Friday 6 August 2010

കൊലപാതകി

സ്രഷ്ടാവിന്റെ വിധി വൈരൂപ്യത്തെ നിഷേധിച്ചവള്‍...മിടിച്ചു തുടങ്ങിയ ഹൃദയത്തെ നിലപ്പിച്ചവള്‍ ..ഇത് വേറെ ആരേയുമല്ല എന്നെ കുറിച്ച് തന്നെയാണ് , ഞാന്‍ വിവരിക്കുന്നത് ..ഞാന്‍ ഒരു മനുഷ്യ ഹൃദയത്തിന്റെ ചലനം ഇല്ലാതാക്കിയെന്നു പറഞ്ഞാല്‍ ഞാന്‍ കൊലപാതകി ആണെന്നല്ലേ അതിന്റെ അര്‍ത്ഥം ?


അതിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് എനിക്ക് എന്നോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളുണ്ട് ..



മനസ്സിന് വെളിച്ചം നല്‍കുന്നതും ആ വെളിച്ചത്തെ നിഷ്കരുണം ഇരുട്ടാക്കുന്നതും സ്നേഹമെന്ന ആ മഹാശക്തിയുടെ കളിയല്ലേ ..


സ്നേഹത്തെ നന്മയാക്കുന്നതും തിന്മയാക്കുന്നതും മനുഷ്യ മനസ്സാണോ അതോ ഈ സ്നേഹമാണോ നന്മയുടെയും തിന്മയുടെയും സൃഷ്ടി ..


നിശ്ചലമായിക്കിടക്കുന്ന മനസ്സില്‍ ഒരു കുളിര്‍ കാറ്റടിപ്പിക്കുവാനും ,ഒരു പേമാരിയായി ആര്‍ത്തലച്ചു ഒരു കുടുംബത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുവാനും സ്നേഹത്തിനു കഴിയും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു ..അപ്പോള്‍ നന്മയുടെ ഉറവിടം എന്നെല്ലാരും വിശ്വസിക്കുന്ന സ്നേഹമാണോ കൊടുംപാതകങ്ങള്‍ക്കും കാരണം ..



സ്നേഹത്തില്‍ കുടി കൊള്ളുന്ന നന്മ മാത്രമേ ചിലപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവൂ .. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന , അല്ല ദംഷ്ട്രകള്‍ താഴ്ത്തി ചിരിച്ചു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥതയെന്ന ചെന്നായയെ നിങ്ങള്‍ മനസ്സിലാക്കണം ..എന്നെ നിങ്ങള്‍ മനസ്സിലാക്കണം ..
                                                     
ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും സ്നേഹിക്കുന്നവരൊക്കെ എന്റെ ഇരകളാണ് ..എന്റെ കൂടെ നടക്കുന്ന സ്നേഹമെന്ന ചെന്നായയുടെ ദംഷ്ട്രകള്‍ കൊണ്ട്, ഞാന്‍ ഇഷ്ടപെടുന്നവരെല്ലാം ഉപദ്രവിക്കപ്പെടുകയാണ് ..


ഈ കഥ പറയുന്നതിന് മുന്‍പെന്നെ കുറിച്ചൊരു മുഖവുരയുടെ ആവശ്യമുണ്ട് ..



അച്ഛനും അമ്മയും സ്നേഹം വാരിക്കോരി തരുന്നുണ്ടെങ്കിലും ഞാനതിലെ കുറവുകള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു ..എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാനും അമ്മയും കൂടി ഒറ്റപ്പെട്ട് കഴിച്ചു കൂട്ടുകയായിരുന്നു ..എല്ലാവരും ഒറ്റ വിളിപ്പുറത്തുണ്ടെങ്കിലും എനിക്ക് ഒരു ഒറ്റപ്പെടല്‍ എവിടെയും മണത്തു ...വല്യമ്മേടെ മക്കളൊക്കെ ഇടയ്ക്കിടെ വീട്ടില്‍ വന്നു പോകും ..കളിയും കുസൃതിയുമായി കുറച്ചു സമയം ..പിന്നെ അവിടം നിറഞ്ഞു നിന്ന ഏകാന്തതയെ ഞാനിന്നും ഭയപ്പെടുന്നു ...കുസൃതികളില്‍ ഞങ്ങള്‍ പങ്കു വച്ചിരുന്ന പഴഞ്ചന്‍ കഥകളില്‍ ഞാന്‍ ഏറെ നേരം ജീവിച്ചു ..അതിനെ ചുറ്റിപ്പറ്റി ചിന്തകള്‍ നെയ്തു കൂട്ടി ..പിന്നെ ഏറെ നേരം ഒറ്റപ്പെട്ടു .



ഒറ്റപ്പുത്രിയായി ജനിച്ച ഞാന്‍ സ്നേഹത്തിന്റെ കാര്യത്തില്‍ തികച്ചും സ്വാര്‍ത്ഥയാണ് ..


അച്ഛന്റെയും അമ്മയുടെയും പൂര്‍ണ്ണ സ്നേഹം എനിക്ക് മാത്രം ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു .. അതിനു പുറമേ സ്നേഹത്തിനു മുന്നില്‍ സംശയങ്ങളുടെയും കൂട്ടികിഴിക്കലുകളുടെയും ഒരു ഭാണ്ടക്കെട്ടായിരുന്നു എന്റെ മനസ്സ് .അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അളവ് വരെ ഞാന്‍ മനസ്സില്‍ തിട്ടപ്പെടുത്തും ..എന്ന് വച്ചാല്‍ ഇനി ഇപ്പോ അമ്മ എന്നെ സ്നേഹിക്കുന്നതിലും കൂടുതല്‍ അച്ഛനെയാണോ സ്നേഹിക്കുന്നുണ്ടാവുക എന്നൊക്കെയുള്ള സംശയങ്ങള്‍ .. ആ സംശയം ഞാന്‍ അവരുടെ മുന്‍പില്‍ എത്രയോ തവണ ഉന്നയിച്ചിരിക്കുന്നു ..ആ സ്നേഹം പങ്കിട്ടു പോകുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല . എന്തിന് അച്ഛന്‍ അമ്മയെ സ്നേഹിക്കാന്‍ പാടില്ല ,അമ്മ അച്ഛനെ സ്നേഹിക്കാന്‍ പാടില്ല എന്നുവരെ തമാശ രൂപത്തില്‍ ഒരു പൊടി മനസ്സില്‍ തട്ടിത്തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് .



ഈ ലോകത്തില്‍ രണ്ടു വ്യക്തികളുടെ പൂര്‍ണ്ണമായ സ്നേഹത്തിനു ഉടമയാണ് ഞാന്‍ എന്ന അഹങ്കാരം ആണ് എന്നെ ജീവിപ്പിക്കുന്നത് ..



ഇക്കഴിഞ്ഞ് പോയ ഇരുപത്തിമൂന്ന് വര്‍ഷത്തില്‍ ഏകദേശം ഇരുപത് വര്‍ഷം അമ്മ എന്നോടൊപ്പം മാത്രമായിരുന്നു .അതുകൊണ്ട് തന്നെ അമ്മ എന്റേത് മാത്രം ആണെന്നായിരുന്നു എന്റെ വിശ്വാസം ....



ഇനി ഈ മുഖവുരക്കപ്പുറം ഞാന്‍ കഥ പറഞ്ഞു തുടങ്ങട്ടെ ..



അന്നെനിക്ക് പ്രായം 10 വയസ്സാണെന്ന് തോന്നുന്നു . അച്ഛന്‍ നാട്ടില്‍ വന്ന സമയം ..പൂര്‍ണ്ണമായി എന്റെത് മാത്രമായ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നിത്തുടങ്ങിയ കാലം ..



പണ്ടും ഇപ്പോളും അമ്മ അടുത്തുണ്ടെങ്കിലെ എനിക്കുറങ്ങാന്‍ കഴിയുകയുള്ളൂ.. അല്ലെങ്കില്‍ ഞാന്‍ ഉറക്കത്തെ അന്വേഷിച്ച് നടക്കുകയാവും രാത്രി മുഴുവന്‍ ..ചിലപ്പോള്‍ ഉറക്കത്തെ തിരഞ്ഞലഞ്ഞു തളര്‍ന്നു ദുസ്വപ്നങ്ങളിലൂടെ ആ രാത്രി ഞാന്‍ കഴിച്ചു കൂട്ടും .



അങ്ങനെയിരിക്കെ ചില രാത്രികളുടെ പകുതികളില്‍ അമ്മയെ എന്റെ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട് തുടങ്ങി . അതു മനസ്സിലാക്കാന്‍ തുടങ്ങിയ ഞാന്‍ അമ്മയോട്  എന്റെ അടുത്ത് തന്നെ ഉണ്ടാകണം എന്നു മുന്‍കൂറായി പറഞ്ഞു . എന്നിട്ടും അമ്മ എന്നില്‍ നിന്നകലുന്നതായി ഞാന്‍ മനസ്സിലാക്കി. അതിനാല്‍ അമ്മ അച്ഛനടുത്തേക്ക് പോകുന്നത് തടയാനായി ഞാന്‍ ചില രാത്രികളില്‍ ഉറങ്ങാതെ അമ്മയെ കെട്ടിപ്പിടിച്ചു, അമ്മയെ ഞാന്‍ ചങ്ങലയ്ക്കിട്ടു .ചില രാത്രികളില്‍ ബോധം നഷ്ടപ്പെട്ട് നിദ്രയില്‍ മുഴുകിയ ഞാന്‍ അരിച്ചു കയറുന്ന വെളുപ്പാന്‍കാലത്തെ തണുപ്പിലാവും അമ്മ എന്റെ അരികിലില്ലെന്ന സത്യം മനസ്സിലാക്കുക .അമ്മയെ എപ്പോഴാണ് ഞാന്‍ എന്നില്‍ നിന്നും മോചിപ്പിച്ചതെന്ന് ആലോചിക്കുകയാവും അപ്പോള്‍ .



അമ്മ എന്നില്‍ നിന്നും അകന്നു പോകുന്നുവെന്ന ബോധം എന്നെ ശരിക്കും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു .അതിനു കാരണം അച്ഛനാണ് .അച്ഛന്‍ അമ്മയെ എന്നില്‍ നിന്നും പൂര്‍ണ്ണമായി അകറ്റുന്നതായി എനിക്ക് തോന്നി തുടങ്ങി .ഞാന്‍ അമ്മയുടെ മടിയില്‍ കയറി ഇരിക്കാന്‍ പോകുമ്പോഴൊക്കെ അച്ഛന്‍ എന്നെ വിലക്കിത്തുടങ്ങി .അമ്മക്ക് സുഖമില്ലെന്നായിരുന്നു അച്ഛന്‍ കാരണം പറഞ്ഞത് .അച്ഛന്‍, അമ്മയെ എന്നില്‍ നിന്നും വേര്‍തിരിക്കാനുള്ള തത്രപ്പാടിലാണെന്നു എനിക്ക് തോന്നി .അമ്മയെ അച്ഛന് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന തീരുമാനം ഞാനന്ന് കൈക്കൊണ്ടു .



അന്ന് രാത്രി ഞാന്‍ ഉറങ്ങാതിരിക്കാന്‍ തീരുമാനിച്ചു .അച്ഛനോടുള്ള രോഷം എന്റെ മനസ്സില്‍ ജ്വലിക്കുകയായിരുന്നു .അമ്മയെ എന്റെ കരവലയത്തില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു .രാത്രി ഏറെക്കഴിഞ്ഞിട്ടും ഞാന്‍ കണ്ണിമ അടക്കാതെ പലതും ആലോചിച്ചു കിടന്നു .അന്നത്തെ ദിവസം അമ്മയുടെ മടിയില്‍ ഇരിക്കാന്‍ പോലും അച്ഛന്‍ സമ്മതിക്കാതിരുന്ന രംഗം മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു .



അന്ന് പുറത്ത് തീരെ നിലാവുണ്ടയിരുന്നില്ല എന്നെനിക്ക് തോന്നി .റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെട്ടം വെന്റിലേഷനില്‍ കൂടി മുറിയിലെ ഭിത്തിയില്‍ പതിക്കുന്നുണ്ട് .പുറത്തെ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയര്‍ന്നു താഴുന്നുമുണ്ട് .ആ ശബ്ദം പേടിപ്പെടുത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കും .രാത്രിയുടെ വൈകിയ വേളയില്‍ എപ്പോഴോ നിദ്രാദേവി എന്നെ നിദ്രാവിഹീനയാക്കി .പക്ഷെ ചീവീടുകളുടെ ശബ്ദം പിന്നെയും എന്നെ നിദ്രയില്‍ നിന്നും അടര്‍ത്തി മാറ്റി . ആ കൂരിരുട്ടില്‍ കിടക്കയില്‍ അമ്മയെ കൈകൊണ്ട് പരതി നോക്കി.അമ്മയെ കാണാനില്ല .ഞാന്‍ പേടിച്ചു കിടുങ്ങി .എങ്ങും കുറ്റാക്കൂരിരുട്ട് .ഫാന്‍ കറങ്ങുന്നില്ല .കറന്റ്‌ പോയെന്നു തോന്നുന്നു.ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്റെ കാതുകളില്‍ തുളച്ചു കയറിക്കൊണ്ടിരുന്നു .  ഞാന്‍ ഭീതി കൊണ്ട് നടുങ്ങി .



ഇരുട്ടിനെ അളന്നുമാറ്റി ഞാന്‍ അപ്പുറത്തെ മുറിയുടെ വാതില്‍ക്കലെത്തി .ഇനി ഒരിക്കലും അമ്മയെ അച്ഛന് വിട്ടുകൊടുക്കില്ല എന്നു മനസ്സില്‍ ശപഥം ചെയ്തു കൊണ്ടായിരുന്നു ആ വാതില്‍ക്കല്‍ ഞാന്‍ തട്ടിയത്.എന്നെ ഒറ്റപ്പെടുത്തിയതിലുള്ള അരിശം കൊണ്ട് ആ വാതില്‍ തല്ലി പൊളിക്കാന്‍ വേണ്ടുന്ന ശക്തിയോടെ  വാതില്‍ക്കല്‍ മുട്ടി ...അച്ഛന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു, പാതിയടഞ്ഞ കണ്ണുകളോടെ വന്നു വാതില്‍ തുറന്നു . ദേഷ്യം കൊണ്ട് ഞാന്‍ തിളച്ചു മറിഞ്ഞു .അമ്മ എന്റെത് മാത്രമാണെന്ന അഹങ്കാരത്താല്‍ ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.ഞാന്‍ അമ്മയെ എന്റെ കൈകാലുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി .എന്റെ കാലുകള്‍ അമ്മയുടെ വയറിന്മേല്‍ പതിച്ചു .അമ്മ ഉറക്കത്തിനിടയില്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നു .അപ്രതീക്ഷിതമായി ശക്തിയോടെയുള്ള എന്റെ കെട്ടിപ്പിടുത്തം അമ്മയെ നോവിപ്പിച്ചതായി തോന്നി .അച്ഛന്‍ പെട്ടെന്ന് വന്നു എന്നെ അമ്മയുടെ അടുത്ത് നിന്നും അകറ്റി കിടത്തി.ഞാന്‍ പിന്നെയും അമ്മയുടെ അടുക്കലെക്കമര്‍ന്നു കിടന്നു .അമ്മക്കെന്തോ ഒരസ്വസ്ഥത .അമ്മയുടെ വല്ലായ്മ കൂടിക്കൂടി വന്നു .ഒന്നുമറിയാതെ ഞാന്‍ പിന്നെയും മയങ്ങി .രാത്രിയിലെ മയക്കത്തിനിടയില്‍ ആരൊക്കെയോ വീട്ടില്‍ വന്നു പോകുന്നതായി ഞാനറിഞ്ഞു .എന്തായാലും അമ്മ എന്റെ അടുത്തില്ല .



അടുത്ത രാവിലെ ആയി.അപ്പോഴാണറിഞ്ഞത് അമ്മ ആശുപത്രിയില്‍ ആണ്.അമ്മക്കെന്തു പറ്റി? ഞാന്‍ ആലോചിച്ചു .എന്നെ രാത്രിയില്‍ ഒറ്റക്കുപെക്ഷിച്ചു പോയ അമ്മക്ക് അസുഖം വന്നത് ദൈവം കൊടുത്ത ശിക്ഷയാണെന്ന് ഞാന്‍ വിചാരിച്ചു .



അടുത്ത ദിവസം അമ്മ ഹോസ്പിറ്റെലില്‍ നിന്നും വീട്ടിലേക്കു വന്നു.ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്നും മാറിയില്ല.എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ ഞാനുണ്ടായി .അന്നത്തെ ദിവസം ഞാന്‍ അമ്മയുടെയും അച്ഛന്റെയും നടുവില്‍ കിടന്നു സുഖമായുറങ്ങി .അമ്മക്ക് സുഖമില്ലെന്ന മുന്നറിയിപ് തന്നിട്ടുള്ളതിനാല്‍ ഞാന്‍ അമ്മയെ അന്ന് മെല്ലെയേ എന്റെ കൈകള്‍ കൊണ്ട് വരിഞ്ഞുള്ളൂ ..അമ്മയുടെ നെഞ്ചിലെ ചൂടേറ്റു ഞാനന്ന് പെട്ടെന്ന് ഉറക്കം പിടിച്ചു .



ദിവസങ്ങള്‍ക്കു ശേഷം , ഞാനും അമ്മയും പിന്നെയും ഒറ്റക്കായി .അച്ഛന്‍ വിദേശത്തേക്ക് പറന്നകന്നു .






പിന്നെയും എന്റെത് മാത്രമായി എന്റെ അമ്മ ..ഇടയ്ക്കിടെ ബന്ധുമിത്രാധികള്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു വന്നു പോയി ..ആയിടെ എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ വീട്ടില്‍ വന്നു .കുറെ സമയം ഞങ്ങളൊരുമിച്ചു കളിച്ചു .ഒടുവില്‍ എന്നത്തേയും പോലെ എന്തോ പറഞ്ഞു വഴക്കിട്ടു ..ഞങ്ങളുടെ പിണക്കം കളി തമാശകളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു .”നീ എന്റെ കുഞ്ഞനുജനെ കൊന്നില്ലേടി ” എന്ന ചോദ്യം എന്നെ ഒന്ന് നടുക്കി ..






അപ്പുവണ്ണന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ഞാന്‍ കുറെ നാളെടുത്തു .എല്ലാം കൂട്ടിവായിച്ചപോള്‍ ഞാന്‍ കൊലപാതകി ആണെന്ന ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി ..അറിയാതെ ആണെങ്കിലും ഞാന്‍ ഒരു ജീവനെ ഇല്ലാതാക്കിയെന്ന ബോധം എന്നെ അന്നേറെ വേദനിപ്പിച്ചു ..എങ്കിലും ഒരു കൊല ചെയ്ത കൊലപാതകിക്ക് ഏറെ കഴിഞ്ഞെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്ന ഒരു തിരിച്ചറിവ് എനിക്കിന്നാള്‍ വരെ ഉണ്ടായിട്ടില്ല ..ഒരു കൊലപാതകിയുടെ മനസ്സില്‍ പതുങ്ങിയിരിക്കുന്ന ക്രൂരത ഏറെ നാള്‍ കഴിഞ്ഞെങ്കിലും അസ്തമിച്ചു പോകില്ലേ ? പക്ഷെ ഞാനെന്നെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .






ഏറെ നാള്‍ കഴിഞ്ഞു .ഇന്ന് 2010 ആഗസ്റ്റ്‌ മാസം, തീയതി 6.






ഇന്നിപ്പോ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് . ഇന്നും ഞങ്ങളുടെ വീട്ടിലെ പിണക്കങ്ങള്‍ക്ക്‌ കാരണം ഞാനാണ് ..സ്നേഹത്തിനെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് തിട്ടപ്പെടുത്തി വഴക്കുണ്ടാക്കുന്ന ആ പണ്ടത്തെ സ്വഭാവത്തിന് എനിക്കിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല .ഈ ലോകത്തിലെ എല്ലാ നന്മ തിന്മകളെയും ശരി തെറ്റുകളെയും മനസ്സിലാക്കേണ്ട പ്രായം ഒക്കെ അതിക്രമിച്ചിരിക്കുന്നു . എന്നിട്ടും എനിക്ക് എന്റെ അമ്മ എന്റെ മാത്രമാണെന്ന സ്വാര്‍ത്ഥ ബോധത്തിനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഇത് വരെ സാധിച്ചിട്ടില്ല ..


5 comments:

  1. pollunna sathyangal ath mattullavare vedanippikkille?kaipu niranja ormakalude thikattal aarkkum eshtamallalo..............

    ReplyDelete
  2. സ്വാര്‍തത കുറച്ചൊക്കെ വേണം അത് നമ്മള്‍ക് തിരിച്ചറിവ് ഉണ്ടാകും വരെ മാത്രം... അതിനു ശേഷം നാം ഒരിക്കലും സ്വര്തരകരുത് കാരണം നാളെ നമ്മളും അച്ഛനോ അമ്മയോ ആകേണ്ട വരാണ്. ചെരുപത്തില്‍ എനിക്കും ഉണ്ടായിരുന്നു ഇതെല്ലാം ഒരു അനിയന്‍ ഉണ്ടായി കഴിഞ്ഞപോള്‍ എല്ലാം മാറി.

    ReplyDelete
  3. തന്റെ പോസ്ടുകളിലെല്ലാം നിഴലിച്ചു നിന്ന വിഷയം തന്റെ ഒടപ്പെടലാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന വിഷയം പല തവണ പറഞ്ഞു. അതിനു അറിയാതെ എങ്കിലും താന്‍ കാരണക്കാരി ആണെന്ന അപ്രിയ സത്യം ഇവിടെ വിളിച്ചു പറഞ്ഞപ്പോള്‍, വായിച്ചു തീര്‍ത്ത എന്റെ ഉള്ളിന്റെ ഉള്ളിലും ഒരിത്തിരി നനവ്‌ പൊടിഞ്ഞു. കുഞ്ഞു നാളില്‍ സ്നേഹത്തിന്റെ മുന്നില്‍ നമ്മളെല്ലാരും സ്വാര്ത്തരായിട്ടുണ്ട്. ആ സ്വാര്‍ഥത ഇങ്ങനെ യുമാകും എന്ന് ഞാന്‍ ആദ്യം ചിന്തിച്ചത് ' എന്റെ വീട് അപ്പൂന്റെം കണ്ടപ്പോഴാണ്. ഇപ്പോള്‍ ഭാഗ്യയുടെ കഥ കൂടി വായിച്ചപ്പോള്‍.......

    ആരും പറയാന്‍ മടിക്കുന്ന വേദനകളും സങ്കടങ്ങളും വിഷമങ്ങളും ഇങ്ങനെ തുറന്നെഴുതാന്‍ ബൂലോകത്ത് താനേ ഉള്ളൂ..

    ReplyDelete
  4. ഒരിക്കലും ഒറ്റക്കല്ലല്ലോ അച്ഛനും അമ്മയും ഉണ്ട് സ്നേഹമുള്ള അവര്‍ കുട്ടിക്ക് വേണ്ടിയല്ലേ ജീവിക്കുന്നെ ?

    ReplyDelete
  5. കൊള്ളാമെടോ. നീ ഇത്രെയും നാളായിട്ട് ഇത് പറഞ്ഞിട്ടില്ലല്ലോ....നിന്റെ ബ്ലോഗുകള്‍ കലക്കുന്നുണ്ട്.എല്ലാത്തിനകത്തും ഒറ്റപെടല്‍ ആണല്ലോ വിഷയം ........

    ReplyDelete