Wednesday 18 August 2010

പാറുവും ശ്രദ്ധയും പിന്നെ ഞാനും

പച്ച വിരിച്ച് നില്‍ക്കുന്ന ഭൂപ്രകൃതിയുടെ ഒത്ത നടുവിലാണ് എന്‍ജിനീയറിംഗ് പഠനത്തിനായി ഞങ്ങള്‍ ചെന്നു പെട്ടത് .കണ്ടാല്‍ ആരും കൊതിച്ചു പോകുന്ന ഭൂപ്രകൃതി .. നെല്‍പ്പാടവും , മല നിരകളും കാടുകളും എല്ലാമായി ആ ഭൂപ്രദേശം  ഏതൊരു മനുഷ്യനെയും ഒന്ന് കൊതിപ്പിച്ചു കളയും..ആ മനോഹാരിതയില്‍ മനം മറന്നാണ് ഞാനും അവിടെത്തിച്ചേര്‍ന്നത്.


                 അവിടെത്തി ചേരുന്ന എല്ലാവരെയും അവിടത്തെ പ്രകൃതി പിന്നെയും പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു.. അങ്ങനെ മൂന്നു സാധുജനങ്ങള്‍ ( പാറു ,ശ്രദ്ധ ,പിന്നെ ഞാന്‍ ) അവിടെത്തി ചേര്‍ന്നു ..ആദ്യത്തെ കാഴ്ചയില്‍ നല്ല അച്ചടക്കവും മര്യാദയും ഉള്ള മൂന്നു കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍ ..മൂന്നു പേരും കേരളത്തിന്റെ പല ജില്ലകളില്‍ നിന്നെത്തി ഒരു കുടക്കീഴില്‍ താമസിക്കുന്നവര്‍ ...


                 പാറുവിനെ പരിചയപ്പെടുത്താം .. പാറുവിന്റെ പ്രത്യേകത അവളുടെ "എന്തേരടെ" എന്ന സംസാര ശൈലി ആണ് . അതേസമയം ശ്രദ്ധയുടെ ശൈലി "എന്നാ" എന്നതാണ് .ഞാനാണെങ്കിലോ "എന്തുവാ"യും. ഇപ്പോള്‍ മനസ്സിലായല്ലോ  ഞങ്ങളുടെ ഓരോരുത്തരുടെയും ജില്ലകള്‍ . ഒന്ന് കൂടി വ്യക്തമാക്കാം .. പാറുവിന്റെ ദേശം വര്‍ക്കലയാണ് .. ശ്രദ്ധയുടെ ദേശം കോട്ടയം .."കൊല്ലം കണ്ടവനില്ലം വേണ്ടെ"ന്ന പ്രസ്താവന പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ കൊല്ലക്കാരിയുമാണ്.

                         അങ്ങനെ നിര്‍ദോഷികളായ 3 പെണ്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരു മുറിക്കുള്ളില്‍ എത്തപ്പെട്ടു .. ഹോസ്റലിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയായിരുന്നു ഞങ്ങളുടെ താവളം ..തികച്ചും മര്യാദക്കാരികളും (അങ്ങനെയല്ലെങ്കിലും ഞങ്ങളുടെ പെരുമാറ്റം കണ്ടാല്‍ ആരുമൊന്നു തെറ്റിദ്ധരിക്കും ) പഠിക്കണമെന്നയൊറ്റ അഭിവാജ്ഞയോടെ അവിടെ എത്തിച്ചേര്‍ന്നതുമായ കുട്ടികളായിരുന്നു ഞങ്ങള്‍ ....ആ കോളേജില്‍ ഞങ്ങളുടെ സാന്നിധ്യം അറിയാവുന്നവര്‍ വളരെ ചുരുക്കമായിരുന്നു .. പക്ഷെ എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു ..ഞങ്ങള്‍ മൂന്നുപേരും ഒറ്റരാത്രി കൊണ്ട് ആ കോളേജ് മുഴുവന്‍ പ്രസിദ്ധരായി ..പല ബാച്ചുകളില്‍ നിന്നും പലരും ഞങ്ങളെ ഒന്ന് കാണാനായി ഞങ്ങളുടെ ക്ലാസ്സ്‌ തിരഞ്ഞു നടന്നു ..

ഇനി സംഭവത്തിലേക്ക് കടക്കാം..





        ഞങ്ങള്‍ മൂന്നുപേരും വീട്ടുകാരെ പിരിഞ്ഞിരിക്കുന്നത്  ആദ്യമായാണ് .. അതുകൊണ്ട് തന്നെ, ദൂരങ്ങള്‍ താണ്ടി അന്യനാട്ടില്‍ പഠിക്കാന്‍ വന്ന ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ ശുഷ്കാന്തി ആയിരുന്നു .. ഞാനാണെങ്കില്‍ ക്ലാസ്സ്‌ ഒക്കെ തുടങ്ങി 1 മാസം പിന്നിട്ടപ്പോളാണ് കോളേജില്‍ എത്തിയത് .. അതുകൊണ്ട് തന്നെ ഞാന്‍ തലകുത്തി നിന്നാണ് ആദ്യ ദിവസങ്ങളില്‍ പഠിച്ചത് ..പുതുമോടി എന്നൊക്കെ പറയില്ലേ ..എന്‍ജിനീയറിംഗ് പഠിക്കാനെത്തിയ പുതുമോടിയില്‍ ഞങ്ങള്‍ രാത്രികളെ പകലാക്കി പഠിച്ചു ..വീട്ടുകാരുടെ നിബന്ധനകളില്ലാതെ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തില്‍ പലരും ആഘോഷ പൂര്‍ണ്ണമാക്കി ഓരോ ദിവസങ്ങളും ..പക്ഷെ ഞങ്ങള്‍ മൂവരെയും വീട്ടുകാരുടെ അഭാവം വേദനിപ്പിച്ചു കൊണ്ടിരുന്നു ..ആ ഹോസ്റ്റല്‍ മുറിയിലെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ പഠനത്തിനായി വിനിയോഗിച്ചു ..




             അങ്ങനെയിരിക്കുമ്പോളാണ് മന്ത്‌ലി എക്സാം വരുന്നത് .. ഞങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ആദ്യത്തെ മന്ത്‌ലി എക്സാം..എസ്.എസ്.എല്‍.സിക്ക് പോലും ഞാന്‍ അത്രയും ആത്മാര്‍ത്ഥതയോടെ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു ..അത്രക്ക് ചൂടേറിയ പഠിത്തം ..രാത്രികളുടെ പകുതിഭാഗം ഞങ്ങള്‍ക്ക് പകലു പോലെ ആയിരുന്നു ..ആ ഹോസ്റ്റലില്‍ ഏറ്റവും അവസാനം ലൈറ്റ് അണയുന്ന മുറി ഞങ്ങളുടെതായിരുന്നു .. ഞാനും പാറുവും മിക്കവാറും മുറിക്കു പുറത്തിരുന്നാണ് പഠിക്കാറ് .മുറിക്കകത്ത് കിടക്കുന്ന കമ്പി കൊണ്ടുണ്ടാക്കിയ നന്നേ ഭാരം കുറഞ്ഞ ടേബിളും പ്ലാസ്റ്റിക്‌ കസേരയും ഞങ്ങള്‍ പുറത്തെടുത്തിട്ട് അവിടിരുന്നാണ് പഠിച്ചു കൊണ്ടിരുന്നത് ..രാത്രിയില്‍ ശക്തമായടിക്കുന്ന കാറ്റടിച്ചു പലപ്പോഴും ഞങ്ങളുടെ പുസ്തകങ്ങളുടെ താളുകള്‍ കെട്ടഴിഞ്ഞു പോയി .അതുപോലെ തന്നെ രാവിലെ എണീറ്റ്‌ പുറത്തിട്ടിട്ട് പോയ കസേരയെ ആ ഹോസ്റെലിന്റെ മുക്കും മൂലയിലും തെരക്കി നടക്കുന്നതും എന്റെയും പാറുവിന്റെയും പതിവായിരുന്നു .. എങ്കിലും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു കസേര അകത്തിടാതെ ഓരോ രാത്രിയുടെയും പകുതിയില്‍ ബോധം കെട്ടു കിടന്നുറങ്ങി കൊണ്ടിരുന്നു ..                        
 
അന്നേ ദിവസം പാറുവും ഞാനും നേരത്തെ കിടക്കയില്‍ സ്ഥാനം പിടിച്ചു ..സമയം 11 കഴിഞ്ഞിട്ടേ ഉണ്ടാകൂ ..അടുത്ത ദിവസം രാവിലെ എണീറ്റ്‌ പഠിക്കാമെന്ന് ഉഗ്രശപഥം ചെയ്തിട്ടാണ് ഞങ്ങള്‍ കിടക്കയില്‍ തല ചായ്ച്ചത്‌ ..കൃത്യം 4 മണിക്ക് എണീക്കാനായി അലാറവും വച്ചു .. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് പറയാന്‍ പറ്റാത്ത എന്തോ ഒരു അസ്വസ്ഥത ..ആ അസ്വസ്ഥതയെ കുറിച്ച് ഞാനും പാറുവും ഉറക്കം പിടിക്കുന്നതിനു മുന്‍പ് സംസാരിക്കുകയും ചെയ്തു ..പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആകെ ഒരു അങ്കലാപ്പ് .. ഞങ്ങളെ ഉറക്കത്തില്‍ ശല്യം ചെയ്യേണ്ടെന്ന് കരുതി മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു ശ്രദ്ധ പുറത്തിരുന്നു പഠിത്തം തുടര്‍ന്നു ..കഴിഞ്ഞ ഒരാഴ്ചയായി ഉറക്കം തീരെ കുറവായിരുന്നതിനാല്‍ അന്ന് ഞാന്‍ പെട്ടെന്ന് ഉറക്കം പിടിച്ചു ..




ഈ ലോകം എന്റെ ബോധാത്തിനപ്പുറമായി ..എന്റെ ബോധം ശൂന്യമായി .. ഏകദേശം മൂന്നു മണിക്കൂറോളം എന്റെ ബോധമില്ലായ്മ തുടര്‍ന്നു .. ശേഷം വിചിത്രമായ രംഗങ്ങളാണ് ഞങ്ങളുടെ മുറിയില്‍ അരങ്ങേറിയത് .

 സമയം 3 മണിയോടടുക്കും .പാറുവിന്റെ ശബ്ദം ഞങ്ങളുടെ മുറിയില്‍ മുഴങ്ങിക്കേട്ടു ..ഞാന്‍ ഞെട്ടലോടെ  കണ്ണുകള്‍ തുറന്നു ..ആ ഇരുട്ടത്ത്‌ കാഴ്ച വീണ്ടെടുക്കാന്‍ എനിക്കേതാനും സെക്കണ്ടുകള്‍ വേണ്ടി വന്നു ..പാറു ചിറകുവിരിച്ചു പറക്കുന്ന വവ്വാലിനെ പോലെ പറക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..പാറു ഓടുകയാണെന്നും പറക്കുകയാനെന്നും പറയാം .അവള്‍ രാത്രിയില്‍ പുതപ്പു തല വഴിയെ പുതച്ചാണ് ഉറങ്ങാറ് ..അതുകൊണ്ടുതന്നെ അവളെണീറ്റോടിയപ്പോള്‍ ആ പുതപ്പും അവളുടെ പിറകെ പറന്നു ..ആ പറക്കലിനിടയില്‍ അവളുടെ മുന്‍പിലത്തെ വാതിലടഞ്ഞു ..ഞാന്‍ ഒന്നമ്പരന്നു ..ഞാന്‍ കാണുന്നത് സ്വപ്നമാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു ..പല സ്വപ്നങ്ങളിലും, കാണുന്നത് സ്വപ്നമാണോ അതോ യാഥാര്‍ധ്യമാണോ എന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു .. അതെ പോലെ ഇതും സ്വപ്നമാണോ എന്ന് ഞാന്‍ സന്ദേഹിച്ചു ..പക്ഷെ എന്റെ കണ്മുന്നിലെ രംഗങ്ങള്‍ യാഥാര്‍ധ്യമായിരുന്നു .. ഇനി പാറുവിന് വട്ടായോ എന്ന് വരെ ഞാനപ്പോള്‍ ചിന്തിച്ചു പോയി ..രാത്രിയില്‍ സംസാരിക്കുക അവളുടെ പതിവായിരുന്നു .ഇനി അതു പോലെ സംസാരിച്ചു സംസാരിച്ചു അവളിപോള്‍ എണീറ്റോടാനും തുടങ്ങിയോ എന്ന ചോദ്യത്തില്‍ എത്തി നിന്നു ഞാന്‍ ..അപ്പോഴേക്കും പാറു റൂമിലെ ലൈറ്റ് തെളിച്ചു ..ശ്രദ്ധയും ഉണര്‍ന്നു ..ഞാന്‍ ശ്രദ്ധയുടെ അടുക്കലേക്കോടി ചെന്നു .. എല്ലാരുടെയും മുഖത്ത്‌ ഭയം നിഴലിച്ചു ..എനിക്കും ശ്രദ്ധയ്ക്കും കാര്യം എന്തെന്ന് അപ്പോഴും മനസ്സിലായില്ല ..ഞങ്ങള്‍ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കി ..പക്ഷെ ഞങ്ങളുടെ വാതില്‍ ആരോ പുറത്തു നിന്നു ബന്ധിച്ചിരിക്കുന്നു ..ഞങ്ങള്‍ ഭീതി കൊണ്ട് കിടുങ്ങി . പാറുവിന്റെ മാല താഴെ കിടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ..ഞങ്ങള്‍ ഭയന്ന് വിറച്ചു ..ഞങ്ങള്‍ പിന്നെയും വാതില്‍ തുറക്കാന്‍ ശ്രമിച്ചു നോക്കി . .പക്ഷെ പറ്റിയില്ല .ജനലുകള്‍ തുറന്നു വാര്‍ഡനെ വിളിച്ചു ..ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല ..ഒടുവില്‍ അപ്പുറത്തെ റൂമിലെ ഷീജയെ ഞങ്ങള്‍ ഫോണ്‍ വിളിച്ചുണര്‍ത്തി ഞങ്ങളുടെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു .. അവള്‍ മുറി തുറക്കാനായി കുറ്റികള്‍ താഴ്ത്തി ..പക്ഷെ അവളും ബന്ധനസ്തയായിരുന്നു ..അവള്‍ അതിനപ്പുറമുള്ള പ്രിയയെ ഫോണ്‍ ചെയ്തു ..രണ്ടാം നിലയിലെ മുഴുവന്‍ മുറികളും പുറത്തു നിന്നു പൂട്ടിയിരിക്കുകായാണെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി .


രണ്ടാം നിലയിലെ എല്ലാ മുറികളില്‍ നിന്നും കുട്ടികള്‍ നിലവിളിച്ചു ..സാജിദ മാമിന്റെ പേര് ആ ഹോസ്റ്റലില്‍ മുഴങ്ങിക്കേട്ടു ..അവസാനം അവിടെ പണിക്കു നില്‍ക്കുന്ന  ചേച്ചി ഞങ്ങളുടെ ഭാഗ്യവശാല്‍ ഉണര്‍ന്നു .. അവര്‍ കണ്ട രംഗം അവരെ അമ്പരപ്പിച്ചു കാണണം ..ഭ്രാന്താശുപത്രിയെ അനുസ്മരിപ്പിക്കും വിധം രണ്ടാം നിലയിലെ അന്തേവാസികള്‍ ജനലു തുറന്നു കൈകള്‍ പുറത്തിട്ട് രക്ഷിക്കാനായി നിലവിളിക്കുന്നു .. അവര്‍ പെട്ടെന്ന് ഞങ്ങളുടെ വാര്‍ഡനായ സാജിദ മാമിന്റെ മുറിയുടെ വാതില്കല്‍ തട്ടി അവരെ ഉണര്‍ത്തി . ഉറക്കച്ചടവില്‍ നിന്നും പേടിച്ചു വിരണ്ട് അവര്‍ വന്നു ഞങ്ങളെ മുറിയില്‍ നിന്നും പുറത്തിറക്കി..അവര്‍ രാത്രിയിലും  ഫെയര്‍ ആന്‍ഡ്‌ ലവ്ളി അവരുടെ മുഖത്തെ കുഴികളില്‍ നിറച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

ഞങ്ങളുടെ ഹോസ്റ്റല്‍ കള്ളന്മാരുടെ പിടിയിലായെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി ..അപ്പോഴാണ് പാറു പറന്നതിന്റെ പിന്നിലെ കാര്യം ഞാന്‍ മനസ്സിലാക്കിയത് ..പാറുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച കള്ളനെ പിടിക്കാനാണ് പാറു പറന്നു കൊണ്ടോടിയത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ എന്റെയും പാറുവിന്റെയും ബാഗുകള്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടതായി കണ്ടെത്തി .പാവം പാറു ..അവളുടെ ബാഗിലെ 2000 രൂപയും ആ ബാഗിനോടൊപ്പം നഷ്ടപ്പെട്ടിരിക്കുന്നു ..പക്ഷെ എന്റെ ബാഗിലുണ്ടായിരുന്നത് പഴകിയ കുറെ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ..അതെ സമയം എന്റെ ഷെല്‍ഫില്‍ തുറന്നു കിടന്ന  പെഴ്സിലുണ്ടായിരുന്ന 1000 രൂപ അതേപടി അവിടിരിക്കുന്നു .. അതെന്നെ അത്ഭുതപ്പെടുത്തി . ഏകദേശം 4 മണി ആവാറായപ്പോള്‍  ഞങ്ങളുടെ മുറിക്കു മുന്‍പില്‍ ആളുകളെല്ലാം കൂടി ..ലേഡീസ് ഹോസ്റ്റലില്‍ കള്ളന്‍ കയറിയതില്‍ പലരും പ്രതിഷേധിച്ചു ..അടുത്ത ദിവസം  ധരിക്കാനുള്ള അടിവസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്താണ് ഞാനപ്പോള്‍ വേദനിച്ചത് ..



                              കോളേജിലെ വൈസ് പ്രിന്‍സിയും സ്പെഷ്യല്‍ ഓഫീസറുമൊക്കെ ഞങ്ങളെ കാണാനായെത്തി..  രാത്രി നടന്ന സംഭവങ്ങള്‍ ഞങ്ങള്‍ അവരോട് വിവരിച്ചു ..അന്നേ ദിവസം ഉറക്ക ക്ഷീണത്തില്‍ ശ്രദ്ധ വാതില്‍ കുറ്റിയിടാന്‍ മറന്നു പോയതിനെ വൈസ് പ്രിന്‍സി കുറ്റപ്പെടുത്തി.അതിനു മുന്‍പുള്ള പല ദിവസങ്ങളില്‍ ഞാനും കുറ്റിയിടാന്‍ മറന്നു പോയിട്ടുണ്ടെന്ന് ഞാനോര്‍ത്തു. എല്ലാവര്‍ക്കും അതിശയവും അമ്പരപ്പും ..ഞങ്ങളുടെ ഹോസ്റെലിലെ വാച്ച്മാന്‍ അപ്പൂപ്പന് ഇതിന്റെ പേരില്‍ പൊതിരെ വഴക്ക്‌ കേട്ടു ..അതില്‍ ഞങ്ങള്‍ സങ്കടപ്പെട്ടു ..കൊമ്പന്‍ മീശക്കാരനായ ആ അപ്പൂപ്പനെ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ..പാവം അപ്പൂപ്പന്‍ ..


രാവിലെ ഹോസ്റ്റലില്‍ പോലീസെത്തി ..ഒപ്പം പോലീസ് നായയും ..ഒരു സിംഹത്തെ പോലിരിക്കുന്ന പട്ടി ..എല്ലും തോലുമായ പട്ടികളെ കണ്ടാല്‍ ഓടിയൊളിക്കുന്ന ഞങ്ങള്‍ ആ സിംഹം പോലിരിക്കുന്ന പട്ടിയെ കണ്ട്‌ പേടിച്ചു വിറച്ചു ..അതു ഞങ്ങളുടെ അടുത്തെങ്ങാനും ഓടി വന്നാലോ എന്ന് ഞാന്‍ ഭയപ്പെട്ടു ..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മൂന്നു മാന്യജനങ്ങള്‍ ചത്തേനെ ..അതിനു കൂടി ആര്‍ക്കും സാക്ഷിയാകേണ്ടി വന്നില്ല ഭാഗ്യത്തിന് ..ആ പട്ടി കുരച്ച് കുരച്ച് പടികള്‍ കയറി ഏറ്റവും മുകളിലത്തെ നിലയില്‍ എത്തിയിരിക്കുന്നു ..കുറച്ച് സമയത്തിന് ശേഷം 2 ബാഗുകളും ചുമന്നു പോലീസുകാര്‍ താഴേക്ക്‌ പടിയിറങ്ങി .അവര്‍ ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതുന്നതും കണ്ടു .അതാ അവര്‍ കൈയില്‍ പിടിച്ചു കൊണ്ട് വരുന്നത് കറുപ്പില്‍ പച്ച ബോര്‍ഡറുള്ള എന്റെ ബാഗും ഇളം നീല നിറത്തിലുള്ള പാറുവിന്റെ ബാഗുമാണ് ..ഞങ്ങള്‍ അവരുടെ അടുക്കലേക്ക് ചെന്നു .അതേ അത് ഞങ്ങളുടെ ബാഗുകളാണ് .ആ വിവരം ഞങ്ങള്‍ പോലീസുകാരോട് പറഞ്ഞു . ദൈവമേ ആ ബാഗ്‌ അവര്‍ തുറന്നു പരിശോധിച്ചാല്‍ സംഭവിച്ചേക്കാവുന്ന നാണക്കേടോര്‍ത്തു ഞാന്‍ ഒന്ന് പരുങ്ങി ..അതിനകത്ത്‌ മുഴുവന്‍ എന്റെ പഴയ വസ്ത്രങ്ങളായിരുന്നു . എന്തായാലും അത് ആ പോലീസുകാര്‍ വാര്‍ഡനെ ഏല്‍പ്പിച്ചിട്ട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഞങ്ങളോട്‌ പറഞ്ഞു ..ഞങ്ങള്‍ ബാഗുകള്‍ വാങ്ങിച്ചു പരിശോധിച്ചു .പാറുവിന്റെ  ബാഗിലെ പൈസ പെര്‍സോടെ കാണാനില്ല .എന്റെ ബാഗില്‍ നഷ്ടമാകാന്‍ മാത്രം ഒന്നുമില്ലായിരുന്നു ..എന്റെ ഭാരമുള്ള ബാഗ്‌ വെറുതെ കുറെ ദൂരം ചുമന്ന കള്ളനെ ഓര്‍ത്ത് ഞാന്‍ പരിതപിച്ചു .. എന്തായാലും പാറുവിന്റെ പേര്‍സിലെ അവളുടെ അഡ്രസ്‌ കള്ളന്‍ കൊണ്ട് പോയതായി ഞങ്ങള്‍ കണ്ടു പിടിച്ചു .. എന്നെങ്കിലും മോഷണം നടത്തിയതില്‍ പശ്ചാത്താപം തോന്നുന്ന കള്ളന്‍ ഒരു ദിവസം പാറുവിന്റെ അഡ്രസ്സില്‍ അവള്‍ക്ക് നഷ്ടപ്പെട്ട കാശു തിരിച്ചയക്കുമെന്നു ഞങ്ങള്‍ പ്രത്യാശിച്ചു ..

            ഒരാഴ്ചക്കാലം ഞങ്ങളുടെ ഹോസ്റ്റലില്‍ പോലീസുകാര്‍ വന്നു പോവുകയും അവിടെയുള്ള പലരെയും ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു .. അതിനിടയില്‍ ഞങ്ങളുടെ ബാച്ചിലെ പെണ്‍കുട്ടികളുടെയെല്ലാം മാതാപിതാക്കള്‍ കോളേജില്‍ വന്നു വൈസ് പ്രിന്‍സിപലിനും സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും തലവേദനയുണ്ടാക്കി ..അവര്‍ എന്താശ്വസിച്ച് തങ്ങളുടെ പെണ്മക്കളെ ആ ഹോസ്റെലിലേക്കയക്കുമെന്നായിരുന്നു അവരുടെയെല്ലാം ചോദ്യം ..ഉടനെ കള്ളനെ കണ്ടുപിടിക്കാമെന്ന ഉറപ്പു കൊടുത്ത് ഞങ്ങളുടെയെല്ലാം മാതാപിതാക്കളെ അവര്‍ തിരിച്ചയച്ചു ..അവര്‍ നല്‍കിയ  മറ്റു പല ഉറപ്പുകളെയും പോലെ ആ ഉറപ്പും കാറ്റില്‍ പറന്നു .


ഇത്രയും നിരുത്തരവാദികളായ കോളേജ് അധികൃതരോടുള്ള ദ്വേഷം ഇപ്പോഴും എന്റെ മനസ്സിലുണ്ട് .


          പെണ്‍പിള്ളേര്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ കയറി അത്രയും പേരെ ബന്ധനസ്തരാക്കി കടന്നു കളഞ്ഞ ആ മോഷ്ടാവ് ആരാവും ?പാറുവിന്റെ പൈസ നഷ്ടപ്പെട്ടതൊഴികെ ആ മോഷ്ടാവ് ഞങ്ങള്‍ക്ക് നല്‍കിയ പബ്ലിസിറ്റി ഞങ്ങളെ സന്തോഷിപ്പിച്ചു.. അത് വരെ ഒരു കള്ളനും കാലെടുത്തു കുത്തിയിട്ടില്ലാത്ത ആ സുന്ദരിമാരുടെ സ്വര്‍ഗത്തില്‍ ഞങ്ങളുടെ അറുപത്തിമൂന്നാം നമ്പര്‍ മുറി ഒരു ചരിത്രത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. എന്തായാലും ആര്‍ക്കുമറിയാത്ത ഞങ്ങളെ പ്രസിദ്ധിയുടെ കൊടുമുടിയിലേക്കുയര്‍ത്തിയ ആ മോഷ്ടാവിനെ ഞാനൊന്നു പ്രണമിച്ചോട്ടെ ..





                           
             

              

14 comments:

  1. ഊയെന്റമ്മച്ചീ...!!
    ഇതെങ്ങാനും ലവൻ കണ്ടാൽ....
    കണ്ടാൽ, ഒരാത്മഹത്യ ഉറപ്പാ!

    കലക്കി, അനിയത്തീ!

    ReplyDelete
  2. ഹ..ഹ..ഹ..നല്ല പോസ്റ്റ്‌ !!!

    അന്ന് ശരിയ്ക്കും പേടിച്ചുപോയിരിക്കുമല്ലോ.

    ReplyDelete
  3. ആ മോഷ്ടാവിനെ ഞാനൊന്നു പ്രണമിച്ചോട്ടെ ..

    ReplyDelete
  4. മോഷണം അല്ലേ നടന്നുള്ളു...സമാധാനം

    ReplyDelete
  5. nalla post ...............adipoli......

    ReplyDelete
  6. മോഷണം മാത്രമേ നടന്നുള്ളൂ..ഭാഗ്യം!ശരിക്കും അന്ന് പേടിച്ചു കിടുങ്ങിപ്പോയി ..പക്ഷെ ഇന്ന് അതാലോചിക്കുമ്പോള്‍ ഒരു രസം..

    ReplyDelete
  7. ഹാ ഹാ ഇതു കൊള്ളാലോ

    ReplyDelete
  8. ഉം പ്രണയിച്ചോ
    പക്ഷേ വീട്ടില്‍ അറിയണ്ട

    ReplyDelete
  9. ഹും.. കാശ് പോയതില്‍ യാതൊരു വിഷമവുമില്ല..
    എന്നിട്ടു ഒരു ദിവസം കൊണ്ട് നിങ്ങളെ പ്രസിദ്ധിയാക്കിയ കള്ളനെ പ്രണമിച്ചോട്ടേന്നു..
    ഫയങ്കരം തന്നെ...(ചുമ്മാ ഒരു രസം)
    നന്നായി എഴുതീ ട്ടോ... അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഇത് കൊള്ളാല്ലോ? സത്യം പറ നിങ്ങള്‍ പൈസ കൊടുത്ത് പോപ്പുലാരിറ്റി ഉണ്ടാക്കാന്‍ കൊണ്ട് വന്നതല്ലേ ആ കള്ളനെ :) കുറച്ച് അക്ഷരതെറ്റുകള്‍ ഉണ്ട് കേട്ടോ.. അതുപോലെ പോസ്റ്റ് ആദ്യഭാഗങ്ങള്‍ അപരിചിതന്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു.

    @ഒഴാക്കന്‍ : പ്രണമിച്ചോട്ടെ എന്നല്ലേ എഴുത്തുകാരി പറഞ്ഞുള്ളൂ.. എന്തിനേയും പ്രണയമായി കാണല്ലേ :)

    ReplyDelete
  11. ആ നട്ട പാതിരാക്, പേടിച്ചു വിറച്ചു നില്‍ക്കുമ്പോഴും , സാജിദാമാം ഫെയര്‍ ആന്‍ഡ്‌ ലൌവലി തേച്ചു പിടിപ്പിച്ചത് ശ്രെധിച്ച്ചല്ലോ!!!! അപാര നിരീക്ഷണ പാടവം തന്നെ .......കൊള്ളാം കേട്ടോ ......വായിച്ചു തുടങ്ങുമ്പോ ഒരു anxiety തോന്നുന്നുണ്ട് ...

    ReplyDelete
  12. This comment has been removed by the author.

    ReplyDelete