Friday 27 August 2010

പച്ച ശിഖരങ്ങള്‍

(പച്ച ശിഖരങ്ങള്‍ ..അതിനു ജീവന്റെ താളമുണ്ട് ..അതില്‍ ചലിക്കുന്ന സിരകളുമുണ്ട് ..ഒഴുകുന്ന രക്തമുണ്ട് .
ഇലകളില്ലാത്ത വൃക്ഷം ..അതിനു ജീവന്റെ തുടിപ്പുണ്ട് ..പിരിയുന്ന ശിഖരമുണ്ട് ..എണ്ണമറ്റ ശിഖരങ്ങളുണ്ട്..
ഇലകളില്ലാത്ത ഈ വൃക്ഷത്തിനെങ്ങനെ പച്ച നിറം വന്നു ?
ശിഖരങ്ങള്‍ക്ക് പച്ച നിറമോ ? ഇലകളില്ലാത്ത ഈ വൃക്ഷത്തിന് നിസ്സഹായതയുടെ പാരമ്യത്തില്‍ അടിവേരില്‍ നിന്നും ഹരിതകം ഉത്ഭവിച്ചിരിക്കുന്നു ..അല്ല  ഉള്‍ക്കാമ്പിലെ ഹരിതകം ശിഖരങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു .. )


ആദിതാളം നിലച്ചു,

ആത്മനൊമ്പരത്തെ കാല-
മിടിച്ചു താഴ്ത്തി,
ഇടറിയ കാല്‍വയ്പ്പുകള്‍,
ഭൂമിയ്ക്ക് ഭാരമായി..
കരിഞ്ഞ നിനവുകള്‍ക്ക്
മേല്‍ സ്വപ്നം വിതയ്ക്കു-
വാന്‍ വിത്തുകള്‍ കിട്ടിയില്ല..
സൃഷ്ടി ദോഷമായി,
ജന്മം പിടഞ്ഞീടുമാ-
വേളയില്‍ നിലച്ച താളത്തെ
വീണ്ടും മുഴക്കുവാന്‍,
തേടി പടവുകള്‍,
അജ്ഞാതമാം കരിങ്കല്‍-
വീഥികളില്‍ നിരന്തരം
കാലിടറി വീണു ..
മുറിവേറ്റ നിനവുകള്‍ക്ക്
മേലൊഴുകി കടും ചോര..
കട്ടച്ചുവപ്പു ചോരയില്‍
കുളിച്ച സ്വപ്നങ്ങള്‍ക്ക്
കടുംചുവപ്പു നിറവും പകര്‍ന്നു,
കരിങ്കല്‍പടവുകളിലെ യാത്ര
കുരുപ്പിച്ച മുറ്റിയ മുറിവുകള്‍ക്ക്‌
 മേല്‍ പറ്റിപ്പിടിച്ചു
ദുഷിച്ച വ്രണങ്ങളും,
മരുന്നുകള്‍‍ക്കാകുമോ
നിലച്ച താളത്തെ
ജനിപ്പിക്കുവാന്‍ ?
നിനവുകള്‍ക്ക് മേല്‍
പൊടിഞ്ഞ ചോരയൊപ്പുവാന്‍ ?
പുതുമഴയില്‍ കിളിര്‍ത്ത
പുല്‍നാമ്പുകളോരോന്നായ്‌
കരിയിലകളായപ്പോഴും,
തളര്‍ന്നിരുന്നീല,
പ്രതീക്ഷയെ നട്ടു പിടിപ്പിച്ചു,
വളമിട്ടനേകമെങ്കിലും
തളിര്‍ത്തീല, കായ്ച്ചീല,
വിരിഞ്ഞീല മൊട്ടുകള്‍..
പിന്നെയും കരിയിലക്കാറ്റുകള്‍..
ആത്മനൊമ്പരങ്ങള്‍..
പഴിപറച്ചിലുകള്‍ ..
ഒടുവിലൊരു പുലരിയില്‍
തിരിച്ചറിഞ്ഞീണം
പകര്‍ന്നീടുമാദിതാളം
എന്നിലെ എന്നാദിതാളം
മരിച്ചിരുന്നില്ല ,തളര്‍ന്നിരുന്നില്ല,
താണനിലത്തില്‍ നീരുറവയായി
പതിഞ്ഞ സ്വരമിന്നുള്ളിലെ
ഈണമായൊഴുകുമ്പോഴും
പടവുകളെന്നെ താഴ്ത്തിടുമ്പോഴും
അറിയുന്നീ നിലക്കാത്ത താളം
പൊട്ടിക്കിളിച്ച ശിഖരങ്ങളില്‍
കിളിര്‍ക്കാത്തിലകള്‍ക്ക് വേണ്ടി
ഇതാ ഈ ഉള്‍ക്കാമ്പിലും
അടിവേരിലും വറ്റാത്ത ഹരിതകം ..



13 comments:

  1. അതെ പച്ച പ്രതീക്ഷയാണ്..ശുഭമാണ്..
    pls remove word verification.

    ReplyDelete
  2. WHO AM I ? എന്ന പ്രൊഫൈല്‍ നാമമാണ് ഈ ബ്ലോഗില്‍ എന്നെ എത്തിച്ചത്. ആശംസകളോടെ,

    ReplyDelete
  3. കവിത ഒത്തിരി നീണ്ടു പോയോ ?
    തിരക്കിട്ട ജീവിതത്തില്‍ ഇത്തിരി നേരമേ ബ്ലോഗ്‌ നോക്കാന്‍ ടൈം കിട്ടൂ.
    എങ്കിലും മുഴുവന്‍ വായിച്ചു.
    പച്ച ശിഖരങ്ങള്‍ ഇനിയും കിളിര്‍ക്കട്ടെ..

    ReplyDelete
  4. നന്നായി എഴുതി... ആശംസകള്‍..

    ReplyDelete
  5. പുതുമഴയില്‍ കിളിര്‍ത്ത
    പുല്‍നാമ്പുകളോരോന്നായ്‌
    കരിയിലകളായപ്പോഴും,
    തിരുത്തുകള്‍ ആവാം അതുകൊണ്ട് ചെറുതാവില്ല

    ReplyDelete
  6. കവിതക്ക് ഒരു പുതുമ തോന്നി. നന്നായി എഴുതി

    ReplyDelete
  7. കൊള്ളാം ഈകവിത...കവിയത്രിയുടെ പേരും

    ReplyDelete
  8. "അടിവേരിലും വറ്റാത്ത ഹരിതകം"
    കവിതയെ നേരില്‍ കാണുന്നു.
    നന്ദി.

    ReplyDelete
  9. dhairghyam kooduthalano enno samshayam...
    samshayam mathramanu ketto

    ReplyDelete
  10. കൊള്ളാം ഈകവിത...കവിയത്രിയുടെ പേരും

    ReplyDelete