Friday 16 July 2010

ആന്റിക്രൈസ്റ്റ്


ഒരു വെളിപ്പാടകലെ , ജീവിതത്തിലെ വലിയ, ഭീകരമായ ഒരു സത്യം വെളിപ്പെട്ടു. "ഭീകരമായ"എന്നതിനെ വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല .പക്ഷെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.അപ്പോഴെനിക്കുണ്ടായ മനോവികാരം നിമിത്തം അങ്ങനെ വിശേഷിപ്പിപ്പിക്കാനെ കഴിയുന്നുള്ളൂ എന്ന് വേണം പറയാന്‍.


ഞാന്‍ എന്ന് ഈ സംഭവത്തില്‍ പറയുന്ന വ്യക്തി സാധാരണയില്‍ സാധാരണക്കാരിയും ആഴ്ചപ്പതിപ്പിലെ "ഡോക്ടറോട് ചോദിക്കാം" എന്ന പംക്‌തിയുടെ സ്ഥിരം വായനക്കാരിയുമാണ്."ഡോക്ടറോട് ചോദിക്കാം" കൂടാതെ കിനാവും കണ്ണീരും, വനിതയിലെ കോത്താ രിയുടെ ചോദ്യത്തര പംക്തികളും വായിച്ചു വരുന്നു..


അപ്പുറത്തെ ബേബി ആന്റി യുടെ വീട്ടില്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാണാനിടയായ റേപ് സീന്‍ കണ്ടപ്പോള്‍ മുതലാണ്‌ എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത് .റേപ് സീന്‍ എന്ന് വച്ചാല്‍ അപ്പോള്‍ ലൈവ് ആയിട്ട് കണ്ടെന്നല്ല, ടിവിയില്‍ കണ്ട രംഗം .അന്നാ രംഗം കണ്ടപ്പോള്‍ കാരണമില്ലാത്ത ഒരു രോമാഞ്ചം..അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബയോളജിയോ കെമിസ്ട്രിയോ എനിക്കന്നു മനസ്സിലായില്ല.


എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.എന്തൊക്കെയോ കാര്യങ്ങള്‍ എനിക്കറിയാതെ ഈ ലോകം എന്നില്‍ നിന്ന് മറക്കുന്നതായി എനിക്ക് തോന്നി തുടങ്ങി . പിന്നീട് തിരച്ചിലിന്റെ നീണ്ട നാളുകള്‍..അങ്ങനെയിരിക്കയാണ് എവിടെ നിന്നോ കിട്ടിയ ആഴ്ചപ്പതിപ്പില്‍ നിന്നും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആ പംക്തി വായിക്കാനിടയായത് .ഞാനത് വായിച്ചു കൊണ്ടിരുന്നത് കണ്ട അമ്മ, ഇത് പോലുള്ള വാരികകള്‍ കുട്ടികള്‍ വായിച്ചുകൂട എന്ന ഒരു ഉപദേശം തന്നു. ഞങ്ങളുടെ പരിസരത്തുള്ള ഒരു ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി.അതിനു കാരണം ,അതായത് ആ ചേച്ചി വഴിതെറ്റി പോകാനുള്ള കാരണം, ഇതേ പോലുള്ള വാരികകള്‍ സ്ഥിരമായി വായിക്കാറുള്ളതാണത്രേ ..ഇങ്ങനെയായിരുന്നു അമ്മയുടെ വാദം.ആ വാദം തെറ്റായിരുന്നാലും ശരിയായിരുന്നാലും ആ ചേച്ചിയോട് മനസ്സില്‍ ദേഷ്യമാണ് തോന്നിയത്.ആ ചേച്ചി കാരണം എന്റെ വായന മുടങ്ങി.


ആ വാരിക പിന്നീട് ഞാന്‍ കണ്ടുമുട്ടിയത് വല്യമ്മേടെ വീട്ടില്‍ വച്ചാണ്.അവിടെ പോകുമ്പോളൊക്കെ വാരിക കൈക്കലാക്കി ഡോക്ടറോട് ചോദിക്കാമും കിനാവും കണ്ണീരും ഒക്കെ ഞാന്‍ വായിച്ചു .വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വല്യച്ചനോ വല്യമ്മയോ വന്നാല്‍ ആ പേജ് മാറ്റുന്നതും എന്റെ പതിവായിരുന്നു. ആ വാരികകളില്‍ നിന്നും എനിക്കൊരു വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല .പല വിശദീകരണങ്ങളും എന്റെ മനസ്സിലെ സംശയങ്ങള്‍ കൂട്ടിയതെ ഉള്ളു .
                                         
 പത്താം തരത്തിലെ പഠന തിരക്കിനിടയില്‍ മഹത്തായ ആ വായനാശീലം എനിക്ക് കൈമോശം വന്നു. ക്ലാസ് മുറിയിലെ പൊട്ടിച്ചിരികളില്‍ മതിമറന്നു മധുരപ്പതിനെഴും കഴിഞ്ഞു. ആ കാലാന്തരത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളൊന്നും തല പൊക്കിയതേയില്ല .


ശേഷം ഞാന്‍ ഹോസ്റ്റല്‍ മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ എത്തപ്പെട്ടു. അവിടെ എന്നെ വരവേറ്റത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറൊരു ലോകം ആയിരുന്നു..അമ്മയില്‍ നിന്നും അതുവരെ വിട്ടു പിരിഞ്ഞു നിന്നിട്ടില്ലാത്ത ഞാന്‍ അതൊക്കെ അമ്പരപ്പോടെ നോക്കിക്കണ്ടു...പിന്നെയും സംശയങ്ങള്‍ തലപൊക്കി തുടങ്ങി .


അവിടത്തെ ഹോസ്റ്റല്‍ മുറികളിലും ബാത്ത് റൂമിലെ ഭിത്തികളിലും കണ്ട കയ്യക്ഷരങ്ങള്‍ ഞാന്‍ കൂട്ടി ച്ചേര്‍ത്ത് വായിച്ചു നോക്കി ..ഞാന്‍ ഇതുവരെ കണ്ടിട്ടില്ല്ലാത്ത വാചകങ്ങള്‍ ..അപരിചിതമായ തലക്കെട്ടുകള്‍. .അവയുടെ ഒക്കെ അര്‍ഥം കൈയിലുണ്ടായിരുന്ന ഡിക്ഷ്ണറിയില്‍ തിരഞ്ഞു നോക്കി..അതില്‍ നിന്ന് കിട്ടിയ വാചകങ്ങള്‍ ഞാന്‍ എവിടൊക്കെയോ കണ്ടിട്ടുണ്ട് .ഓര്‍മ്മയെ പല പ്രാവശ്യം ചികഞ്ഞു നോക്കി. ഓരോ വാചകങ്ങള്‍ കണ്ടെത്തിയപ്പോഴും എന്റെ തലയില്‍ തലച്ചോറിന്റെ ഇടതുവശത്താണെന്നു തോന്നുന്നു ഒരു ട്യൂബ് ലൈറ്റ് മിന്നുകയും അണയുകയും ചെയ്തു കൊണ്ടിരുന്നു. പണ്ട് വായിച്ച വാരികകളില്‍ ഉണ്ടായിരുന്ന ചില പദങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു..പിന്നെയും സംശയങ്ങള്‍ കൂടോടെ തലപൊക്കി ..ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റിന്റെയും സെമെസ്റെര്‍ പരീക്ഷകളുടെയും തിരക്കിനിടയില്‍ കൂടോടെ തലപൊക്കിയ സംശയങ്ങള്‍ കൂടണയാതെ അവശേഷിച്ചു..


പിന്നെ ജോലി ഒന്നും കിട്ടാതെ എനിക്ക് വിഷാദരോഗം പിടിപെട്ടു.ആയിടെ അമ്മ, എന്നെ വല്യമ്മേടെ കൈകളില്‍ ഏല്പിച്ച്, അച്ഛന്റെ അടുത്തേക്ക് ,ദുഫായിലേക്ക് പറന്നകലുകയും ചെയ്തു.വീട്ടില്‍ വല്യച്ച്ചനും വല്യമ്മയും മാത്രം..ശനിയോ ഞായറോ ചേച്ചി വന്നാലായി.. ചേച്ചി എന്ന് പറയുന്ന വ്യക്തി എന്റെ കഥകളിലെ സ്ഥിരം കഥാ പത്രമാണ്‌. പുള്ളിക്കാരി തികച്ചും പരിഷ്കാരിയും ഒരു ഫെമിനിസ്റ്റും ആണ്. വെള്ളിയാഴ്ചകളില്‍ ചേച്ചി വീട്ടിലെത്തണമേ എന്നതായി എന്റെ പ്രാര്‍ത്ഥന ..വരുമ്പോള്‍ കൈനിറയെ പാല്‍പായസത്തെക്കാള്‍ മധുരമുള്ളതോ,അല്ലെങ്കില്‍ മനസ്സിന്റെ ആഴക്കയങ്ങളിലേക്കിറങ്ങി ചെല്ലുന്നതുപോലെയോ ഒക്കെ ഉള്ള ചലച്ചിത്രങ്ങളുടെ സിഡികളും പ്രതീക്ഷിക്കാം. മിക്കപ്പോഴും, ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ചേച്ചിയുടെ കൈവശം കൂടുതല്‍ ഉണ്ടാവുക.
 
അങ്ങനെ എന്റെ പ്രാര്‍ത്ഥനകളുടെ ഫലമെന്നോണം ആ വെള്ളിയാഴ്ച, മൂന്നാഴ്ചകള്‍ക്ക്‌ ശേഷം ചേച്ചി വീട്ടിലെത്തി.. എന്റെ പ്രതീക്ഷക്കൊത്ത്‌ സി ഡി കളും കൈയിലുണ്ട് . വെള്ളിയാഴ്ച ലോകവിവരങ്ങള്‍ ചര്‍ച്ച ചെയ്തു ഞങ്ങള്‍ സുഖമായുറങ്ങി. ശനിയാഴ്ച രാവിലെ ഉത്തരന്‍ എന്ന ഹിന്ദി സീരിയല്‍ കണ്ടതിനു ശേഷം ചേച്ചി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.സിനിമ കാണാനുള്ള തയ്യാറെടുപ്പാനെന്നു ഞാന്‍ മനസ്സില്‍ ഊഹിച്ചു .ഞാനും വല്യച്ച്ചനും ചേച്ചിയോടൊപ്പം ചെന്ന് സിനിമ കാണാനായി ആസനസ്ഥരായി..
                            
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ സിനിമയുടെ പേര് തെളിഞ്ഞു : ആന്റിക്രൈസ്റ്റ്. ഞാന്‍ അതിനെ വിഭജിച്ചു വായിച്ചു നോക്കി. ആന്റി, ക്രൈസ്റ്റ് .. പണ്ട് ഡാവിഞ്ചി കോഡ് തിയേട്ടറില്‍ പോയി കണ്ടതിന്റെ ഓര്‍മ്മ മനസ്സില്‍ ഓടിയെത്തി. ഒന്നും മനസിലാവാതെ ഉറക്കം തൂങ്ങിയിരുന്ന ഞാന്‍ സിനിമയുടെ ഇടയിലത്തെ ഒരു രംഗം കണ്ട് ഞെട്ടിയുണര്‍ന്നിരുന്നു .. തലയുടെ ഇടത്തെ വശത്ത് അന്നും ലൈറ്റ് കത്തി. ആ ഓര്‍മ്മയില്‍ നിന്നും ഇന്നിന്റെ റിയാലിറ്റി യിലേക്ക് ഞാന്‍ തിരിച്ചു വന്നു


 ശേഷം സിനിമ തുടങ്ങി . നടീ നടന്മാരുടെയും സംവിധായകരുടെയും പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു . അതാ ആദ്യത്തെ രംഗം..ഞാന്‍ ഞെട്ടിത്തരിച്ചു .ഒന്ന് കണ്ണുതിരുമ്മിയിട്ട് വീണ്ടും കണ്ണുതുറന്നു ഞാന്‍ നോക്കി.. തലയുടെ ഇടത്തെ വശത്ത് മിന്നിയ ലൈറ്റ് അണഞ്ഞില്ല .അതിപ്പോഴും കത്തിയിരിപ്പുണ്ട് ..എന്റെ മനസ്സില്‍ വര്‍ഷങ്ങളായി, വളര്‍ന്നു വലുതായി ഒരു കൊടും മരമായി രൂപപ്പെട്ടു നിന്ന സംശയം, സെക്കന്റുകള്‍ക്ക് മുന്‍പടിച്ച ഇളം കാറ്റില്‍ കടപുഴകി വീണിരിക്കുന്നു.. ആ സത്യം അംഗീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..ഭീകരമായ ഒരു സത്യം മനസ്സിലാക്കിയ ഞെട്ടലോടെ ഞാന്‍ അവിടുന്നെഴുന്നേറ്റു പോയി..കുറെ നേരത്തേക്ക് എന്റെ മനസ്സില്‍ വേറൊന്നും കടന്നു വന്നില്ല .സിനിമയില്‍ കണ്ട രംഗം മാത്രമായിരുന്നു മനസ്സില്‍..


ഒരായിരം ചോദ്യങ്ങളുടെ ഉത്തരം ഒരു പേമാരിയായി മനസ്സില്‍ ആഞ്ഞടിച്ചു ..മാലോകരോട് മൊത്തം വെറുപ്പ് തോന്നിയ നിമിഷം. .ഞാന്‍ കുറച്ചു സെക്കണ്ടുകള്‍ക്ക് മുന്‍പ്‌ കണ്ടതാകണം എ പടം..അതാണോ ചേച്ചി വല്യച്ഛന്റെ മുന്‍പില്‍ ഇരുന്നു ഒരു ഭാവ വ്യത്യാസവും കൂടാതെ കാണുന്നത് ?അതില്‍ വേറെന്തെങ്കിലും കഴമ്പുണ്ടാക ണം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. .പണ്ട് എ പടം കാണാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയതോര്‍ക്കുന്നു.കൈരളി വി ചാനലില്‍ ഒരു രാത്രി വളരെ വൈകി ഐ വി ശശി സംവിധാനം ചെയ്തു സീമ അഭിനയിച്ച വിശ്വവിഖ്യാതമായ പടം നടക്കുന്നു. ഞാന്‍ രോമാഞ്ചകഞ്ചുകയായി ആ സിനിമ കാണാനിരുന്നു.. അപ്പോഴേക്കും ഉറങ്ങി ക്കിടന്ന അമ്മ ചാടിയെഴുന്നേറ്റു വന്നു പറയുന്നു "മോളേ സമയം ഒരുപാടായി.. നിനക്കുറക്കം ഒന്നുമില്ലേ " എനിക്ക് വന്ന ദേഷ്യം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല..വന്ന ദേഷ്യം പുറത്തു കാണിക്കാന്‍ കഴിയാതെ ഞാന്‍ കടിച്ചമര്‍ത്തി ..മനുഷ്യന് സ്വര്യത തരില്ല എന്ന് മനസ്സില്‍ വിചാരിച്ചു അനുസരണയുള്ള മകളായി അമ്മയുടെ അടുക്കല്‍ പോയി കിടന്നു..രണ്ടു ദിവസത്തെ കാത്തിരിപ്പിനാണ് അന്ന് അര്‍ഥമില്ലാതായത് ..


കുറച്ച് സമയത്തിനു ശേഷം ഞാന്‍ ആന്റിക്രൈസ്റ്റ് തുടര്‍ന്ന് കാണാമെന്നു മനസ്സില്‍ ഉറച്ച് അവിടേക്ക് ചെന്നു..അപ്പോഴേക്ക് ആ സിനിമ അതിന്റെ ഉള്‍ക്കാമ്പിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു ..ഞാന്‍ അന്ന് മനസ്സിലാക്കിയ സത്യത്തിന്റെ ശരി തെറ്റുകളെ അവലോകനം ചെയ്യുന്ന സിനിമയായിരുന്നു അത്..


പുഴ പോലെ ഒഴുകുന്ന ജീവിതത്തില്‍ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്ന ദുര്യവസ്ഥകള്‍ ..വികാരങ്ങളുടെ അണ പൊട്ടിയ നിമിഷങ്ങള്‍ക്ക് , നല്‍കേണ്ടി വന്ന വില പലപ്പോഴും ജീവിതം തന്നെയായിരുന്നു ..


ഒന്നു രണ്ടാഴ്ചക്കാലം ആ സിനിമയെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ മനസ്സില്‍ നടന്നു കൊണ്ടിരുന്നു ...
പിന്നീട് പതുക്കെ പതുക്കെ ഞാന്‍ ആ സത്യത്തെ അംഗീകരിച്ചു തുടങ്ങി ..


വിവാഹം കഴിഞ്ഞ്‌, ദൈവത്തിന്റെ കനിവൊന്നു കൊണ്ട് മാത്രം പുതു ജീവന്‍ രൂപപ്പെടുന്നെന്നു വിശ്വസിച്ച കൊച്ചു പാവാടക്കാരിയായിരുന്ന ഞാനും , ഇന്നൊരു ഭീകരവും ലോകത്തെ മൊത്തം അടക്കി വാഴുന്നതുമായ നഗ്ന സത്യത്തെ മനസ്സിലാക്കിയ ഞാനും, തമ്മിലുള്ള അകലം ഞാന്‍ മനസ്സില്‍ അളന്നുകൊണ്ടിരുന്നു ..


                  

3 comments:

  1. പ്രിയപ്പെട്ട കൂട്ടുകാരീ , അതിര്‍വരമ്പുകള്‍ ഭേദിക്കാതെ മനസ്സിലെ ആശയം വ്യ്കതമാക്കാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട് .അഭിനന്ദനങ്ങള്‍ .............................
    ഇത് വായിച്ചപ്പോള്‍ അറിയാതെ ഞാനും എന്‍റെ കൌമാരകാലം ഓര്‍ത്തുപോയ് .ഞാനും താനും സഞ്ചരിച്ച വഴികള്‍ ഒക്കെ സമമായിരുന്നു ,എങ്കിലും എന്‍റെ അന്വേസനങ്ങള്‍ക്ക് ആരും തടസം നില്‍കാത്തത് കൊണ്ട് എന്നിലെ ഗവേഷകന്‍ വേഗം അറിവിന്റെ ഡിഗ്രി സ്വന്തമാക്കി .അതില്‍ പലതും തെറ്റായിരുന്നെങ്കില്‍ പോലും .............പെണ്‍കുട്ടികള്‍ ഇത് ഒന്നും അറിയാത്ത മന്ധബുധികള്‍ ആണ് എന്ന എന്‍റെ വിശ്വാസത്തെ ഞാനിതാ ഈ വൈകിയ വേളയില്‍ പുച്ചിച്ചു തള്ളുന്നു ..

    ReplyDelete
  2. morality.....hahahahahah.

    ishtapedumo ennariyilla. engilum vayichu nokku....

    http://meriajnabi.blogspot.com/2009/10/2_30.html

    ReplyDelete
  3. ബ്രില്ല്യന്റ് റൈറ്റിംഗ്!

    ReplyDelete