Tuesday 10 August 2010

ആദ്യ പ്രണയം

ഈ ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അത് പ്രണയിക്കാത്തവരുടെ മനസ്സാണ് ..




പ്രണയമെന്നത് ഋതുഭേദം പോലെയാണ് ..ഹേമന്തവും ശിശിരവും വസന്തവും ഒക്കെ അതില്‍ അടങ്ങിയിട്ടുണ്ട് .. ഒരിക്കലും അത് വസന്തം മാത്രമായിരുന്നില്ല ..ആ ഋതുഭേദങ്ങളില്‍ മനസ് ചിരിക്കുകയും കരയുകയും ചെയ്തു കൊണ്ടിരിക്കും ...


പ്രണയമെന്ന വികാരം എന്നില്‍ ജനിച്ചതെന്നാണ് ?


അത് ഒരിക്കലും എന്റെ മനസ്സില്‍ ഒരു ദിവസം പൊട്ടി മുളച്ചതായിരുന്നില്ല .. ആയിരുന്നോ ? കണ്ട മാത്രയില്‍ പ്രണയം തോന്നിയെന്നൊക്കെ പലയിടത്തും   കേട്ടിട്ടുണ്ട് .. ഒരു ദിവസം ഒരു അപരിചിതനോട് പെട്ടെന്നൊരിഷ്ടം പൊട്ടിമുളയ്ക്കുന്നതെങ്ങനെയാണ് ? ..ഒരിക്കലും യഥാര്‍ത്ഥ പ്രണയം ഭൌതിക സൌന്ദര്യത്തില്‍ നിബദ്ധമല്ല ..മാംസ നിബദ്ധമല്ല രാഗം എന്ന വരികള്‍ എത്ര അര്‍ത്ഥവത്താണ് ..പക്ഷെ ഞാന്‍ സൌന്ദര്യത്തിനു ഒരു വലിയ വില തന്നെ കല്‍പ്പിക്കുന്നുണ്ട് എന്നതാണ് സത്യം ..അതെന്റെ ഒരു ചാപല്യമായി ഞാന്‍ കണക്കാക്കുന്നു .. എനിക്കില്ലാത്തത് മറ്റുള്ളവരില്‍ ഉണ്ടാകുമ്പോള്‍ അവരോടു തോന്നുന്ന ഒരു ആരാധന എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം ..പക്ഷെ എന്റെ ആദ്യപ്രണയം സൌന്ദര്യത്തില്‍ മതി മറന്നുണ്ടായ ഒരു കൌതുകമോ ആരാധനയോ ഒന്നുമായിരുന്നില്ല.... പിന്നെ എന്തായിരുന്നു അത് ?


എന്റെ മനസ് തിരശ്ശീലകള്‍ ഉപയോഗിച്ച് തുടങ്ങിയത് അന്ന് മുതലാണ് .അന്ന് വരെ എന്റെ മനസ്സ് ഞാന്‍ അമ്മയുമായി പങ്കു വച്ചിരുന്നു ..എന്ന് മുതലാണ് എന്റെ മനസ്സിനെ മൂടുപടം അണിയാന്‍ ഞാന്‍ പഠിപ്പിച്ചത് ?


കരിമ്പച്ച നിറത്തിലായിരുന്നു അന്ന് ഞാന്‍ ആകാശം കണ്ടത് ...എന്നില്‍ പ്രണയം ജനിച്ചത് അവിടെ നിന്നാണ് .. അതുകൊണ്ട് തന്നെ എന്നില്‍ പ്രണയത്തിന്റെ നിറം പച്ചയാണ്‌ .....മനസ്സിന് തണലേകി ആ പച്ചവൃക്ഷം ചിലപ്പോള്‍ എന്നില്‍ കുളിര്‍ക്കാറ്റെല്പിച്ചു ..ചിലപ്പോള്‍ ആ പച്ചവൃക്ഷം മഴയേറ്റു വിറച്ചു കൂമ്പി നിന്നു..പക്ഷെ എന്നും അതിന്റെ നിറം പച്ചയായിരുന്നു ..

10 വര്‍ഷത്തെ പഠനത്തിനു ശേഷം പഴയ സ്കൂളിനോടും കൂട്ടുകാരോടും വിട പറഞ്ഞു ഞാന്‍ വേറൊരു അന്തരീക്ഷത്തിലേക്ക് ചേക്കേറി ..പ്രതീക്ഷയോടെ പഠനത്തെ സ്വപ്നം കണ്ടു ഞാന്‍ ആ വെള്ള മണല്‍പരപ്പുള്ള വെള്ളമണല്‍ സ്കൂളിലേക്ക് ബസ്‌ കയറി .അതിനു മുന്‍പ് ഞാനൊരിക്കലും ഒറ്റയ്ക്ക് ബസ്‌ യാത്ര ചെയ്തിട്ടില്ല ..പരിചയക്കുറവും സ്കൂളിലേക്കെത്താനുള്ള ദൂരവും എന്നെ ആദ്യമൊന്നു പ്രയാസപ്പെടുത്തി . കൂട്ടുകാരുടെ അഭാവം അവിടെയും എന്നെ ഒറ്റപ്പെടുത്തി ..




എന്നും രാവിലെ 8.30 നുള്ള ആതിരാവിഷു എന്ന ബസിലാണ് ഞാന്‍ യാത്ര ചെയ്തു കൊണ്ടിരുന്നത് .8.20 ആകുമ്പോഴേക്കും ബസ്‌ കാത്ത് ഞാന്‍ ബസ്‌ സ്ടോപ്പിലുണ്ടാവും .നീല നിറത്തിലുള്ള എന്റെ യൂണിഫോം ഞാന്‍ പലയിടത്തും പരതി ..പക്ഷെ ആ പ്രദേശത്തൊന്നും നീല നിറത്തിലുള്ള എന്റെത് പോലുള്ള യൂണിഫോം ആരും ധരിച്ചിട്ടുണ്ടായിരുന്നില്ല .. ഉണ്ടായിരുന്നെങ്കില്‍ ഒരു പരിചയപ്പെടലിനു ശേഷം കുശലം പറയുന്ന സമയം കൊണ്ട് സ്കൂളില്‍ എത്താമായിരുന്നു ..സ്കൂളില്‍ പരിചയമുള്ള ആരുമില്ലെന്ന എന്റെ പരിഭവവും ഒന്നു മാറ്റാമായിരുന്നു .പക്ഷെ എന്റെ അന്വേഷണം വെറുതെ ആയി .

ആ ബസ്‌ സ്റ്റോപ്പില്‍ ഒറ്റപ്പെട്ടു ഞാന്‍ നിന്നു .പല ആളുകളും എന്റെ അരികിലൂടെ എന്നും കടന്നു പൊയ്ക്കൊണ്ടിരുന്നു .. എല്ലാവര്‍ക്കും ഞാന്‍ ഒരു അപരിചിതയായിരുന്നു . തിരിച്ചും ..


അങ്ങനെ അപരിചിതര്‍ എന്റെ കണ്ണുകള്‍ക്ക്‌ പരിചിതരായിത്തുടങ്ങി .എന്നോ ഒരു മുഖം എന്നെ ചുറ്റിപ്പറ്റി അലഞ്ഞു തിരിയുന്നതായുള്ള തോന്നല്‍ എന്റെ മനസിലുണ്ടായി .ഓരോ ദിവസം കഴിയുംതോറും ആ വേട്ടയാടല്‍ ശക്തിപ്പെട്ടു ത്തുടങ്ങി ..അതെന്നെ നിരന്തരം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു .




അപരിചിതനായ ഒരു മനുഷ്യനെ കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ ഒരു ദിവസം അനേകം തവണ വന്നു കൊണ്ടിരിക്കുന്നു .. കുറെ അപരിചിതരുടെ ഇടയില്‍ ഒരു പരിചിതന്‍ എനിക്കുണ്ടായി ..എന്റെ അരികിലൂടെ പോകുന്ന അനേകം അപരിചിതരെ ഞാന്‍ കാണാതായി തുടങ്ങിയിരിക്കുന്നു .. മുന്‍പൊന്നും മനസ്സിനെ കീഴ്പ്പെടുത്തിയിട്ടില്ലാത്ത എന്തോ ഒന്നു ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി ..


8.30 നുള്ള ആതിരാവിഷുവിനെ കാത്തു 8 മണി കഴികെ ഞാന്‍ നില്ക്കാന്‍ തുടങ്ങി .എന്റെ സൌന്ദര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു . പൌഡര്‍ ഉപയോഗിക്കുന്നതിലുള്ള എന്റെ വിരോധം ഞാന്‍ സ്വയം മാറ്റിയെടുത്തു .അമ്മയ്ക്ക് സന്തോഷമായി ..മുഖത്ത് എണ്ണ ഒലിച്ചിറങ്ങിയുള്ള എന്റെ പഴയ രൂപത്തില്‍ നിന്നു ഞാന്‍ മുക്തയായി എന്ന് കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് തോന്നി .


ഞാന്‍ എന്റെ ശരീരത്തിന് ചേരും വിധം വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി .എല്ലാം ഒരു നോട്ടത്തിനു വേണ്ടിയായിരുന്നു ..എന്നും എന്നെ കടന്ന് ആ മനുഷ്യന്‍ നടന്നു പൊയ്ക്കൊണ്ടിരുന്നു . മെലിഞ്ഞു മാ നിറത്തിലുള്ള രൂപം ആയിരുന്നു അയാള്‍ക്ക് ..വലിയ കണ്ണുകള്‍ ..കണ്ണിനെന്തോ ഒരാകര്‍ഷണം ഉണ്ടെന്നെനിക്ക് തോന്നി ..ഓരോ ദിവസവും രാവിലത്തെ ആ ദര്‍ശനം കണ്‍ കുളിര്‍ക്കെ, ദിവസം മുഴുവന്‍  ആവര്‍ത്തിച്ച്‌ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നു ..ആ മനുഷ്യന്റെ സാമീപ്യം എന്റെ നെഞ്ചിടിപ്പ് കൂട്ടി ..അയാള്‍ എന്റെ അരികിലൂടെ കടന്ന് പോകുന്ന നിമിഷങ്ങള്‍ നെഞ്ചിടിപ്പായി എനിക്ക് എണ്ണുവാന്‍ കഴിഞ്ഞു ..


അയാളെക്കാള്‍ സുന്ദരനായ ഒരു മനുഷ്യരോടും തോന്നാത്ത എന്തോ ഒന്നു എനിക്ക് ആ മാ നിറത്തിലുള്ള മനുഷ്യനോട് തോന്നി തുടങ്ങി .എന്റെ മനസ്സിനെ അയാളിലേക്ക് തൊടുത്തി വിടുന്ന ആ ശക്തി എന്താണ് ?


ആ മനുഷ്യനെ കാണാതിരുന്നാല്‍ ആ ദിവസം എനിക്ക് ഭീകരമായി ..മനസ്സിനെ കാര്‍ന്നു തിന്നുന്ന ഒരു വിങ്ങല്‍ അയാളുടെ അഭാവം എനിക്ക് നല്‍കി .അയാളുടെ കണ്ണുകളിലെ കൃഷ്ണമണികളില്‍ ഞാന്‍ എന്നെ കണ്ടു ..അയാളുടെ നോട്ടം എന്നിലേക്കെത്തിയത് ഞാന്‍ എപ്പോഴൊക്കെയോ അറിയുന്നുണ്ടായിരുന്നു .. അതെന്റെ തോന്നലായിരുന്നോ?


ആ മനുഷ്യന്റെ നോട്ടത്തിനു വേണ്ടി ഞാന്‍ കൊതിച്ചു ..ആ നോട്ടം എന്റെ ദിവസത്തെ ഒരു തരം അനുഭൂതിയിലാഴ്ത്തി .. എനിക്ക് അന്യമായിരുന്ന ഒരു സുഖം അല്ലെങ്കില്‍ ഒരു അനുഭൂതി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടെത്തിയിരിക്കുന്നു ..


പഠന തിരക്കുകള്‍ക്കിടയിലും ആ അനുഭൂതി ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു ..എന്റെ കാഴ്ചയില്‍ ഒരിക്കലും ശൂന്യത നിറഞ്ഞില്ല.എവിടെയും ആ രൂപം ഞാന്‍ കണ്ടുകൊണ്ടിരുന്നു..പരീക്ഷകളുടെ ഇടയില്‍ ഞാന്‍ ആ മനുഷ്യനെ ധ്യാനിച്ചിരുന്നു ..


2 വര്‍ഷക്കാലം വളരെ പെട്ടെന്ന് കടന്നു പോയി ..പരീക്ഷകളൊക്കെ കഴിഞ്ഞു ..ആ ബസ്‌ സ്ടാന്റിലേക്ക് ഏതോ ഒരു വികാരം എന്നെ പിന്നെയും ആകര്‍ഷിച്ചു കൊണ്ടേയിരുന്നു . ഞാന്‍ ഇടയ്ക്കിടെ ആ പരിസരത്ത് കൂടി എന്തെങ്കിലും കാരണങ്ങളുണ്ടാക്കി പോയിക്കൊണ്ടിരുന്നു .ആ വ്യക്തിയെ ഒന്നു കാണാനും ആ നോട്ടം എന്നിലേക്ക്‌ പതിക്കാനും ഞാന്‍ കൊതിച്ചു കൊണ്ടേയിരുന്നു .. പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷകള്‍ക്ക് ശേഷം ആ മധുരപ്പതിനെഴു എന്നില്‍ നിന്ന് മടങ്ങുവാന്‍ കാത്തു നിന്നു.

പഠന ദിവസങ്ങള്‍ കൊഴിഞ്ഞു പോയതു കാരണം പതിവായുണ്ടായിരുന്ന ബസ്‌ സ്ടാന്റിലെക്കുള്ള എന്റെ പോക്ക് നിന്നു .എന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞു ഞാന്‍ ആ തണല്‍ വൃക്ഷത്തിന്റെ ചോട്ടിലെത്തി .തീരെ ദൈവ വിശ്വാസമില്ലാതിരുന്ന ആ സമയത്തും ഞാന്‍ ക്ഷേത്രത്തില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി . ദൈവങ്ങള്‍ എന്റെ പ്രാര്‍ത്ഥനകളൊന്നും അന്ന് കൈക്കൊള്ളാതിരുന്നതിനാലായിരിക്കാം എനിക്ക് അന്ന് ദൈവത്തെ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല ..പക്ഷെ കാലം എന്റെ വിശ്വാസങ്ങളെ ഇന്നേറെ മാറ്റിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു ..


അങ്ങനെ ക്ഷേത്രത്തില്‍ കയറി ദൈവമേ ആ വ്യക്തിയെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തണേ എന്ന് ഞാന്‍ പരീക്ഷണാര്‍ത്ഥം പ്രാര്‍ത്ഥിച്ചു ..അഥവാ ദൈവമെന്ന മഹാശക്തി എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെങ്കില്‍ എന്റെ ആഗ്രഹം നടത്തി തന്നോട്ടെ എന്ന് വിചാരിച്ചാവും ഞാനന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക ..

അങ്ങനെ പല ദിവസങ്ങള്‍ ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു ..ഒരു ദിവസവും ഞാന്‍ മനസ്സില്‍ കുടിയിരുത്തിയ ആ വ്യക്തിയെ ഞാന്‍ കണ്ടു മുട്ടിയില്ല ..ദൈവം എന്റെ ശത്രു ആണെന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു അത് ..അയാളെ കാണാന്‍ പറ്റാത്തതിലുള്ള സങ്കടം ഞാന്‍ ദൈവത്തെ പഴി പറഞ്ഞു തീര്‍ത്തു ..പിന്നെ ക്ഷേത്രസന്ദര്‍ശനം നിര്‍ത്തി വച്ചു..ദൈവത്തെ അറിയിക്കാതെ ഒരു കൈ നോക്കാമെന്ന് വിചാരിച്ചു കാണണം ഞാന്‍ !



പക്ഷെ എന്നിട്ടും ആ വ്യക്തിയുടെ പ്രത്യക്ഷപ്പെടലുണ്ടായില്ല .. എന്നും 8 നും 8.30 നും ഇടയില്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന വ്യക്തിയുടെ തിരോതഥാനത്തെ കുറിച്ച് ഞാന്‍ കുറെ ചിന്തിച്ചു ..





ഇനി ഞാനും എന്റെ വികാരങ്ങളും എന്റെ നോട്ടവും ഒന്നുമില്ലാത്ത ആ പച്ച വൃക്ഷത്തിന്റെ തണല്‍ ആ വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നിരിക്കണം ..അതാവാം അയാള്‍ ആ വഴിയിലൂടെയുള്ള യാത്ര ഉപേക്ഷിച്ചത് എന്ന ഉത്തരം കണ്ടെത്തി എന്റെ മനസ്സിനെ ഞാന്‍ ആശ്വസിപ്പിച്ചു .



ദൈവമില്ലാത്ത എന്റെ രാജ്യത്ത് ഗന്ധര്‍വന്മാരുണ്ടാകുമോ എന്ന് വരെ ഞാന്‍ ചിന്തിച്ചു ..പക്ഷെ ആ ചിന്തയില്‍ ഒരു റിയാലിറ്റിയും ഞാന്‍ കണ്ടില്ല ..കാരണം ഗന്ധര്‍വന്മാര്‍ വളരെ സുന്ദരന്മാരായിരിക്കും എന്ന വിശ്വാസം എന്റെ മനസ്സില്‍ ഉറച്ചു പോയിരുന്നു .



എന്നെ പല ഉത്തരങ്ങളും കണ്ടെത്തി ഞാന്‍ സമാധാനിപ്പിച്ചു ..



നാളുകള്‍ ഏറെ കഴിഞ്ഞു ..ഞാനിപ്പോള്‍ ആ ബസ്‌ സ്ടാന്റിലേക്ക് പോകാറില്ല ..എങ്കിലും ഇന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ആ അപരിചിതനെ ഞാന്‍ തേടി ക്കൊണ്ടിരിക്കുന്നു ..

4 comments:

  1. എന്നെങ്കിലും ദൈവം മുന്നില്‍ കൊണ്ട് വന്നു തരും.... അതിനായി ഞാനും പ്രാര്‍ഥിക്കാം.

    ReplyDelete
  2. എന്നെങ്കിലും ദൈവം കണ്ടുമുട്ടിക്കും, തീർച്ച. കണ്ടുമുട്ടുമ്പോൾ ഞങ്ങളെക്കൂടി അറിയിച്ചേക്കണേ…

    ReplyDelete
  3. This comment has been removed by the author.

    ReplyDelete