പിടിപെട്ടു.ആയിടെ അമ്മ, എന്നെ വല്യമ്മേടെ കൈകളില്‍ ഏല്പിച്ച്, അച്ഛന്റെ അടുത്തേക്ക് ,ദുഫായിലേക്ക് പറന്നകലുകയും ചെയ്തു.വീട്ടില്‍ വല്യച്ച്ചനും വല്യമ്മയും മാത്രം..ശനിയോ ഞായറോ ചേച്ചി വന്നാലായി.. ചേച്ചി എന്ന് പറയുന്ന വ്യക്തി എന്റെ കഥകളിലെ സ്ഥിരം കഥാ പത്രമാണ്‌. പുള്ളിക്കാരി തികച്ചും പരിഷ്കാരിയും ഒരു ഫെമിനിസ്റ്റും ആണ്. വെള്ളിയാഴ്ചകളില്‍ ചേച്ചി വീട്ടിലെത്തണമേ എന്നതായി എന്റെ പ്രാര്‍ത്ഥന ..വരുമ്പോള്‍ കൈനിറയെ പാല്‍പായസത്തെക്കാള്‍ മധുരമുള്ളതോ,അല്ലെങ്കില്‍ മനസ്സിന്റെ ആഴക്കയങ്ങളിലേക്കിറങ്ങി ചെല്ലുന്നതുപോലെയോ ഒക്കെ ഉള്ള ചലച്ചിത്രങ്ങളുടെ സിഡികളും പ്രതീക്ഷിക്കാം. മിക്കപ്പോഴും, ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ചേച്ചിയുടെ കൈവശം കൂടുതല്‍ ഉണ്ടാവുക.
 
അങ്ങനെ എന്റെ പ്രാര്‍ത്ഥനകളുടെ ഫലമെന്നോണം ആ വെള്ളിയാഴ്ച, മൂന്നാഴ്ചകള്‍ക്ക്‌ ശേഷം ചേച്ചി വീട്ടിലെത്തി.. എന്റെ പ്രതീക്ഷക്കൊത്ത്‌ സി ഡി കളും കൈയിലുണ്ട് . വെള്ളിയാഴ്ച ലോകവിവരങ്ങള്‍ ചര്‍ച്ച ചെയ്തു ഞങ്ങള്‍ സുഖമായുറങ്ങി. ശനിയാഴ്ച രാവിലെ ഉത്തരന്‍ എന്ന ഹിന്ദി സീരിയല്‍ കണ്ടതിനു ശേഷം ചേച്ചി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.സിനിമ കാണാനുള്ള തയ്യാറെടുപ്പാനെന്നു ഞാന്‍ മനസ്സില്‍ ഊഹിച്ചു .ഞാനും വല്യച്ച്ചനും ചേച്ചിയോടൊപ്പം ചെന്ന് സിനിമ കാണാനായി ആസനസ്ഥരായി..
                            
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ സിനിമയുടെ പേര് തെളിഞ്ഞു : ആന്റിക്രൈസ്റ്റ്. ഞാന്‍ അതിനെ വിഭജിച്ചു വായിച്ചു നോക്കി. ആന്റി, ക്രൈസ്റ്റ് .. പണ്ട് ഡാവിഞ്ചി കോഡ് തിയേട്ടറില്‍ പോയി കണ്ടതിന്റെ ഓര്‍മ്മ മനസ്സില്‍ ഓടിയെത്തി. ഒന്നും മനസിലാവാതെ ഉറക്കം തൂങ്ങിയിരുന്ന ഞാന്‍ സിനിമയുടെ ഇടയിലത്തെ ഒരു രംഗം കണ്ട് ഞെട്ടിയുണര്‍ന്നിരുന്നു .. തലയുടെ ഇടത്തെ വശത്ത് അന്നും ലൈറ്റ് കത്തി. ആ ഓര്‍മ്മയില്‍ നിന്നും ഇന്നിന്റെ റിയാലിറ്റി യിലേക്ക് ഞാന്‍ തിരിച്ചു വന്നു


 ശേഷം സിനിമ തുടങ്ങി . നടീ നടന്മാരുടെയും സംവിധായകരുടെയും പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു . അതാ ആദ്യത്തെ രംഗം..ഞാന്‍ ഞെട്ടിത്തരിച്ചു .ഒന്ന് കണ്ണുതിരുമ്മിയിട്ട് വീണ്ടും കണ്ണുതുറന്നു ഞാന്‍ നോക്കി.. തലയുടെ ഇടത്തെ വശത്ത് മിന്നിയ ലൈറ്റ് അണഞ്ഞില്ല .അതിപ്പോഴും കത്തിയിരിപ്പുണ്ട് ..എന്റെ മനസ്സില്‍ വര്‍ഷങ്ങളായി, വളര്‍ന്നു വലുതായി ഒരു കൊടും മരമായി രൂപപ്പെട്ടു നിന്ന സംശയം, സെക്കന്റുകള്‍ക്ക് മുന്‍പടിച്ച ഇളം കാറ്റില്‍ കടപുഴകി വീണിരിക്കുന്നു.. ആ സത്യം അംഗീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..ഭീകരമായ ഒരു സത്യം മനസ്സിലാക്കിയ ഞെട്ടലോടെ ഞാന്‍ അവിടുന്നെഴുന്നേറ്റു പോയി..കുറെ നേരത്തേക്ക് എന്റെ മനസ്സില്‍ വേറൊന്നും കടന്നു വന്നില്ല .സിനിമയില്‍ കണ്ട രംഗം മാത്രമായിരുന്നു മനസ്സില്‍..


ഒരായിരം ചോദ്യങ്ങളുടെ ഉത്തരം ഒരു പേമാരിയായി മനസ്സില്‍ ആഞ്ഞടിച്ചു ..മാലോകരോട് മൊത്തം വെറുപ്പ് തോന്നിയ നിമിഷം. .ഞാന്‍ കുറച്ചു സെക്കണ്ടുകള്‍ക്ക് മുന്‍പ്‌ കണ്ടതാകണം എ പടം..അതാണോ ചേച്ചി വല്യച്ഛന്റെ മുന്‍പില്‍ ഇരുന്നു ഒരു ഭാവ വ്യത്യാസവും കൂടാതെ കാണുന്നത് ?അതില്‍ വേറെന്തെങ്കിലും കഴമ്പുണ്ടാക ണം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. .പണ്ട് എ പടം കാണാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയതോര്‍ക്കുന്നു.കൈരളി വി ചാനലില്‍ ഒരു രാത്രി വളരെ വൈകി ഐ വി ശശി സംവിധാനം ചെയ്തു സീമ അഭിനയിച്ച വിശ്വവിഖ്യാതമായ പടം നടക്കുന്നു. ഞാന്‍ രോമാഞ്ചകഞ്ചുകയായി ആ സിനിമ കാണാനിരുന്നു.. അപ്പോഴേക്കും ഉറങ്ങി ക്കിടന്ന അമ്മ ചാടിയെഴുന്നേറ്റു വന്നു പറയുന്നു "മോളേ സമയം ഒരുപാടായി.. നിനക്കുറക്കം ഒന്നുമില്ലേ " എനിക്ക് വന്ന ദേഷ്യം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല..വന്ന ദേഷ്യം പുറത്തു കാണിക്കാന്‍ കഴിയാതെ ഞാന്‍ കടിച്ചമര്‍ത്തി ..മനുഷ്യന് സ്വര്യത തരില്ല എന്ന് മനസ്സില്‍ വിചാരിച്ചു അനുസരണയുള്ള മകളായി അമ്മയുടെ അടുക്കല്‍ പോയി കിടന്നു..രണ്ടു ദിവസത്തെ കാത്തിരിപ്പിനാണ് അന്ന് അര്‍ഥമില്ലാതായത് ..


കുറച്ച് സമയത്തിനു ശേഷം ഞാന്‍ ആന്റിക്രൈസ്റ്റ് തുടര്‍ന്ന് കാണാമെന്നു മനസ്സില്‍ ഉറച്ച് അവിടേക്ക് ചെന്നു..അപ്പോഴേക്ക് ആ സിനിമ അതിന്റെ ഉള്‍ക്കാമ്പിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു ..ഞാന്‍ അന്ന് മനസ്സിലാക്കിയ സത്യത്തിന്റെ ശരി തെറ്റുകളെ അവലോകനം ചെയ്യുന്ന സിനിമയായിരുന്നു അത്..


പുഴ പോലെ ഒഴുകുന്ന ജീവിതത്തില്‍ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്ന ദുര്യവസ്ഥകള്‍ ..വികാരങ്ങളുടെ അണ പൊട്ടിയ നിമിഷങ്ങള്‍ക്ക് , നല്‍കേണ്ടി വന്ന വില പലപ്പോഴും ജീവിതം തന്നെയായിരുന്നു ..


ഒന്നു രണ്ടാഴ്ചക്കാലം ആ സിനിമയെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ മനസ്സില്‍ നടന്നു കൊണ്ടിരുന്നു ...
പിന്നീട് പതുക്കെ പതുക്കെ ഞാന്‍ ആ സത്യത്തെ അംഗീകരിച്ചു തുടങ്ങി ..


വിവാഹം കഴിഞ്ഞ്‌, ദൈവത്തിന്റെ കനിവൊന്നു കൊണ്ട് മാത്രം പുതു ജീവന്‍ രൂപപ്പെടുന്നെന്നു വിശ്വസിച്ച കൊച്ചു പാവാടക്കാരിയായിരുന്ന ഞാനും , ഇന്നൊരു ഭീകരവും ലോകത്തെ മൊത്തം അടക്കി വാഴുന്നതുമായ നഗ്ന സത്യത്തെ മനസ്സിലാക്കിയ ഞാനും, തമ്മിലുള്ള അകലം ഞാന്‍ മനസ്സില്‍ അളന്നുകൊണ്ടിരുന്നു ..


                  

Tuesday, 13 July 2010

കീഴടങ്ങല്‍

ഇതില്‍ പ്രതിപാദിക്കുന്നത് എന്റെ  കുട്ടിക്കാലമാണ്..സന്തോഷം നിറഞ്ഞ സംഭവബഹുലമായ ഒരു കുട്ടിക്കാലം ആയിരുന്നില്ല എന്റെത്.അന്ന് ഞാന്‍ വാശിയുടേയും ചട്ടമ്പിത്തരങ്ങളുടേയും മൂര്‍ത്തിമദ്ഭാവം ആയിരുന്നു.എനിക്ക് എന്നെത്തന്നെ ഇഷ്ട്മല്ലാതിരുന്ന കാലം.ഒറ്റപ്പെടലുകളെ കുറിച്ചാണ് പറയാനുള്ളതില്‍ ഏറെയും.എന്റെ അഭംഗി കാരണം എന്നെ പലരും അവഗണിക്കുന്നതായി തോന്നി. കൂടുതല്‍ സുന്ദരിയാവാന്‍ ഞാന്‍ നടത്തിയ പല പരീക്ഷണങ്ങളും വിഫലമായി.

പല കാര്യങ്ങള്‍ കൊണ്ടും ഞാന്‍ എന്നെ വെറുത്തു ..ആളുകളെ ആകര്‍ഷിക്കത്തക്ക രീതിയില്‍ ഒരു സൗന്ദര്യവും ഞാന്‍ എന്നില്‍ കണ്ടെത്തിയില്ല ..കറുപ്പ് നിറം ,ചപ്പിയ മൂക്ക് ..കേശവ ദേവിന്റെ സൃഷ്ടി ,ദീനാമ്മയെ പോലെ ..ആ വിശ്വാസങ്ങള്‍ക്ക് ഉറപ്പു നല്കാന്‍ അപ്പു അണ്ണന്റെ വാദപ്രതിവാദങ്ങളും .."എന്താ മോളെ നിന്റെ മൂക്കിത്ര ചപ്പി ഇരിക്കുന്നെ " എന്ന ചോദ്യം ആണ് , എന്റെ വല്യമ്മേടെ മകനായ  അപ്പുഅണ്ണന്‍ എന്നെ കാണുമ്പോഴൊക്കെ ആദ്യം ചോദിക്കുക ..ആയിടക്കാണ്‌ ഞാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി എന്ന വാക്ക് കേള്‍വിപ്പെട്ടത്..പ്രശസ്തനായ പാട്ടുകാരന്‍ മൈക്കില്‍ ജാക്ക്സനെ ഒന്ന് കാണാന്‍ കൊതിച്ചതും അപ്പോള്‍ തന്നെയാണ് ..അന്നു മനസില്‍ പ്രതീക്ഷയുടെ വെള്ളി വെട്ടം വീശി തന്നത് മൈക്കില്‍ ജാക്ക്സന്‍ ആയിരുന്നു .

ആയിടെ അച്ഛന്റെ ഒരു കത്ത് വന്നു ..അടുത്ത മാസം അച്ഛന്‍ നാട്ടിലേക്കു പറക്കുകയാന്നെന്നയിരുന്നു ആ കത്തിലെ ഉള്ളടക്കം ..  കൂടാതെ എനിക്ക് ആവശ്യമുള്ളതെന്തും ആവശ്യപ്പെടാം ..വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായിരുന്നു ഞാന്‍ സാധാരണയായി ആവശ്യപ്പെട്ടിരുന്നത് ..പതിവില്‍ നിന്നും വിപരീധമായി ഞാന്‍ ആവശ്യപ്പെട്ടത് മൈക്കില്‍ ജാക്ക്സന്റെ കാസ്സറ്റ്‌ ആയിരുന്നു ..

അതിനകം പത്രത്തില്‍ വന്ന മൈക്കില്‍ ജാക്ക്സന്‍  ചിത്രം ഞാന്‍ കാണുകയുണ്ടായി .പക്ഷെ ആ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍ ആ മഹത് വ്യക്തിയുടെ മുഖം എനിക്ക് വ്യക്ത്തമായി കാണാന്‍ കഴിഞ്ഞില്ല ..അങ്ങനെ ഒരു  മാസം കാത്തിരിപ്പിന്റെതായിരുന്നു.. ദിവസങ്ങള്‍ പതുക്കെ പതുക്കെ ചലിച്ചു കൊണ്ടിരുന്നു .

1 വര്‍ഷത്തെ അമ്മയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു    അച്ഛന്‍ പറന്നെത്തി . എനിക്ക് അച്ഛനെ കാണുന്നതിനെക്കാള്‍ സന്തോഷം അച്ഛന്‍ കൊണ്ട് വന്ന പെട്ടിയില്‍ നിന്ന് ആ കാസ്സറ്റ്‌ കാണുന്നതായിരുന്നു ..പറഞ്ഞ പ്രകാരം അച്ഛന്‍, ഞാന്‍ മനസ്സില്‍ ആരാധിക്കുന്ന ആ മഹത് വ്യക്തിയുടെ കാസ്സറ്റ്‌ കൊണ്ട് വന്നിരിക്കുന്നു .

കുറെ നാളിന് ശേഷം കണ്ടതായത് കൊണ്ട് അച്ഛന് എന്നോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്നറിയാത്തത് പോലെ എനിക്ക് തോന്നി ..അച്ഛനും അമ്മയും മാറി മാറി എന്നില്‍ വാത്സല്ല്യം ചൊരിഞ്ഞു . പക്ഷെ എന്റെ മനസ് ആ കാസ്സറ്റില്‍ കൊളുത്തി ഇരിക്കുകയായിരുന്നു ..അച്ഛനെ വേറൊന്നിനും സമ്മതിക്കാതെ , കാസ്സറ്റ്‌  പ്രവര്‍ത്തിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍  നിര്‍ബന്ധം പിടിച്ചു ..അങ്ങനെ ആ കാസ്സറ്റ്‌ അച്ഛന്‍ പ്ലേ ചെയ്തു തന്നു ..

അതാ  റ്റിവി യില്‍ കാണുന്ന രൂപം പ്ലാസ്റ്റിക്‌ സര്‍ജറിയിലൂദെ സുന്ദരക്കുട്ടപ്പനായ മൈക്കില്‍ ജാക്ക്സന്‍റ്റെതാണ്‌..ഞാന്‍  പല തവണ അദ്‌ദേഹതിന്റെ രൂപം സ്കാന്‍ ചെയ്തു.. ഒരു കറുത്ത  വംശജനായ അദ്ദേഹം  പ്ലാസ്റിക്  സര്‍ജറിയിലൂടെ   ആണ്  തന്റെ  ദേഹം  വെളുപ്പിച്ചതെന്നു  അപ്പുഅണ്ണന്‍  പറയുകയുണ്ടായി .

കൂടാതെ  ചപ്പിയിരുന്ന  മൂക്കില്‍  രൂപവ്യത്യാസം  വരുത്തുകയും  ചെയ്തു  അത്രെ ..ഞാന്‍  കറുത്ത  വംശജയാണെന്നും    ആദിവാസികളോടാണ്‌   എന്റെ  മുഖത്തിന്‌  സാമ്യമുള്ളതെന്നും    അപ്പുഅണ്ണന്‍  ഉരുവിട്ട്  കൊണ്ടിരുന്നു .. ഞാന്‍ ചിരിക്കുകയായിരുന്നെങ്കിലും   മനസ്   കണ്ണുനീര്‍  വാര്‍ക്കുകയായിരുന്നു  . .അപ്പുഅണ്ണന്‍  പറയുന്നതൊക്കെ  ഞാന്‍  പൂര്‍ണ്ണമായി  വിശ്വസിച്ചു .. എനിക്ക്  ഈ വൈരൂപ്യം  ഉണ്ടാവാന്‍   കാരണക്കാരനായ   അച്ഛനോടും  എനിക്ക് ദേഷ്യം  തോന്നി ..

എന്തായാലും  എനിക്ക്  പ്രതീക്ഷയുടെ  തിരിനാളം  ആണ്  ആ  കാസ്സറ്റിലൂടെ ലഭിച്ചത് .മൈക്കില്‍ ജാക്ക്സനു തന്റെ  ശരീരം  മുഴുവന്‍  രൂപവ്യത്യാസം  വരുത്താമെങ്കില്‍   എന്റെ  മൂക്കിനു  മാത്രം  വ്യത്യാസം  വരുത്താന്‍  കഴിയില്ലേ  എന്ന്  ഞാന്‍  സ്വയം  ചിന്തിച്ചു .

മൂക്കിനു  പ്ലാസ്റ്റിക്‌  സര്‍ജറി  ചെയ്യാമെന്ന്  തന്നെ  ഞാന്‍  തീരുമാനിച്ചു ..തുടയില്‍  നിന്നും  തോലെടുത്താണ്   ആ  സര്‍ജറി ചെയ്യുന്നതെന്നൊക്കെ  കേട്ടുകേള്‍വി  ഉണ്ടായി ..വേദന  താങ്ങാന്‍  സഹനശക്തി നന്നേ  കുറവായിരുന്ന  ഞാന്‍   എന്ത്  വേദന  സഹിച്ചും  മൂക്ക്  നീട്ടി  എടുക്കണമെന്ന്    വിചാരിച്ചു . .  എന്ത്  വില കൊടുത്തും മൂക്ക്    നീട്ടിയെടുക്കണമെന്നതായി  എന്റെ  ചിന്ത .

ശേഷം  അച്ഛനോടും  അമ്മയോടും   അതിനെ  പറ്റി ഗൗരവമായി   സംസാരിച്ചു ..എന്റെ  ഗൗരവഭാവം  അവരില്‍  ചിരി  ആണ്  ജനിപ്പിച്ചത് ..അവര്‍ക്ക്  എന്റെ  വേദന  മനസിലായില്ല ..”എന്റെ  മോള്‍  സുന്ദരിയല്ലേ  “എന്ന ഒരു  സർട്ടിഫിക്കറ്റും   അച്ഛന്‍ വച്ച് നീട്ടി .ഒരു  രക്ഷയുമില്ല  എന്ന്  മനസിലായി ..എന്റെ  പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന്   തിരിച്ചറിഞ്ഞു ..കൂടാതെ  ഇടയ്ക്കിടെ  മൂക്ക്  കൈ കൊണ്ട് വലിച്ചു  നീട്ടാനുള്ള   ഉപദേശവും  അമ്മ  തന്നു .

അങ്ങനെ  ആകെയുള്ള  പോംവഴി  അതാണെന്നുറച്ച്   ആ പ്രക്രിയ  ചെയ്യാന്‍  ആരംഭിച്ചു ..ആഴ്ചകളും  മാസങ്ങളും  കടന്നു  പോയി ..ദിവസവും  ഞാന്‍  കണ്ണാടിയുടെ  മുന്‍പില്‍  എന്റെ  നീണ്ട  മൂക്ക്  പ്രതീക്ഷിച്ചു .. പക്ഷെ  ഓരോ  തവണയും  ഞാന്‍  നിരാശയായി   കൊണ്ടിരുന്നു.. അങ്ങനെ  ആ  ശ്രമം  കാലാന്തരത്തില്‍  ഞാന്‍  ഉപേക്ഷിച്ചു ..

സൗന്ദര്യം  കൂടാതെ,  ഞാന്‍  സ്നേഹിക്കുന്നവരെ   എന്നിലേക്ക്‌   ആകര്‍ഷിക്കാന്‍   മറ്റൊരു  മാര്‍ഗം  കൂടിയുണ്ടെന്ന്  ഞാന്‍  മനസിലാക്കി .. എനിക്കറിയുന്ന   പലരും   എന്നേക്കാള്‍   വിരൂപരായിരുന്നിട്ടും  അവര്‍  എത്രയോ  പേരുടെ സ്നേഹത്തിനു  പാത്രമാണ്  ..അതിന്റെ  പിന്നിലെ   രഹസ്യം   ഞാന്‍  വളരെ  വൈകിയാണ്‌ മനസിലാക്കുന്നത് :വാചാലത ..

എല്ലാവരെയും  എളുപ്പത്തില്‍  കൈയിലെടൂക്കാൻ   കഴിയുന്ന  തന്ത്രമാണ്  വാചാലത ..പക്ഷെ  ആ  കണ്ടെത്തല്‍  എന്നെ  കൂടുതല്‍  നിരാശപ്പെടുത്തിയതെ   ഉള്ളു ..സരസ്വതീ  ദേവി  തീരെ  കടാക്ഷിക്കാത്തവരില്‍   ഒരാള്‍  ആയിരുന്നു   ഞാന്‍  .ആകെ  വായാടിത്തരം      കാട്ടുന്നത്  അമ്മയോട്  മാത്രം  ..ഞാനിഷ്ടപ്പെടുന്ന   സ്കൂളില്‍  ഒന്നാംതരം പഠിക്കാന്‍   പറ്റാത്തതിനു   കാരണം  ഇതേ  സരസ്വതീ  ദേവി  തന്നെ  ആയിരുന്നു  ..ഒന്നാം തരത്തിൽ  നടത്തുന്ന  അഭിമുഖത്തില്‍   പങ്കെടുക്കാന്‍  എത്തിയപ്പോള്‍   , തടിച്ചു  കൊഴുത്ത  റ്റീച്ചറമ്മയെ കണ്ട്   എന്റെ  നാക്ക്‌  അന്നനാളത്തിലൂടെ   താഴേക്ക്  ഇറങ്ങിപ്പോയി .അന്ന്  വേറൊരു  സ്കൂളില്‍  പ്രവേശനം  ലഭിച്ചതിനാല്‍  ഞാന്‍  അതത്ര   കാര്യമാക്കിയില്ല ..പക്ഷെ  എന്നേക്കാള്‍  മണ്ടിയായ   കാത്തുവിനു    ഞാന്‍  ഇഷ്ടപ്പെടുന്ന   സ്കൂളില്‍  പ്രവേശനം  ലഭിച്ചപ്പോളായിരുന്നു   ലജ്ജ  കൊണ്ട്  ഞാൻ എരിഞ്ഞു   പോയത് .

പിന്നീട്  പലപ്പോഴും   പലരും  വാചാലത  കൊണ്ട്  ലോകത്തെ  കൈക്കുമ്പിളിൽ ഒതുക്കുംപോലെ  എനിക്ക്  അനുഭവപ്പെട്ടു ..ഞാന്‍  പലവട്ടം  ശ്രമിച്ചു  നോക്കി .. ശ്രമം  നടത്തുമ്പോളൊക്കെ   എന്റെ  നാക്ക്‌  വീണ്ടും  വീണ്ടും   അന്നനാളത്തിലൂടെ  താഴെക്കിറങ്ങിപ്പോയ്ക്കൊണ്ടിരുന്നു  ..അങ്ങനെ  കുറെ  വിഫലശ്രമങ്ങള്‍ ..ആ  വിഫല  ശ്രമങ്ങൾ‍ക്കൊടുവില്‍   നിറയുന്ന  കണ്ണുകള്‍  മറക്കാന്‍  ഞാന്‍  നന്നേ  ബുദ്ധിമുട്ടിയിട്ടുണ്ട് .. വാചാലതയും  സൗന്ദര്യവും  എനിക്ക്  മുന്‍പിലെ  രണ്ടു  കടക്കാന്‍ പറ്റാത്ത കടമ്പകളായിരുന്നു . ഇവ രണ്ടും  എന്നെ  തകര്‍ക്കാന്‍ പരസ്പരം  പോരാടി  കൊണ്ടിരുന്നു .

എനിക്ക്  അമ്മയുടെ  അരികില്‍  മാത്രമേ   വാചാലത   പ്രത്യക്ഷപെട്ടുള്ളൂ ..ഞാനും  അമ്മയും  മാത്രം  വീട്ടിലുള്ളപ്പോള്‍  ഞാന്‍ 
 ഈ ഭൂലോകത്തെപ്പറ്റി  വാതോരാതെ  സംസാരിച്ചു  കൊണ്ടിരുന്നു ..
സ്കൂളില്‍  ഞാന്‍അവാര്‍ഡ്‌  ചിത്രത്തിലെ  കഥാപാത്രത്തെപ്പോലെ   ആയിരുന്നു .. അപ്പോഴെല്ലാം   വാചാലതയെന്ന  വാതിലിനപ്പുറം  ആരോ   കതകുമുട്ടി  കൊണ്ടിരുന്നു ..കുറെ  കാലം  കേള്‍വിക്കാരെ  അന്വേഷിച്ചു  നടന്നു ..എന്റെ 
 മനസിലുള്ളതെല്ലാം  ക്ഷമയോടെ  കേള്‍ക്കാന്‍  മാതാപിതാക്കള്‍  മാത്രമേ  ഉണ്ടായിരുന്നുള്ളു ..
അല്ല  അവരോടു  മാത്രമേ  ആ  ഉൾക്കിടിലത്തിന്റെ അഭാവത്താല്‍  എന്റെ  ഹൃദയം  തുറന്നു  കാണിക്കാന്‍  കഴിഞ്ഞുള്ളൂ  ..

അങ്ങനെ  കടന്നു  പോയ  ഓരോ  ദിനങ്ങളിലും  സൗന്ദര്യവും  വാചാലതയും  എന്നെ  തോല്‍പ്പിച്ച്  കൊണ്ടേയിരുന്നു ..ഈ  രണ്ടിന്റെയും   അഭാവത്താല്‍  ഞാന്‍  എന്ന  വ്യക്തി  ഓരോ ദിവസവും  മരിച്ചു   കൊണ്ടേയിരുന്നു ..അങ്ങനെ  എത്ര  മരണങ്ങള്‍  കഴിഞ്ഞു ..

മരിക്കുമ്പോള്‍  ഉണ്ടാകുന്ന  അജ്ഞമായ  വേദനയെ  പേടിയില്ലായിരുന്നുവെങ്കില്‍  
ഞാന്‍  എന്നേ  മരിച്ചേനെ ..പല  രാത്രികളിലും   തലയണയില്‍   മുഖം  അമര്‍ത്തി  കരഞ്ഞപ്പോളെല്ലാം   പല  ചോദ്യങ്ങള്‍ക്കും   ഉത്തരമായി  മുന്‍പില്‍  തെളിഞ്ഞത്  മരണം   ആയിരുന്നു ..ആ  ഉത്തരം  കണ്ടുപിടിച്ച  സംതൃപ്തിയോടെ  പല  രാത്രിയുടെയും   അവസാനത്തെ  യാമത്തില്‍  ഞാന്‍  കരഞ്ഞു   തളര്‍ന്നു   ഉറങ്ങിയിട്ടുന്ദ് ..വിഷമം  എന്റെ സ്ഥായിയായ   ഭാവം     ആയിരുന്നു ..

അങ്ങനെ  വിഷാദത്തിന്റെ  നാളുകള്‍  കടന്നു  പോകുമ്പോള്‍   ആണ്  എന്റെ  വല്യമ്മേടെ  മകള്‍   പ്രസംഗമത്സരത്തില്‍   സമ്മാനങ്ങള്‍  വാരിക്കൂട്ടുന്നത് ..മറ്റുള്ളവരുടെ  ശ്രദ്ധ  പിടിച്ചുപറ്റും  വിധം  പല  സംഭവങ്ങളും  വിവരിക്കുന്നതില്‍  ചേച്ചി   മിടുക്കി   ആയിരുന്നു .. എന്റെ  വിഷാദജന്മത്തിന്റെ   ഉത്തരം  തേടിക്കൊണ്ടിരുന്ന       കാലം   ആയിരുന്നു  അത് . അപ്പോഴാണ്   സ്കൂളിലെ   യുവജനോത്സവം  അരങ്ങേറുന്നത് .

ഇത്തവണ  പ്രസംഗത്തില്‍  ഒരു  കൈനോക്കാമെന്ന്  തന്നെ  ഞാന്‍  ഉറപ്പിച്ചു .ആ  തീരുമാനത്തിന്  മുന്‍പേ  പല വാദപ്രതിവാദങ്ങളും   എന്റെ  മനസ്  എന്നോട്   നടത്തി  കൊണ്ടിരുന്നു . എന്റെ  വിരൂപത്തെ  സൗന്ദര്യമാക്കി   മാറ്റാനുള്ള  ഒരേ  ഒരു  പോംവഴി   പ്ലാസ്റ്റിക്‌  സര്‍ജറി  ആണ് . അത്  നടക്കണമെങ്കില്‍  എനിക്ക്  സ്വയം  തീരുമാനങ്ങള്‍    എടുത്തു  നടപ്പിലാക്കാന്‍   കഴിയുന്ന  ഒരു  കാലം  വരണം .അതിനു  പല  വര്‍ഷങ്ങള്‍   പിന്നിടേണ്ടതുണ്ട്  .. അപ്പോള്‍  അടുത്ത മാര്‍ഗ്ഗം    വാചാലതയെ വളർത്തിയെടുക്കുക   എന്നതാണ് . അതില്‍   പയറ്റി  തെളിയുക  എന്നെ  സംബന്‌ധിച്ചിടത്തോളം   കഠിനമാണെങ്കിലും  ഒരു  നേരിയ  പ്രതീക്ഷ ..പലവട്ടം  പരീക്ഷിച്ചു  പരാജയപ്പെട്ടതാനെന്നുള്ള   സത്യം  മനസ്സിനെ  അലട്ടി  കൊണ്ടിരുന്നു .എങ്കിലും  ഒരു  അറ്റകൈ  എന്ന  രീതിയില്‍  ആ  മത്സരത്തില്‍  പങ്കെടുക്കാന്‍   ഞാന്‍  തീരുമാനിച്ചു .. എന്റെ  ചേച്ചി  എഴുതിയ   ഉപന്യാസത്തില്‍  നിന്ന്  മോഷ്ടിച്ച്   ഞാന്‍  നടത്താന്‍  പോകുന്ന  പ്രസംഗത്തിന്റെ  ആദ്യവരി  മനസ്സില്‍  കുറിച്ചു.”ആധുനിക  യുഗത്തിന്  ചാലക  ശക്തി  ആകേണ്ടുന്ന    ഇന്നത്തെ  യുവജനത ....”എന്ന്  തുടങ്ങുന്ന  ആ  വാചകം  ഞാന്‍  മനസ്സില്‍  പല  പ്രാവശ്യം  ഉരുവിട്ട്   നോക്കി ..പക്ഷെ  മത്സരത്തിനു  10 മിനുട്ടിന് മുൻപ് മാത്രമേ പ്രസംഗം  നടത്തേണ്ടതിന്റെ  വിഷയം  അറിയാന്‍  പറ്റു ..അങ്ങനെ  ഞാന്‍  പ്രസംഗ വിഷയം  അറിയാന്‍ വേണ്ടി കാത്തിരുന്നു .ഒടുക്കം മത്സരത്തിന്റെ  10 മിനിറ്റ്  മുന്‍പുള്ള  ആ  സമയം  എത്തി .ദൈവം എന്റെ ശത്രുവാണെന്ന്‌  തോന്നിയ നിമിഷം ആയിരുന്നു അത് .. ആണവ  പരീക്ഷണവും   അന്തരീക്ഷ  മലിനീകരണവും  പോലുള്ള  പാടുള്ള  വിഷയങ്ങള്‍  പ്രതീക്ഷിച്ച  ഞാന്‍  അന്‌ധാളിച്ചു ..സ്നേഹം  എന്നതായിരുന്നു  ആ  പ്രസംഗ  മത്സരത്തിന്റെ  വിഷയം ..സ്നേഹം  എനിക്ക്   ഒത്തിരി   ഇഷ്ടമുള്ള    വിഷയം  ആണ് .. ഏറ്റവും   ഇഷ്ടമുള്ള  വാചകം . അതേ  സ്നേഹം  സമ്പാദിക്കാനും   മറ്റുള്ളവരുടെ  സ്നേഹം  എനിക്ക്  കിട്ടാനും  വേണ്ടി   തന്നെയാണ്   ഞാന്‍  ആ  പ്രസംഗ  മത്സരത്തിനു  പങ്കെടുക്കാന്‍  വരെ  തീരുമാനിച്ചത് ..എന്റെ  ഊഴം  അടുക്കുംതോറും   വയറ്റില്‍  നിന്ന്എന്തോ   ഒന്ന്  റോക്കറ്റ്  പോലെ   പൊന്തി    വരുന്നതായി  തോന്നി .

അങ്ങനെ  എന്റെ  ഊഴം  എത്തി .ഞാന്‍  സ്റ്റേജില്‍   കയറാനായി  മുൻപോട്ട്  നീങ്ങി .സ്റ്റേജ്  എന്ന്  പറഞ്ഞാല്‍  ക്ലാസുകള്‍  തമ്മില്‍  വേര്‍തിരിച്ചിട്ടുള്ള  സ്ക്രീന്‍  ഒക്കെ  മാറ്റി  അത്  വലിയ  ഒരു  ഹാള്‍  ആക്കി   ബെഞ്ചുകള്‍  നിരത്തിയിട്ടിരിക്കുന്നു ..അതാണ്  ഇവിടത്തെ   സ്റ്റേജ് ..മുന്‍പിലത്തെ  നിരയില്‍  ടീച്ചര്‍മാര്‍  നിരന്നിരിക്കുന്നു .
അതില്‍  ഞാന്‍  കൂടുതല്‍  മാര്‍ക്കു  വാങ്ങിക്കുന്നതും  കുറവ്  മാര്‍ക്ക്‌  വാങ്ങുന്നതുമായ  വിഷയങ്ങള്‍  പഠിപ്പിക്കുന്ന  ടീച്ചര്‍മാര്‍   ഉണ്ടായിരുന്നു .സ്റ്റേജിന്റെ   നടുവില്‍  ഞാന്‍  എത്തി ..മുന്‍പില്‍  നിരന്നിരിക്കുന്ന  ഒരു  ആള്‍ക്കൂട്ടം  എനിക്ക്  ദ്ര്രിശ്യമായി .. മുന്‍നിരയില്‍  ഇരിക്കുന്ന  ചില  ടീച്ചര്‍മാര്‍  എന്റെ  വായില്‍  നിന്ന്  വരാന്‍ പോകുന്ന  വാചകം  കേള്‍ക്കാന്‍   കാതോർത്തിരിക്കുന്നതായി   തോന്നി .ചിലര്‍  ഈ  കുട്ടിയോ   എന്ന  ഭാവത്തില്‍  അമ്പരന്നു   നോക്കുന്നു .. ചിലവര്‍  അടുത്തിരിക്കുന്നവരോട്    സംസാരിക്കുന്നുമുണ്ട് . അങ്ങനെ  ഞാന്‍  സ്നേഹത്തിനെ  കുറിച്ചു  വാചാലയാവാന്‍   ശ്രമിച്ചു .

1.ആധുനിക യുഗത്തിന് ചാലകശക്തി ആകേണ്ടുന്ന   യുവജനത ..
2ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..
3.ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..

അടുത്ത  വാചകം  അന്നനാളത്തില്‍  കുടുങ്ങി  പോയി ..ഞാന്‍  അവിടെ  നിന്ന്  വിറച്ചു .കൈകാലുകള്‍   തണുത്തു  മരവിച്ചു . പക്ഷെ  ദേഹമാസകലം   ചൂടോടു  കൂടിയ  ആവി .കണ്ണുകളില്‍  ഇരുട്ട്  കയറുന്നു . എന്ത്  ചെയ്യണം ? ബോധം  കെട്ട് ഞാന്‍  അവിടെ  വീഴുമോയെന്ന്   ഞാന്‍  ശങ്കിച്ചു.പക്ഷെ  വീണില്ല .. വീണിരുന്നെങ്കില്‍!  എന്ന്  ഞാനപ്പോള്‍ ‍  ആഗ്രഹിച്ചിരുന്നിരിക്കണം .. എങ്കില്‍  എന്റെ  സ്വബോധമനസിന്‌  ഇതിനുമേല്‍  അഭിമാനക്ഷതം   സംഭവിക്കുന്ന  ഒരു  സാഹചര്യം   അഭിമുഖീകരിക്കേണ്ടി   വരില്ലായിരുന്നു ..ഞാന്‍  അവിടെ  നിന്നും  പുറത്തേക്കിറങ്ങി   വന്നു .എനിക്ക്  കരച്ചില്‍  വന്നു .എല്ലാവരും  എന്നെ  അവജ്ജ്ഞയോടെ  നോക്കുന്നു ..ആളുകളുടെ  ശ്രദ്ധ  ആകര്‍ഷിക്കാനായി   ഞാന്‍  തെരഞ്ഞെടുത്ത മാര്‍ഗ്ഗം എന്റെ  അഭിമാനത്തെ  എരിച്ചമർത്തിക്കളഞ്ഞിരിക്കുന്നു   ..എന്റെ  തെറ്റ് .. ഈ  ലോകത്തില്‍  എനിക്ക് ഒരിക്കലും   കയറാന്‍  പറ്റാത്തതും   പലവട്ടം  എനിക്കുമേല്‍   പരാജയത്തിന്റെ  കയ്യ്പ  വച്ച്  നീട്ടിയതുമായ   2 കൊടുമുടികള്‍ :ഒന്ന്  സൗന്ദര്യം , രണ്ടു  വാചാലത ..പലവട്ടം  പയറ്റി  എങ്കിലും  ആദ്യത്തേത്    എന്നെ  ഇത്ര  മേല്‍  മുറിവേല്‍പ്പിച്ചിട്ടില്ല .അത്  എന്നെ  സ്വയം   ചെറുതാക്കിയിട്ടെ  ഉള്ളു .എന്നാല്‍  രണ്ടാമത്തേതു  ആണ്  ഈ  ലോകത്തിനു  മുന്‍പില്‍  എന്നെ  കീഴ്പ്പെടുത്തിയത് .

അന്നാണ്  ഞാന്‍  എനിക്ക്  കീഴടക്കാന്‍  കഴിയാത്ത  രണ്ടു  കൊടുമുടികള്‍ക്ക്  മുന്‍പില്‍  ആദ്യമായി  ആയുധം  വച്ച്  കീഴടങ്ങിയത്..

Saturday, 10 July 2010

ഏകാന്ത രോദനം

വിരഹ ദുഖത്തിന്‍ തീയില്‍ നീറുകയാണ് ഞാന്‍ ,
നിസ്സഹായതയുടെ മുള്‍മുനകള്‍ കീറി മാനസം ,


ചുടു ചോര കിനിയുന്നു ;നീറുന്നു മുറിവുകള്‍ ;


ഗദ്ഗധങ്ങളായി രോദനം ;


കമ്പിളി പുതപ്പുകള്‍ നനഞ്ഞു ,


ചൂട് കണ്ണുനീരാല്‍ ..


അഗ്നി ഗോളങ്ങള്‍ പുകക്കുന്നു ;


കത്തുന്നു രോമകൂപങ്ങള്‍ ;


കാത്തു പുലരികള്‍ കനിയും


മഞ്ഞു തുള്ളികള്‍ക്കായി ..


ഇരുട്ട് മുറികളെ വിഴുങ്ങുന്ന തേങ്ങല്‍


നഷ്ടവസന്തത്തെ നിനച്ചു ;


കാലമെന്ന കുത്തൊഴുക്കില്‍


ജീര്‍ണ്ണിച്ചു ശോഷിച്ചോരുടലി -


ന്നുടമയാക്കി നീ എന്നെ ;


കണ്‍ മഷിയില്ലാത്ത


കണ്‍ കോനുകള്‍ തിരഞ്ഞ വെട്ടം


തിരിച്ചറിഞ്ഞു


കൂരിരുട്ടെന്ന സത്യം ..


വെളിപ്പെട്ടു അന്ധമാം


സ്നേഹത്തിന്‍ നീരുറവ


ശൂന്യമാണെന്നു ..

Friday, 9 July 2010

പുക

പുക എന്നത് എന്റെ കൌതുകങ്ങളില്‍ ഒന്നായിരുന്നു . അതിനു കാരണം , മറ്റു പല ഉത്തരം കിട്ടാത്ത ചോദ്യം പോലെ ഇപ്പോഴും അവശേഷിക്കുന്നു .
ഒരുപക്ഷെ നമ്മളെല്ലാവരും ഒരു പുകയായി തീരുമെന്ന യാഥാര്‍ത്യത്തില്‍ നിന്നാവാം ആ കൌതുകത്തിന്റെ ജനനം . ഒരു പുകമറയായി ഞാനും അവസാനിക്കരുതെന്നു എനിക്ക് ആഗ്രഹം ഉണ്ട് ..എന്റെ ചിലതെങ്കിലും , എന്നെ കുറിച്ചുള്ള ഓര്‍മ്മകളെങ്കിലും പുകമറയില്ലാതെ ഒരു കണ്ണാടി ചില്ലില്‍ മുഖം നോക്കി കാണുന്ന എളുപ്പത്തില്‍ എല്ലാരും അറിയണം ..അതിനു ഞാനാരാ? അല്ലെ ...


അതേ ഞാന്‍ ആദ്യമായി പുക എന്ന കൌതുക വസ്തുവിനെ പരീക്ഷിക്കുന്നത് രസകരമാണ് ..
അത് നിങ്ങളില്‍ പലരും സ്വയം പരീക്ഷിച്ചിട്ടുള്ളതായിരിക്കാം.


അന്ന് ഞങ്ങള്‍ രണ്ടു പേരും കൂടിയാണ് ആ പരീക്ഷണ വസ്തുവിനെ അടുത്തറിയാന്‍ ശ്രമിച്ചത്‌ .ഞാനും എന്റെ ചേച്ചിയും .


പലരും പുക പുറപ്പെടുവിക്കുന്നത് ഞങ്ങള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു .അച്ഛന്‍ സ്ഥിരമായി പുക പുറപ്പെടുവിക്കുന്നത് ഞാന്‍ വളരെ നേരം  നോക്കിയിരുന്നു .


പലപ്പോഴും അത് ഞങ്ങളുടെ വീട്ടില്‍ ഒരു ലഹളയുടെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരുന്നു .അതൊഴിവാക്കാന്‍ പിന്നീട് അച്ഛന്‍ ഞങ്ങളറിയാതെയായി പുക പുറപ്പെടുവിക്കുക...


അങ്ങനെ കുറെ നാളത്തെ നോക്കിക്കാണലുകള്‍ക്ക് ശേഷം ഒരു അവസരം ഒത്തു വന്നു


അന്ന് ഞാനും ചേച്ചിയും മാത്രമേ ഉള്ളു വീട്ടില്‍..അപ്രതീക്ഷമായി അലമാരയുടെ മുകളില്‍ ഇരിക്കുന്നു ആ പുക പുറപ്പെടുവിക്കുന്ന കൌതുക വസ്തു .


ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി..ഞങ്ങള്‍ക്ക് അങ്ങനെ ചില കാര്യങ്ങളില്‍ യാദ്രിശ്ചികമായി ടെലിപതി ഉണ്ടാവാറുണ്ട് .ഞങ്ങള്‍ ഒരു കൈനോക്കാമെന്ന് തന്നെ വിചാരിച്ചു .അങ്ങനെ അലമാരയുടെ മുകളിലത്തെ തട്ടില്‍ കണ്ട ആ ഉപകരണം ഞങ്ങള്‍ കരസ്ഥമാക്കി .പക്ഷെ ആ യന്ത്രം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വേറൊരു സാധനത്തിന്റെ ആവശ്യകത ഉണ്ട് .അങ്ങനെ അടുക്കളയില്‍ ചെന്ന് ഞങ്ങള്‍ അതും തപ്പിയെടുത്തു.. തീപ്പെട്ടി


ആദ്യത്തെ ഊഴം ചേച്ചിയുടെതാണ് . അതാ എന്റെ കൌതുകവസ്തുവായ പുക പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു .എന്റെ ചേച്ചി എന്നെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മുന്‍പരിചയം ഉള്ളത് പോലെ അതാ പുക പുറപ്പെടുവിക്കുന്നു .അപ്പോള്‍ എനിക്കും അതുപോലെ പുക പുറപ്പെടുവിക്കാന്‍ കഴിയണം .ഞാന്‍ സ്വയം പറഞ്ഞു .


അങ്ങനെ ആ സിഗരറ്റ് എന്റെ കൈവശം വാങ്ങി ഞാന്‍ ഊതി തുടങ്ങി .എന്റെ പ്രതീക്ഷകള്‍ തെറ്റിപ്പോയി .അതത്ര നിസാരമായ കാര്യമല്ല .ഞാന്‍ ശ്രമിച്ചു നോക്കിയിട്ട് ഒരു തരിമ്പു പുക പോലും പുറപ്പെടുവിക്കാന്‍ എനിക്ക് കഴിയുന്നില്ല .എന്റെ ചേച്ചി “നിനക്ക് ഇത് പോലും അറിയില്ലല്ലോടി "എന്ന ഭാവത്തില്‍ അവജ്ഞയോടെ നോക്കി .ആ നോട്ടത്തില്‍ ഞാനാകെ ചെറുതായ പോലെ എനിക്ക് തോന്നി .പിന്നെ ഞാന്‍ ആ അത്ഭുതകരമായ വിദ്യ എന്റെ ചേച്ചിയില്‍ നിന്നും സ്വായത്തമാക്കി .


എന്റേത് തെറ്റിദ്ധാരണ ആയിരുന്നു .പുക അകത്തേക്ക് വലിച്ച ശേഷം ആണ് പുറത്തേക്കു വിടേണ്ടത് .ഊതുകയാണ് വേണ്ടത് എന്നത് എന്റെ തെറ്റിദ്ധാരണ ആയിരുന്നു .
അങ്ങനെ പുകയായി മാറെണ്ടുന്നതിന്റെ ആദ്യാക്ഷരം ഞങ്ങള്‍ കുറിച്ചു.


കൂട്ടുകാരി

അവള്‍  ..സുന്ദരിയായിരുന്നു .എനിക്ക്  അവളോട്‌  പലപ്പോഴും  അസൂയ  തോന്നിയിട്ടുണ്ട് .ഞാന്‍  ഈ   ലോകത്ത്  കണ്ടത്തില്‍  ഏറ്റവും  സുന്ദരിയായ  മുഖം  അവളുടെതയിരുന്നു ..എന്റെ  പ്രിയപ്പെട്ടത്തില്‍  പ്രിയപ്പെട്ട  സുഹൃത്ത് .
അവളുടെ  മുടിക്ക്  ഇളം  ചുരുള്‍  ആയിരുന്നു .എന്റെതും  ചുരുണ്ട  മുടിയിഴകള്‍  ആയിരുന്നു .പക്ഷെ  അവളുടെ  മുടിയിഴകള്‍ക്കു  താഴ്വാരത്തില്‍  വന്നു  പതിക്കുന്ന  വെള്ളച്ചാട്ടത്തിന്റെ  സൗന്ദര്യം  ആയിരുന്നു ..
ഭൗതിക  സൗന്ദര്യം  എന്നെ  പലപ്പോഴും  വശീകരിച്ചിട്ടുണ്ട്.
.
പക്ഷെ  ആത്മാവിന്റെ  യഥാര്‍ത്ഥ  സൗന്ദര്യം  ഞാന്‍  തിരിച്ചറിഞ്ഞത്  അവളിലൂടെ  മാത്രം  ആയിരുന്നു ..
നിഷ്പക്ഷമായ  അഭിപ്രായ  പ്രകടനങ്ങള്‍  പ്രകടിപ്പിച്ച   വ്യത്യസ്തമായ  ഒരു  വ്യക്തിത്വം  അവള്‍ക്കുണ്ടായിരുന്നു .അതാണോ  എന്നെ  കൂടുതല്‍  അവളിലേക്ക്‌  ആകര്‍ഷിച്ചത് ?
ദൂരങ്ങള്‍  മനസുകളെ  അടുപ്പിക്കുന്നത്  മനസ്സിലാക്കിയതും   അവളിലൂടെയാണ് ..
അവളുടെ  ആശ്വാസ  വാക്കുകള്‍  എന്നെ  ജീവിതത്തിന്റെ  പടവുകളിലെ  മുള്ളുകള്‍  മാറ്റി  ആ  അനന്തമായ  വീഥിയില്‍  പടവെട്ടുവാന്‍  പ്രേരിപ്പിക്കുന്നു ..അവള്‍  ആണെന്റെ  യഥാര്‍ത്ഥ  സുഹൃത്ത് ..

മഴനിലാവ്

ഒരു   മഴസ്വപ്നമേ  ,
നിന്നെ  നെഞ്ചിലേറ്റി
കേഴുന്നു
നിന്റെ  വിപഞ്ചിക ..
പുതുമഴയുടെ
കാത്തിരിപ്പുമായി ,
വേദനയിലലിഞ്ഞ
സ്വപ്നങ്ങളുമായ്....
ഒരു നനുത്ത കാറ്റിന്‍
തലോടലിനായി ,
നിമേഷങ്ങളെ
ദിനരാത്രങ്ങ ളാക്കി..
അമാവാസികള്‍
സ്വപ്നങ്ങളെ
നിങ്ങളെ ഇരുട്ടിലാക്കി ;
മൂടുപടം ധരിപ്പിച്ചു ;
എങ്കിലും പൌര്‍ണമീ
നിന്നെയും കാത്തു,
നീയുമായ്‌ കനവുകള്‍
പങ്കിട്ട നിമിഷങ്ങളെ
ധന്യമാക്കി ,ഞാന്‍ ..
ചിലങ്കയണിഞ്ഞു കാത്തിരിപ്പു ,
നിന്റെ വരവിനായ് .
മയൂരങ്ങളില്‍
താളം നിറക്കുവാന്‍
വരില്ലേ ..നീ എന്റെ
ഇളം മാരുതാ ..
എന്റെ സ്വപ്നങ്ങളെ
അന്വര്‍ത്ഥമാക്കുവാന്‍
ഈ പൌര്‍ണമിയില്‍...