Wednesday 13 October 2010

തിരിച്ചറിവ്

അഹന്തയെന്ന കൊടുവാളില്‍
ശിരസ്സകപ്പെട്ടു വെന്തു-
നീറി മനസ്സാക്ഷി,
അറിഞ്ഞീല പിടഞ്ഞിരുന്നത്;
അറിഞ്ഞീലാ കപട-
സ് നേഹത്തിന്‍  മൂടുപടം.
സ്വാര്‍ത്ഥതയുടെ കൂര്‍ത്ത
മുനകള്‍ വാര്‍ത്തെടുത്തു ,
മോടിപിടിപ്പിച്ചു കപട-
സ് നേഹത്തിന്‍ സ്വപ്ന സൌധം. 
കണ്ടീല ഞാനെന്‍ മനസ്സാക്ഷി
തന്‍ സങ്കടപ്പെരുമഴ..
അവളുടെ കണ്‍കളില്‍ നടനമാടിയ
പ്രണയച്ചുവപ്പിരുട്ടാക്കിയെന്‍
മനസ്സിന്റെ വെട്ടം..
അല്ല; കണ്ണടച്ചിരു-
ട്ടാക്കി ഞാനെന്നെ.
പടവെട്ടി നന്മയോടിതുവരെ
പടിവാതിലിന്നപ്പുറമിറക്കി-
വിട്ടെന്റെ മനസ്സാക്ഷിയെ;
പണ്ടിരമ്പിയ പ്രണയപ്പെരുമഴയില്‍
തുളുമ്പിയ സ്വപ്നങ്ങളുടച്ചു
മാതാപിതാക്കളിണക്കി
വച്ച മോഹമാലകള്‍ ..
കാപട്യത്തിന്റെ മജ്ജ-
മേലുരുക്കിയൊഴിച്ച
പ്രണയത്തീമഴയില്‍
മറന്നു ഞാനെന്നെ
കിളിര്‍പ്പിച്ച വേരുകള്‍ ..
എന്റെ ജന്മം സ്വപ്നം
വിതച്ചയാ നല്‍പ്പാടങ്ങള്‍
വറ്റിവരണ്ടു; 
നന്മയാര്‍ന്ന നിറക്കൂട്ടുകള്‍
ചാലിക്കുവാന്‍ സ്വരുക്കൂട്ടിയ
സ്വപ്നങ്ങളെല്ലാം വെണ്ണീരാക്കി
എന്റെ കരാളഹസ്തങ്ങള്‍ ..
മനസ്സാക്ഷിതന്‍ വിങ്ങലുകള്‍
ഗര്‍ഭം ധരിച്ചുടലിനെ കാര്‍ന്നു
തിന്നും രക്താര്‍ബുദത്തെ;
അറിഞ്ഞു ഞാനിന്നലെയെന്റെ
ഇരുളടഞ്ഞ മനസ്സിന്നകത്തളങ്ങള്‍ .
അറിഞ്ഞു ഞാനാ കപട-
സ് നേഹത്തിന്‍ മൂടുപടങ്ങള്‍ ..
അറിഞ്ഞു ഞാനവളുടെ
 പ്രണയത്തിന്റെ നിറം
 ചുവപ്പായിരുന്നെന്ന്‍ ;
വഴിവിട്ടനേകം ധനത്തിന്നുറവ
യവളുടെ മാംസപിണ്ഡ-
ങ്ങളായിരുന്നെന്നു ഞാന്‍
തിരിച്ചറിഞ്ഞു;
ഇരച്ചുകയറിയിരുട്ടെന്‍ കണ്‍കളില്‍
സങ്കടത്തിരമാലകളണ
പൊട്ടി മസ്തിഷ്കത്തില്‍ ..
അഹന്തയുടെ മൂര്‍ച്ചയുള്ള
മുലത്തണ്ടുകള്‍ സുഖിപ്പിച്ച
രാവുകളെ ശപിച്ചു ഞാന്‍  ..
ഒന്നായിരുന്നെന്ന വിശ്വാസത്തിന്‍
കൊടുമുടികള്‍ തകര്‍ത്ത
സത്യങ്ങള്‍ ഒലിച്ചിറങ്ങി
കണ്ണുനീരായി..
അഹന്ത തന്നിരുട്ടില്‍
കിളിര്‍ത്തു പെറ്റുപെരുകിയ
തിന്മതന്നടിവേരുകള്‍
അര്‍ബുദമെന്ന  പേരില്‍
തുടിച്ചു;വേദനിച്ചീലുടലുകള്‍ ,
പക്ഷേ, വേദനിക്കുന്നെന്‍ മനം.
ഓര്‍മ്മയുടെ ഓടകള്‍
തിന്മതന്നാധിക്യത്താല്‍
ചീഞ്ഞു നാറി,
കുറ്റബോധത്തിന്‍
തീരാക്കയങ്ങള്‍ക്ക്
പശ്ചാത്താപത്തിന്‍ വിത്തുകള്‍
പാകുവാന്നിടം കിട്ടിയില്ല;
പണ്ട് പ്രേമതീരത്തൊരുമിച്ചു
കാതോര്‍ത്ത ശംഖൊലിയി -
ന്നൊറ്റക്കിരുട്ടില്‍ 
മരണമായിരമ്പുന്നു...
മൂന്നുപെണ്‍പൈതങ്ങളിട-
നെഞ്ചില്‍ തലവച്ചു
ചായുമ്പോളിന്നെന്‍ കരങ്ങള്‍
തളര്‍ന്നു താലോലിക്കുവാന്‍ . 
സ്നേഹവിശ്വാസങ്ങള്‍ക്കന്ത്യകൂദാശ-
യായ സത്യത്തിന്‍ പെരുമഴ
കളാര്‍ത്തുപെയ്യുമ്പോള്‍ മരിച്ചു-
കഴിഞ്ഞിരുന്നെന്‍  മനം..
കാലനായെത്തി അതിഥി,
വിരുന്നൊരുക്കി കുന്തിരിക്കങ്ങള്‍ ,
പകര്‍ന്നു പനിനീരുടലാകെ-
യെന്റെ കുഞ്ഞുപൈതങ്ങള-
വരുടെ കണ്ണുനീരാല്‍ ..
കുന്തിരിക്കങ്ങള്‍ തീര്‍ത്ത
പുകമറയിലൂടെ കണ്ടുഞാന്‍ ,
വേര്‍ പെട്ടയെന്റെ പാതിയെ..
എന്റെ വൈകിയ തിരിച്ചറി-
വലംകൃതമാക്കിയവള്‍ ,
കുന്തിരിക്കം മണപ്പിച്ചും..
ചന്ദനത്തിരി കത്തിച്ചും..